X

വീട് കത്തുമ്പോള്‍ കിണര്‍ കുഴിക്കരുത്

മഴക്കുറവ് മൂലം കഴിഞ്ഞ ദിവസം കേരളത്തെ മുഴുവനായും സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കയാണ്. സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ഭീതിപ്പെടുത്തുന്ന സൂചനകളാണ് വരുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 1170 മില്ലി മീറ്റര്‍ മഴയുള്ളപ്പോള്‍ സംസ്ഥാനത്ത് മൂവായിരം മില്ലിമീറ്റര്‍ മഴയാണ് കിട്ടിയിരുന്നത്. ഇതില്‍ ഇത്തവണ 34 ശതമാനം കുറവാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മാത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തുലാ വര്‍ഷത്തിലും 69 ശതമാനം കുറവുണ്ടായി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 2039.7 മി.മീറ്റര്‍ കിട്ടേണ്ട സ്ഥാനത്താണ് 1352.3 മി. മീറ്ററായി കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാമത്തെ കൊല്ലമാണ് മഴ കുറയുന്നത.് 202ല്‍ 81, 2004ല്‍ 87, 2009ല്‍ 79, 2014ല്‍ 88 ശതമാനം മഴ മാത്രമാണ് കേരളത്തിന് ലഭിച്ചത്.

വരള്‍ച്ചാ പ്രതിഭാസം കേരളത്തിനിന്ന് പുത്തരിയല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി മഴക്കുറവ് തുടര്‍ച്ചയായി കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഇതു മുന്നില്‍ കണ്ടുള്ള നടപടികള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ജല സംരക്ഷണത്തിന് അടിയന്തിര നടപടികള്‍ തുടങ്ങേണ്ട സമയത്താണ് പ്രഖ്യാപനങ്ങള്‍ കൊണ്ട് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നത്. അര നൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇത്രയും കടുത്ത വരള്‍ച്ച ഉണ്ടാകുന്നത്. മലകളും കാടുകളുമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്-74 ശതമാനം. എല്‍നീനോ പ്രതിഭാസമാണ് 2014ലും 2015ലും മഴ കുറയാന്‍ കാരണമായതെങ്കില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഈ വര്‍ഷം തെക്കേ ഇന്ത്യയില്‍ മഴ കുത്തനെ കുറഞ്ഞത്.

40 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതെ ഉഴലേണ്ട അവസ്ഥ സാധാരണ ഗതിയില്‍ തന്നെ ഉള്ളപ്പോള്‍ വരള്‍ച്ചകൂടി ആസന്നമാകുന്ന സ്ഥിതിക്ക് എങ്ങനെയാണ് നമുക്ക് ഈ ദുരന്തത്തെ അതിജീവിക്കാനാകുക. ഇതുമൂലം കൊടുംചൂടും കുടിവെള്ള ക്ഷാമവും മാത്രമല്ല കടുത്ത ഭക്ഷ്യപ്രതിസന്ധിയെയും നേരിടേണ്ടിവരും. തുലാ വര്‍ഷം ഇതിനകം ആരംഭിച്ചെങ്കിലും പതിവു മഴയുണ്ടാവില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഫലത്തില്‍ വരുന്ന അഞ്ചു മാസമെങ്കിലും കൊടും വരള്‍ച്ചയില്‍ കേരളം അമരും. 44 നദികളും കായലുകളും കുളങ്ങളുമുള്ള കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മഴയാണ് ലഭിക്കാറുള്ളത്. ഈ വെള്ളത്തെ ശാസ്ത്രീയമായ ജല സംരക്ഷണ രീതികളും ജല ഉപയോഗവും കാരണം തടഞ്ഞുനിര്‍ത്തി ഭാവിയിലേക്ക് കാത്തുവെക്കാന്‍ നമുക്കാകാതെ പോകുന്നു.

ഭാരതപ്പുഴയടക്കം മിക്കതും ഇതിനകം വറ്റിവരണ്ടു. മിക്ക കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി. അണക്കെട്ടുകളിലും ശരാശരി 22 ശതമാനം വെള്ളക്കുറവാണ് അനുഭവപ്പെടുന്നത്. ഏതാണ്ടെല്ലാ ഡാമുകളിലും വിരലിലെണ്ണാവുന്ന ദിവസത്തേക്കുള്ള വെള്ളമാണുള്ളത്. ഇടുക്കിയില്‍ 43 ശതമാനം മാത്രം. ഏറ്റവുമധികം വെള്ളം ആവശ്യമുള്ള സംസ്ഥാനത്തെ നെല്‍ കൃഷി രണ്ടു ഹെക്ടറില്‍ താഴെ മാത്രമാണിപ്പോള്‍. മറ്റു വിളകളുടെ കാര്യം പറയാനുമില്ല. ഈ വര്‍ഷം നെല്‍ വര്‍ഷമായി ആചരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പോയിട്ട് കുടിവെള്ളം തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ജനം.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ജല സംരക്ഷണത്തിനും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. ഉദ്യോഗസ്ഥരുടെ പതിവു രീതി അനുസരിച്ച് നീങ്ങിയാല്‍ അടുത്ത വര്‍ഷമേ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കപ്പെടൂ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വെള്ളം കിട്ടുന്നുണ്ടല്ലോ എന്നാവും മിക്ക കേന്ദ്ര വരള്‍ച്ചാ പരിശോധക സംഘത്തിന്റെയും വിലയിരുത്തല്‍. തടയണകള്‍ കെട്ടല്‍, കുളങ്ങള്‍ നവീകരിക്കല്‍ തുടങ്ങിയവ പതിനൊന്നാം മണിക്കൂറില്‍ ചെയ്യേണ്ടതല്ല. വൈകാതെ തന്നെ സംസ്ഥാനമന്ത്രിമാര്‍ ഡല്‍ഹി സന്ദര്‍ശിച്ച് രൂക്ഷത ബോധ്യപ്പെടുത്തണം.

തമിഴ്‌നാട്ടില്‍ നിന്ന് -പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം നേടിയെടുക്കേണ്ട 7.25 ടി.എം.സി വെള്ളം പോലും വാങ്ങിയെടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കുടിവെള്ളത്തിനും ചിറ്റൂര്‍ മേഖലയിലെ കാല്‍ ലക്ഷം ഏക്കറിലെ നെല്‍ കൃഷിക്കും ഭീഷണി നേരിടുകയാണ്. 2012-13 ലെ കടുത്ത വേനലില്‍ കേരളത്തിന് 5.6 ടി.എം.സി ജലം തന്നപ്പോള്‍ തമിഴ്‌നാട് ഒരു കുറവുമില്ലാതെ ജലമെടുത്തതായാണ് കണക്കുകള്‍ കാണിക്കുന്നത്. നെല്‍ കൃഷി കഴിയാത്തയിടങ്ങളില്‍ വെള്ളം കുറവു വേണ്ട കടല, ഇഞ്ചി മുതലായ കൃഷികള്‍ പ്രോല്‍സാഹിപ്പിക്കണം. വീടുകളിലും ഓഫീസ് -വാണിജ്യ കെട്ടിടങ്ങളിലും മഴവെള്ള സംഭരണത്തിനും സംവിധാനമൊരുക്കണം.
ഇപ്പോള്‍ തന്നെ കടം കൊണ്ട് വീര്‍പ്പുമുട്ടുന്ന കര്‍ഷകന് വരള്‍ച്ച കണക്കിലെടുത്ത് ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണി ഒഴിവാക്കി കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി ഉണ്ടാകണം. കുഴല്‍ കിണറുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അവ കുഴിക്കാനുള്ള നടപടികള്‍ ഫയലില്‍ കുരുങ്ങി നിവര്‍ന്നുവരുമ്പോള്‍ മാസങ്ങളെടുക്കുന്നതാണ് പതിവ്. കുഴല്‍ കിണറുകള്‍ മോട്ടോറും വൈദ്യുതി കണക്ഷനും ഇല്ലാതെ കിടക്കുന്ന എത്രയോ അനുഭവങ്ങളാണ് മുന്നിലുള്ളത്. കമ്മീഷന്‍ പറ്റാനുള്ള ഏര്‍പ്പാടായും വരള്‍ച്ചയെ കാണുന്നവരുണ്ട്്. വീട് കത്തുമ്പോള്‍ കിണര്‍ കുഴിക്കുന്ന അവസ്ഥയുണ്ടാവരുത്. വൈദ്യുതി ക്ഷാമവും രൂക്ഷമാകാനാണിട.

നിലവില്‍ തന്നെ വര്‍ഷം 2700 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് 1469 മെഗാവാട്ട് വൈദ്യുതിയേ കേരളത്തിന് ഉല്‍പാദിപ്പിക്കാനാകുന്നുള്ളൂ. കേന്ദ്ര ഗ്രിഡില്‍ നിന്നും മറ്റും വാങ്ങിയാലും 10.6 ശതമാനത്തിന്റെ കുറവ് ഈ വര്‍ഷം ഉണ്ടാകും. ഇത് കടുത്ത ചൂടിനിടെ പവര്‍ കട്ടിനും കാരണമാകും. വളര്‍ത്തു-വന്യ മൃഗങ്ങളുടെ ജീവിതവും ദുസ്സഹമാകും. സര്‍ക്കാര്‍ -കുടുംബ ബജറ്റുകള്‍ താളം തെറ്റും.കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂടാണ് പാലക്കാട്ട് രേഖപ്പെടുത്തിയത്-41.9 ഡിഗ്രി സെല്‍ഷ്യസ്. 1987നുശേഷമാണ് ഇത്രയും ചൂട് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഡസനോളം സൂര്യാതപ മരണവുമുണ്ടായി.

ഇത്തവണ ചൂട് അതിലും കൂടിയാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ചൂടു കൂടുന്നതിന് ഒരു കാരണം വയലുകള്‍ തരിശിട്ടതാണ്. നെല്ലറ വരളുന്നത് കടുത്ത വിലക്കയറ്റത്തിനും വഴിവെക്കും. അന്യ സംസ്ഥാനത്തുനിന്നുള്ള വിഷ ധാന്യം പോലും വരാതായാല്‍ പട്ടിണി മരണം പോലും നാം കേള്‍ക്കേണ്ടിവരും. ഇതോടൊപ്പം ജനങ്ങളും വരള്‍ച്ച നേരിടുന്നതിനുള്ള മുന്‍കരുതലെടുക്കേണ്ടതുണ്ട്. പാവങ്ങള്‍ ഒരു കുപ്പി വെള്ളത്തിന് നെട്ടോട്ടമോടുമ്പോള്‍ കണ്ടിടത്തൊക്കെ മരങ്ങള്‍ വെട്ടി കോണ്‍ക്രീറ്റ് വിരിച്ച് മഴവെള്ളം ഭൂമിയിലേക്ക് ഇറക്കാതെയും കുടിവെള്ളം കൊണ്ട് വാഹനം കഴുകുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. കാലത്തിന്റെ ഈ വിളിയാളം ശ്രവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

chandrika: