വെയിലിന്റെ കാഠിന്യത്തിലും സാമാന്യം നല്ല കാണികള്‍, ആദ്യ മല്‍സരത്തിന്റെ അസ്‌കിതയിലും മൂന്ന് ഗോളുകളുമായി ഉസ്മാനും സംഘവും-സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങളുടെ ആദ്യദിനം മോശമായില്ല. കളിയെ പഠിച്ചവര്‍ പറഞ്ഞിരുന്നു കര്‍ണാടകയെ തോല്‍പ്പിക്കാന്‍ ആന്ധ്രക്കാര്‍ക്കാവില്ലെന്ന്. പക്ഷേ ചന്ദ്രബാബു നായിഡുവിന്റെ നാട്ടുകാര്‍ ഫുട്‌ബോളില്‍ വിലാസമുള്ള കര്‍ണാടകയെ കെട്ട് കെട്ടിക്കുന്നത് കണ്ട് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ താരങ്ങള്‍ പക്ഷേ കാണികളും കേരളത്തിന്റെ ഒമ്പതാം നമ്പറുകാരന്‍ ജോബി ജസ്റ്റിനും നായകന്‍ ഉസ്മാനുമാണ്.
നട്ടുവെയിലില്‍-അതായത് 1-45 ന് ആദ്യ മല്‍സരം തുടങ്ങിയപ്പോള്‍ പടിഞ്ഞാറേ ഗ്യാലറി നിറഞ്ഞിരുന്നു. കേരളത്തിന്റെ മല്‍സരം നാലിന് ആരംഭിക്കുമ്പോള്‍ നല്ല കാണികളായി-ബാന്‍ഡ് മേളങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. ഒരു വര്‍ഷം മുമ്പ് സേട്ട് നാഗ്ജി മല്‍സരങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ ഫഌ്‌ലൈറ്റുകളുടെ അകമ്പടിയില്‍ നടത്തിയിട്ടും ഇത്രയും കാണികളുണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴാണ് നമ്മുടെ ഫുട്‌ബോള്‍ പ്രിയതയുടെ യഥാര്‍ത്ഥ ആഴം മനസ്സിലാവുക. കേരളത്തിന്റെ കുട്ടികള്‍ കാണികളെ നിരാശപ്പെടുത്തിയില്ല.
ലഭിച്ച പതിനൊന്ന് നല്ല അവസരങ്ങളില്‍ മൂന്ന് ഗോളുകള്‍. ജോബി ജസ്റ്റിന്‍ എന്ന തിരുവനന്തപുരത്തുകാരന്‍ മുന്‍നിരയില്‍ പറന്ന് കളിച്ചു-വെയിലിന്റെ തലവേദന വേഗതയില്‍ ജോബി പ്രകടിപ്പിച്ചില്ല. മല്‍സരാവസാനത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നത് വരെ അവിശ്രമ പോരാട്ടം. നല്ല ഒരു ഗോളും. അനുഭവസമ്പത്തിന്റെ ശക്തി ഉസ്മാനിലുണ്ടായിരുന്നു. വേഗതയില്‍ തിടുക്കമില്ലാതെ ലഭിക്കുന്ന പന്തുകളെ ഭദ്രമായി ഉപയോഗിക്കാനുള്ള മിടുക്കിലായിരുന്നു രണ്ട് ഗോളുകളും. വി.പി ഷാജിയിലെ പരിശീലകന്റെ തന്ത്രങ്ങളും ഫലവത്തായി. ഷിബിന്‍ലാല്‍, ഫിറോസ് തുടങ്ങി അനുഭവസമ്പന്നരെ തുടക്കത്തില്‍ തന്നെ മൈതാനത്തിറക്കാതെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനുളള പദ്ധതിക്ക് പിറകിലെ കെമിസ്ട്രി പോണ്ടിക്കാര്‍ ദുര്‍ബലരാണെന്നതായിരുന്നു. പക്ഷേ അത്ര ദുര്‍ബലരായിരുന്നില്ല പുതുച്ചേരിക്കാര്‍-വിശിഷ്യാ അവരുടെ ഗോള്‍ക്കീപ്പര്‍ ഡാനിയല്‍ റോക്ക്.
പ്രതിരോധം പിളര്‍ന്നപ്പോഴെല്ലാം ഡാനിയല്‍ രക്ഷകന്റെ റോളില്‍ കരുത്ത് കാട്ടി. പോണ്ടി മുന്‍നിരക്കാര്‍ക്ക് കേരളത്തിന്റെ ഡിഫന്‍ഡര്‍മാരായ നജേഷിനെയും ലിജോയെയും ശ്രിരാഗിനെയും രാഹുലിനെയും മറികടക്കാനുമായില്ല.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടി ഫൈനല്‍ റൗണ്ട് ഉറപ്പിക്കുക എന്ന ദൗത്യത്തില്‍ പാതി പിന്നിട്ട കേരളത്തിന് പേടി കര്‍ണാടകയെയായിരുന്നു. പക്ഷേ കര്‍ണാടകക്കാര്‍ ആന്ധ്രക്കാര്‍ക്ക് മുന്നില്‍ തല കുനിച്ചതോടെ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയാണ്. സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ ചെറിയ കാശ് കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. സ്‌പോണ്‍സര്‍മാര്‍ പാടില്ലെന്ന് ഫെഡറേഷന്‍ നിഷ്‌കര്‍ഷിച്ചത് കാരണം ചില്ലറ ചെലവുകള്‍ പോലും പ്രശ്‌നമായിട്ടും കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കൈമെയ് മറന്ന് രംഗത്തിറങ്ങി. ചായയും ബോണ്ടയുമായിട്ടാണെങ്കില്‍ പോലും അതിഥികളെ സല്‍ക്കരിച്ചു. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടിനെ വഴിക്ക് കണ്ടില്ലെങ്കിലും സെക്രട്ടറി അനില്‍ കുമാര്‍ സജീവമായി രംഗത്തുണ്ട്. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മന്ത്രി ടി.പി രാമകൃഷ്ണനിലെ ഫുട്‌ബോള്‍ പ്രേമി കാണികളെയും വെയിലിനെയും മനസ്സിലാക്കി രണ്ടേ രണ്ട് മിനുട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചും മാതൃകയായി. ആശംസകള്‍ക്ക് ആരെയും നിയോഗിക്കാതെ മാച്ച് കമ്മീഷണറെ സംഘാടകര്‍ ബഹുമാനിച്ചതും നന്നായി.