X

വൃദ്ധ കർഷക ദമ്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ഭരണകൂടം

ജോസഫും ഭാര്യ ഏലിക്കുട്ടിയും സമരപ്പന്തലിൽ

സർക്കാർ ഏറ്റെടുത്ത കൈവശഭൂമിയുടെ വിലകിട്ടാൻ 80 വസ്സ് പിന്നിട്ട ദമ്പതികൾ നടത്തുന്ന സമരം കണ്ടഭാവം നടിക്കാതെ അധികൃതർ. വയനാട് ജില്ലയിലെ വൈത്തരി താലൂക്ക് ഓഫീസ് പടിക്കൽ വൃദ്ധ കർഷക ദമ്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ജില്ലാ ഭരണകൂടം നിസംഗത തുടരുകയാണ്. ബാണാസുരസാർ ജലസേചന പദ്ധതിക്കായി ഉപയോഗപ്പെടുത്തിയ അഞ്ചേക്കർ കൈവശഭൂമിയുടെ വിലയും കുഴിക്കൂർ ചമയങ്ങളുടെ നഷ്ടത്തിനു പരിഹാരവും ആവശ്യപ്പെട്ടു പൊഴുതന സേട്ടുകുന്നിലെ മൈലാക്കൽ ജോസഫും(86), ഭാര്യ ഏലിക്കുട്ടിയും (80) കഴിഞ്ഞ തിങ്കളാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തെയാണ് അധികാരികൾ അവഗണിക്കുന്നത്. സമരം തുടങ്ങി ഇത്രയും നാളുകളായിട്ടും ഉത്തരവാദപ്പെട്ട അധികാരികൾ ചർച്ചയ്ക്കുപോലും തയാറായിട്ടില്ലെന്നു ജോസഫ് പറഞ്ഞു. വനം, റവന്യൂ, വൈദ്യുതി വകുപ്പു ജീവനക്കാരിൽ ചിലർ സമരപ്പന്തൽ പരിസരത്തു തല കാണിക്കന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിനു നീക്കമില്ല.

1976 മുതൽ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ൽ ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. തരിയോട് നോർത്ത് വില്ലേജിൽ 1981ൽ മറ്റു 10 പേരുടെ ഭൂമിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തിയതിൽ ഉൾപ്പെടും. ഇതിൽ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവർക്കു ഭൂവിലയും നഷ്ടപരിഹാരവും ലഭിച്ചു. കൈവശമുണ്ടായിരുന്നതു നിക്ഷിപ്ത വനഭൂമിയുടെ ഭാഗമാണെന്ന വാദം ഉന്നയിച്ചാണ് ജോസഫിനു ഭൂവിലയും നഷ്ടപരിഹാരവും നിഷേധിച്ചത്. ബന്ധു മുഖേന കൈവശമെത്തിയ ഭൂമിക്കു പട്ടയം നേടുന്നതിനു ജോസഫ് കൽപ്പറ്റ ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല. വനം വകുപ്പിന്റെ തടസവാദമാണ് ഇതിനും കാരണമായത്.

വയനാട് സംരക്ഷണ സമിതി, കാർഷിക പുരോഗമന സമിതി, ഫാർമേഴ്‌സ് റിലീഫ് ഫോറം, കർഷക സംരക്ഷണ സമിതി, കർഷക പ്രതിരോധ സമിതി, ഓൾ ഇന്ത്യാ ഫാർമേഴ്‌സ് അസോസിയേഷൻ, വയനാട് പൈതൃക സംരക്ഷ കൂട്ടായ്മ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, കേരള ആദിവാസി ഫോറം എന്നീ സംഘടനകൾ വൃദ്ധദമ്പതികളുടെ സമരത്തിനു ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സത്യഗ്രഹത്തെ അധികൃതർ അവഗണിക്കുന്ന സാഹചര്യത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു സമരത്തിനുള്ള പിന്തുണ ശക്തമാക്കാനാണ് ഈ സംഘടനകളുടെ തീരുമാനം.

adil: