അങ്കാറ: അമേരിക്കയും തുര്‍ക്കിയും വിസകള്‍ റദ്ദാക്കി നയതന്ത്ര ഏറ്റുമുട്ടല്‍ തുടങ്ങി. യു.എസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ തുര്‍ക്കി പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു അമേരിക്ക വിസ റദ്ദാക്കിയത്. ഉടന്‍ സമാനമായ മറ്റൊരു പ്രസ്താവന ഇറക്കി തുര്‍ക്കിയും തിരിച്ചടിച്ചു.
നിലവില്‍ തുര്‍ക്കിയിലേക്ക് യാത്ര പുറപ്പെട്ട അമേരിക്കക്കാര്‍ക്ക് വിലക്ക് ബാധകമാകുമോ എന്ന് വ്യക്തമല്ല. കുടിയേറ്റേതര വിസകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരം, ചികിത്സ, ബിസിനസ്, പഠനം, താല്‍ക്കാലിക ജോലി എന്നിവയുമായെല്ലാം ബന്ധപ്പെട്ട വിസകള്‍ക്ക് നിരോധനം ബാധകമാകും.
കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇസ്തംബൂളിലെ യു.എസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ പിരിമുറുക്കം തുടങ്ങിയത്.
തുര്‍ക്കി പൗരനായ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അമേരിക്ക പറയുന്നു.
1960കള്‍ക്കുശേഷം ആദ്യമായാണ് തുര്‍ക്കി-യു.എസ് നയതന്ത്രബന്ധത്തില്‍ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടുന്നത്. അമേരിക്കയിലുള്ള ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയില്‍ കുര്‍ദിഷ് പോരാളികള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയിലും തുര്‍ക്കി ഭരണകൂടം അസ്വസ്ഥരാണ്. പരാജയപ്പെട്ട പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വംശജരായ നിരവധി പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തിരുന്നു.
- 7 years ago
chandrika
Categories:
Video Stories