ലണ്ടന്‍: എട്ടു ദിവസത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്നാം തോല്‍വി. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോസെ മൗറീഞ്ഞോയുടെ സംഘം മുട്ടുടമക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയോടും യൂറോപ്പ ലീഗില്‍ ഫെയ്‌നൂര്‍ദിനോടും തോറ്റതിനു പിന്നാലെയാണ് വികരാഗെ റോഡില്‍ വാറ്റ്ഫഡിനു മുമ്പിലും ഇംഗ്ലീഷ് പ്രതാപികള്‍ തലതാഴ്ത്തിയത്.
34-ാം മിനുട്ടില്‍ ബോക്‌സിന്റെ വക്കില്‍ നിന്ന് എത്യെന്നെ കാര്‍പൂയെ വാറ്റ്ഫഡിനെ മുന്നില്‍ കടത്തി. മാര്‍കസ് റാഷ്‌ഫോര്‍ഡ് 62-ാം മിനുട്ടില്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എന്നാല്‍, പകരക്കാരനായി വന്ന് 83-ാം മിനുട്ടില്‍ കൊളംബിയന്‍ താരം കാമിലിയോ സുനിഗയും ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കില്‍ നിന്ന് ട്രോയ് ഡീനേയും ഗോളടിച്ചതോടെ യുണൈറ്റഡിന്റെ കഥകഴിഞ്ഞു. സ്ലാട്ടന്‍ ഇബ്രാഹിമോവിച്, പോള്‍ പോഗ്ബ, വെയ്ന്‍ റൂണി തുടങ്ങിയ പ്രമുഖരെല്ലാം ആദ്യ ഇലവനില്‍ തന്നെ കളിച്ചിട്ടും യുണൈറ്റഡിന് പിടിച്ചുനില്‍ക്കാനായില്ല.
അഞ്ചു കളികളില്‍ ഒമ്പതു പോയിന്റുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. ജയത്തോടെ ആഴ്‌സനല്‍, ചെല്‍സി, ലിവര്‍പൂള്‍ ടീമുകളെ ഒറ്റയടിക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് മൗറീഞ്ഞോയും കുട്ടികളും കൈവിട്ടത്. പതിനഞ്ച് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. എവര്‍ട്ടണ്‍ 13 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. പത്തു പോയിന്റ് വീതം നേടി ആഴ്‌സനല്‍, ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.