X

വെളുപ്പിക്കാന്‍ ബാങ്ക് മാനേജര്‍മാരും; ഒരു കോടിക്ക് 25 ലക്ഷം കമ്മീഷന്‍

എപി താജുദ്ദീന്‍/കണ്ണൂര്‍

ബാങ്കുകളിലെത്തുന്ന കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കാന്‍ ബാധ്യസ്ഥരായ ബാങ്കുമാനേജര്‍മാരും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം. ചില സ്വകാര്യ, ഷെഡ്യൂള്‍ഡ് ബാങ്കുമാനേജര്‍മാരാണ് കള്ളപ്പണത്തിന് പകരം പുതിയ കറന്‍സി നല്‍കി കള്ളപ്പണക്കാരെ സഹായിക്കുന്നത്. ഒരു കോടിക്ക് 25 ലക്ഷം രൂപയാണ് ഇതിന് കമ്മീഷനായി ഈടാക്കുന്നത്. ഇതില്‍ അഞ്ച് ലക്ഷം സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കുന്നതായും അറിയുന്നു. 500, 1000 നിരോധിച്ച ദിവസം മുതല്‍ ലക്ഷങ്ങള്‍ വെളുപ്പിച്ചു തുടങ്ങിയ ഇവര്‍ 2000 രൂപ പുറത്തിറങ്ങിയതോടെ അത് കോടികളാക്കി ഉയര്‍ത്തുകയായിരുന്നു. വിജിലന്‍സോ ആദായനികുതി വകുപ്പോ ഇതുവരെ കേരളത്തില്‍ ഈ തട്ടിപ്പ് കണ്ടെത്തിയിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ ചെന്നൈ ബ്രാഞ്ചില്‍ മാത്രമാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടായത്.

പ്രധാനമായും മൂന്നു മാര്‍ഗ്ഗത്തിലൂടെയാണ് മാനേജര്‍മാര്‍ കള്ളപ്പണത്തിന് പകരം പുതിയ കറന്‍സി നല്‍കുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 4500 രൂപയുടെ പഴയനോട്ട് മാറാവുന്ന ദിവസങ്ങളില്‍ 500ഉം 1000 ഉം മാത്രം മാറ്റിവാങ്ങുന്നവരുടെ അപേക്ഷയിലെ സംഖ്യ 4500 ആക്കി തിരുത്തിയായിരുന്നു ഇത്. അന്ന് 4500 മാറ്റിനല്‍കാന്‍ അനുവാദമുണ്ടായിട്ടും പല ബാങ്കുകളും രണ്ടായിരം മുതല്‍ നാലായിരം രൂപ വരെ മാത്രമേ നല്‍കിയിരുന്നുള്ളൂ. ഇങ്ങനെ ഓരോ ഇടപാടിലും കുറവു വരുത്തിയ തുക കള്ളപ്പണക്കാര്‍ക്ക് പഴയ കറന്‍സിക്ക് പകരം പുതിയ കറന്‍സി നല്‍കാന്‍ ഉപയോഗിക്കുകയായിരുന്നു. റിസര്‍വ്വ് ബാങ്ക് ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഒരു ദിവസം മാറ്റിവാങ്ങാവുന്ന പരമാവധി തുക രണ്ടായിരമായി കുറച്ചത്.

വോട്ടര്‍പട്ടികയോ ആധാറോ ഡൗണ്‍ലോഡ് ചെയ്ത് അതിലെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗപ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ വഴി. ഇത് ഉപയോഗിച്ച് നോട്ട് മാറ്റി നല്‍കിയതായി വ്യാജരേഖ സൃഷ്ടിക്കുന്നു. കൂടാതെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് നല്‍കിയ ആധാര്‍ കോപ്പികളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഇത്തരം വ്യാജ രേഖ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നതിന്റെ പ്രതിഫലം കൂടിയാണ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വിഹിതം.

കള്ളപ്പണക്കാരുടെ പഴയ നോട്ടുകള്‍ക്ക് പകരം ബാങ്കിലെ രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ യാതൊരു രേഖയുമില്ലാതെ നല്‍കിയുള്ള ഇടപാടുകളും നടന്നിട്ടുണ്ട്. ക്ലോസിംഗ് ബാലന്‍സ് കൃത്യമാണെങ്കിലും അതിന്റെ ഡിനോമിനേഷനുകളില്‍ തിരുത്തല്‍ വരുത്തിയാണ് ഇത് ചെയ്യുന്നത്. ഇത്തരം ഇടപാടുകള്‍ അതതു ബാങ്കുകളുടെ ഹെഡ് ഓഫീസുകള്‍ അറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മാനേജര്‍മാര്‍ കൈപ്പറ്റുന്ന കമ്മീഷന്റെ വിഹിതം മുകള്‍ത്തട്ടിലേക്കും വീതിക്കപ്പെടുന്നതായി സംശയമുണ്ട്. ഓരോ ഇടപാടും സെര്‍വര്‍ രേഖപ്പെടുത്തുമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് നോട്ടു മാറുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനത്തോടെ സെര്‍വര്‍ വ്യാജഭീഷണിയാണെന്ന് വ്യക്തമായി. അതോടെയാണ് വന്‍തോതില്‍ കള്ളപ്പണം പുത്തന്‍ കറന്‍സിയായി മാറിത്തുടങ്ങിയത്. കാസര്‍കോട്ടും ആലുവയിലും പിടികൂടിയ ലക്ഷങ്ങളുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍
ബാങ്കുമാനേജര്‍മാര്‍ കമ്മീഷന്‍ പറ്റി മാറ്റി നല്‍കിയതാവാനാണ് സാധ്യത.

chandrika: