തിരുവനന്തപുരം: സി.പി.എം നേതൃത്വം ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാക്കി മൂലക്കിരുത്തിയ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന് കെണിയൊരുക്കി വിജിലന്‍സ്. അനുമതിയില്ലാതെയുള്ള വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം എന്നീ പരാതികളിന്മേല്‍ അരുണ്‍കുമാറിനെ പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും. വിജിലന്‍സ് അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം കേസെടുക്കുന്നതിന് നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തായിരിക്കും ഇനി തുടരന്വേഷണം നടത്തുക. കഴിഞ്ഞ ജൂണിലാണ് അന്വേഷണം പൂര്‍ത്തയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി നിയമോപദേശത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായിരിക്കെ ലണ്ടന്‍, മക്കാവു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അരുണ്‍കുമാര്‍ നടത്തിയ യാത്രകളും കയര്‍ഫെഡിന്റെ എം.ഡി സ്ഥാനത്തിരുന്നപ്പോഴുള്ള ക്രമക്കേടുകളുമാണ് അരുണിനെ കുടുക്കുന്നത്. അരുണിന്റെ സ്വത്തും വിദേശയാത്രക്ക് ചെലവായ തുകയും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അരുണ്‍കുമാര്‍ നടത്തിയ യാത്രകള്‍ പലതും സര്‍ക്കാരിന്റെ അനുമതിയില്ലാതെയായിരുന്നു. വിമാന ടിക്കറ്റ്, യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ പരിധിയില്‍ കവിഞ്ഞതായിരുന്നു. അരുണ്‍കുമാറിനു ലഭിച്ചിരുന്ന ശമ്പളവും ഡോക്ടറായ ഭാര്യയുടെ വരുമാനവും കുടുംബങ്ങളുടെ വിഭജിക്കാത്ത ഓഹരിയും വിജിലന്‍സ് പരിശോധിച്ചതില്‍ വരവും ചിലവും തമ്മില്‍ അന്തരമുണ്ടെന്നും കണ്ടെത്തിയിരുന്നു. കയര്‍ഫെഡ് എം.ഡിയായിരിക്കെ ഗോഡൗണ്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്നും കണ്ടെത്തിയിരുന്നു.