X
    Categories: Culture

വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം; പോര് മുറുകുന്നു

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ച വി.എസ് അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍ ഭിന്നത തുടരുന്നു. അഡീഷണല്‍ പി.എ ആയി തന്റെ വിശ്വസ്തന്‍ വി.കെ ശശിധരനെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്റെ ശിപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തള്ളിയിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിന്റെ അംഗസംഖ്യ 13 ആയി നിശ്ചയിച്ചിരുന്നെങ്കിലും വി.എസ് 20 പേരുടെ പട്ടികയാണ് ണല്‍കിയത്. ഇതു തള്ളിയ സെക്രട്ടറിയേറ്റ് പുതുക്കിയ പട്ടിക ണല്‍കാന്‍ വി.എസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വി.എസ് ഇതുവരെയും പുതുക്കിയ പട്ടിക ണല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ലെങ്കിലും വി.എസ് തന്റെ യാത്രകള്‍ ഔദ്യേഗിക വാഹനത്തിലാക്കി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ച 77ാം നമ്പര്‍ ടൊയോട്ട കൊറോള കാറാണ് ഇപ്പോഴും അനുവദിച്ചത്. ശനിയാഴ്ച തിരുവല്ലയില്‍ നടന്ന മന്ത്രി മാത്യു ടി. തോമസിന്റെ മകളുടെ വിവാഹത്തിന് വി.എസ് എത്തിയത് ഔദ്യോഗിക വാഹനത്തിലായിരുന്നു. പൊലീസ് എസ്‌കോര്‍ട്ടുമുണ്ടായിരുന്നു. തമ്പുരാന്‍ മുക്കിലെ വാടകവീട്ടില്‍ താമസിക്കുന്ന വി.എസ് ഇന്നലെ, സര്‍ക്കാര്‍ അനുവദിച്ച കവടിയാര്‍ ഹൗസിലേക്ക് താമസം മാറി.

പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ കൂടുതല്‍ പേരുകള്‍ വി.എസ് നിര്‍ദേശിച്ചത് പരിഗണിക്കേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. ഭരണപരിഷ്‌കാര കമ്മീഷനെ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫീസിന്റെ സ്ഥലം സെക്രട്ടറിയേറ്റിന് പുറത്താക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് ചീഫ് സെക്രട്ടറിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.

വി.കെ ശശിധരന്റെയും സന്തോഷിന്റെയും പേര് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്. 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു വി.കെ ശശിധരന്‍. സി.പി.എം സംസ്ഥാന നേതൃത്വവുമായുള്ള വി.എസിന്റെ ഏറ്റുമുട്ടല്‍ കാലത്തെ വിഭാഗീയതയിലും വാര്‍ത്താചോര്‍ത്തലിലുംപെട്ടാണ് അദ്ദേഹം പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താകുന്നത്. യു.ഡി. എഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാന്‍ നേതൃത്വം പറയുന്നത്. ക്യാബിനറ്റ് പദവിയോടെ വി.എസ് സ്ഥാനം ഏല്‍ക്കുമ്പോള്‍ പാര്‍ട്ടി ശത്രുപക്ഷത്ത് നിര്‍ത്തിയവരാരും അദ്ദേഹത്തിന് ശക്തി നല്‍കാന്‍ ഒപ്പം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഗ്രഹിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്.

പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തിലും വീട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. പരമാവധി ചെലവ് ചുരുക്കിവേണം കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനെന്നും നേതൃത്വം വാദിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വി.എസിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തില്‍ ആവശ്യമുള്ളത് പിടിച്ചുവാങ്ങാനുള്ള ശേഷി വി.എസിനുണ്ടാകില്ല. അതുകൊണ്ടുതന്നെ കേന്ദ്ര നേതൃത്വത്തിന്റെ മുന്നില്‍ പരാതി പറഞ്ഞ് വി.എസ് പതിഷേധം പ്രകടിപ്പിക്കും.

Web Desk: