വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം പശുവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ വളരെ ആക്രമണാത്മക വഴിയിലാണ് പുറത്തുവരുന്നത്. പശുവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്ന നിരവധി പേര്‍ വധിക്കപ്പെട്ടു. ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ നേരത്തെ ഹരിയാനയില്‍ ദലിതുകള്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിച്ച നാല് ദലിത് യുവാക്കളെ ജനക്കൂട്ടം പരസ്യമായി അതിക്രൂരമായി മര്‍ദിച്ചു. ഒരു പൊലീസ് സ്റ്റേഷനു സമീപം വെച്ചാണ് ഈ സംഭവം നടന്നത്. നേരത്തെ ഇത്തരം സംഭവങ്ങള്‍ അങ്ങിങ്ങായി എപ്പോഴെങ്കിലുമൊക്കെയേ അരങ്ങേറാറുണ്ടായിരുന്നുള്ളുവെങ്കില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ഇത്തരം സംഭവങ്ങള്‍ കാഠിന്യത്തോടെ ഇടക്കിടെ ആവര്‍ത്തിക്കുന്നു.
വേദ കാലഘട്ടത്തില്‍ തന്നെ ബീഫ് ഭക്ഷ്യ വസ്തുവായി ഉപയോഗിച്ചിരുന്നതായി കാണാം. ചരിത്രകാരന്‍ ഡി.എന്‍ ഝാ ‘ഠവല ാ്യവേ ീള ഒീഹ്യ ഇീം’ എന്ന തന്റെ വിശിഷ്ട പുസ്തകത്തില്‍ അര്‍ത്ഥശങ്കക്കിടമില്ലാതെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ ഹൈന്ദവ വര്‍ഗീയ വാദികള്‍ രംഗത്തെത്തിയിരുന്നു. ആ സമയത്ത് നിരവധി ഭീഷണി കോളുകളാണ് പ്രോഫസര്‍ ഝാക്ക് ലഭിച്ചത്. ഉന്നത നിലവാരം പുലര്‍ത്തുന്ന പുസ്തകം പുരാതന ഇന്ത്യന്‍ സാഹിത്യ രംഗത്തെ ഉള്ളറകളിലേക്കും ആര്യന്മാരുടെ പഥ്യാഹാരമായിരുന്നു ബീഫ് എന്നതിലേക്കും വെളിച്ചം വീശുന്നു. യാഗങ്ങളില്‍ പശുവിനെ ബലി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഗൗതമ ബുദ്ധന്‍ ആവശ്യപ്പെട്ടിരുന്നു. ആ കാലഘട്ടത്തില്‍ കാര്‍ഷിക സമൂഹങ്ങള്‍ രംഗപ്രവേശം ചെയ്യുകയും പുതുതായി രൂപപ്പെട്ട സാമ്പത്തിക ഘടനയില്‍ കാളകള്‍ അത്യാവശ്യമായി വരികയും ചെയ്തു. സമത്വം, ഏകത എന്നിവക്കു നിലകൊള്ളാനും ബുദ്ധന്‍ സന്ദേശം നല്‍കിയിരുന്നു. ഇത് നിലവിലുണ്ടായിരുന്ന ബ്രാഹ്മണ മൂല്യങ്ങള്‍ക്ക് എതിരായിരുന്നു. അതിനാല്‍ ഇരു പ്രത്യയ ശാസ്ത്രങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ബുദ്ധിസവും ബ്രാഹ്മണിസവും തമ്മില്‍ ഏറെ നാള്‍ കലഹം തുടര്‍ന്നു. ബുദ്ധിസം മേഖലയിലാകെ വ്യാപിച്ചപ്പോള്‍ ബ്രാഹ്മണിസം ക്ഷയിക്കുകയാണുണ്ടായത്. പിന്നീടാണ് ബ്രാഹ്മണിസം പശുവിനെ മാതാവായി കരുതിയതെന്നാണ് അനുമാനം.
ഇങ്ങനെ പശുവിനെ മാതാവായി രൂപവത്കരണം നടത്തിയതിലൂടെ വര്‍ഗീയത ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ഉയര്‍ന്ന ജാതിക്കാരുടെ നീക്കം വിജയം കണ്ടു. ഭൂ പ്രഭുക്കള്‍ ഇതിനു വേണ്ട എല്ലാ ഒത്താശകളും നല്‍കി. ബ്രാഹ്മണിസം ഹിന്ദു മതത്തിന്റെ ബാഹ്യ രൂപമാണെന്നും പശു അതിന്റെ അടയാളമാണെന്നും അവതരിപ്പിക്കപ്പെട്ടു. നിരവധി ഹിന്ദു വിഭാഗങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും ജനകീയ ഭക്ഷണമാണ് ഇപ്പോഴും ബീഫ്. ഇന്ത്യന്‍ ജനസംഖ്യയില്‍ ബീഫ് ഭക്ഷിക്കുന്നവരുടെ ആധിക്യം എടുത്തു കാണിക്കുന്നുണ്ട് നരവംശ ശാസ്ത്ര സര്‍വേയില്‍. ഹിന്ദു മതത്തിലെ ഒരു സമൂഹമായ ദലിത് വിഭാഗത്തില്‍പെട്ട ആദിവാസികളും മറ്റുള്ളവരും ബീഫ് കഴിക്കുന്നുണ്ട്. പ്രാദേശികമായി കേരളം, ഗോവ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനകീയ വിഭവമാണിത്.
പശുവിനെ വൈകാരികമായി അവതരിപ്പിക്കുന്നതിന് അനുബന്ധമായി പന്നിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതും മറ്റൊരു വര്‍ഗീയ പ്രത്യയശാസ്ത്രമാണ്. സ്വാതന്ത്ര്യ സമര കാലത്ത് വര്‍ഗീയ വാദികള്‍ ഇത്തരത്തില്‍ ചില വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനത്തെ ഇളക്കിവിടാന്‍ ശ്രമം നടത്തിയിരുന്നു. മതേതര മൂല്യങ്ങളും ഇന്ത്യന്‍ ദേശീയതയുമായും ബന്ധപ്പെട്ട് ജനങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ ശ്രമം നടത്തുമ്പോള്‍ പശുവിന്റെയും പന്നിയുടെയും ആളുകള്‍ വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് നടത്തിയത്.
സ്വാതന്ത്ര്യത്തിനു ശേഷവും ഈ വിഷയം ഉയര്‍ന്നുവന്നു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പശു സംരക്ഷണം ചര്‍ച്ചയില്‍ വന്നെങ്കിലും മൗലികാവകാശത്തില്‍ ഇത് ഉള്‍പ്പെടുത്തേണ്ടതില്ലെന്നും എന്നാല്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്താമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. ഗോവധം നിരോധിക്കാനും ബീഫ് വിലക്കാനും ഉറച്ച ഹിന്ദുമത വിശ്വാസിയായ ഗാന്ധിജിയോട് ഡോ. രാജേന്ദ്ര പ്രസാദ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഹിന്ദു മത വിശ്വാസിയായ ഗാന്ധിജി ഇത് നിരസിക്കുകയാണുണ്ടായത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. രാജ്യത്തെ മറ്റു സമുദായക്കാര്‍ ബീഫ് ഭക്ഷിക്കുന്നവരാണ്. അപ്പോള്‍ എങ്ങനെയാണ് ഇന്ത്യക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകുകയെന്നായിരുന്നു ഗാന്ധിജിയുടെ ചോദ്യം.
ഹൈന്ദവ വര്‍ഗീയ വാദികള്‍ രാഷ്ട്രീയ ചതുരംഗപ്പലകയില്‍ പശുവിനെ കൊണ്ടുവന്ന് മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ആദ്യ പരീക്ഷണം നടത്തിയത് കൃത്യം അന്‍പതു വര്‍ഷം മുമ്പാണ് (നവംബര്‍ 1966). വലിയ തോതില്‍ ആളുകളെ ഇളക്കിവിടുകയും പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്തതിലൂടെയാണ് അവര്‍ ഇത് സാധ്യമാക്കിയത്. രാജ്യത്താകമാനം ഗോവധം നിരോധിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. വിഷയം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാനും പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കുന്നതിലേക്കും ഈ സംഭവം നയിച്ചു. കമ്മിറ്റിയില്‍ വിവിധ കക്ഷി പ്രതിനിധികള്‍ അടങ്ങിയിരുന്നു. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറും കമ്മിറ്റി അംഗമായിരുന്നു. എന്നാല്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതിരുന്ന കമ്മിറ്റി പിന്നീട് ഒരു ദശകത്തിലേറെ വിസ്മൃതിയിലായിരുന്നു. ഈ പ്രചാരണം ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘിന്റെ ശക്തി ഇരട്ടിയായി വര്‍ധിച്ചുവെന്നതാണ് ഇവിടെ ഓര്‍ക്കേണ്ട പ്രധാന വസ്തുത. തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിന് വൈകാരിക പ്രശ്‌നങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വര്‍ഗീയ വാദികള്‍ക്ക് സാധ്യമായിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ രൂപവത്കരിക്കുക അവരുടെ തന്ത്രത്തിന്റെ കാതലാണ്. ഇപ്പോള്‍ അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം, പ്രത്യേകിച്ചും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഈ വിഷയം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ചു തന്നെയാണ്.
ഇപ്പോഴത്തെ വിശുദ്ധ പശു പ്രശ്‌നത്തിന് പ്രധാനമായും രണ്ട് പാര്‍ശ്വഫലങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഒന്ന്, ഗോവധ നിരോധനം കന്നുകാലി വ്യാപാരികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതിലേക്ക് നയിച്ചതിനാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടി നേരിട്ടു. പ്രായമായ തങ്ങളുടെ കന്നുകാലികള്‍ വ്യാപാരികള്‍ക്കു വില്‍ക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കര്‍ഷകരുടെ അവസ്ഥ വളരെ മോശമായി. കന്നുകാലി വ്യാപാരവുമായി കഴിഞ്ഞവരും അറവുശാലകളില്‍ ജോലി ചെയ്യുന്നവരും വരുമാനമാര്‍ഗം നിലച്ചതിനാല്‍ ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുകയാണ്. കന്നുകാലികളുടെ തൊലി സംസ്‌കരിക്കുന്ന തുകല്‍ വ്യവസായം തകര്‍ച്ചയിലായി. നിരവധിയെണ്ണം അടച്ചുപൂട്ടി.
രസകരമായ വസ്തുത, മിക്ക ബീഫ് കയറ്റുമതി യൂണിറ്റുകളുടെയും ഉടമകള്‍ ബി.ജെ.പിക്കാരാണെന്നതാണ്. പ്രധാന മാട്ടിറച്ചി കയറ്റുമതി രാജ്യമായി ലോക തലത്തില്‍ ഇന്ത്യ കുതിപ്പു നടത്തിവരികയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പ്രചാരണ വിഷയമായി ബീഫ് കയറ്റുമതിയെ ഉപയോഗപ്പെടുത്തിയിരുന്നു. ‘പിങ്ക് റെവല്യൂഷന്റെ’ (മാട്ടിറച്ചി കയറ്റുമതി) പോരില്‍ മുന്‍ യു.പി.എ സര്‍ക്കാറിനെ വിമര്‍ശിച്ചയാളാണ് മോദി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ വര്‍ഗീയ വാദികളുടെ കാപട്യം വളരെ വ്യക്തമാണ്. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രത്യേക പശു മന്ത്രാലയം ആരംഭിച്ചുവെന്ന് മാത്രമല്ല, ജെയ്പൂരിനടുത്ത ഹിന്‍ഗോനിയയില്‍ വിശാലമായ പശു ഷെഡും പണിതു. ഷെഡിലെ വളരെ മോശമായ അവസ്ഥ നൂറു കണക്കിന് പശുക്കള്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ആശങ്കയുടെ സ്വഭാവം വ്യക്തമാക്കുന്നതായി.
രണ്ടാമത്തേത് ‘ഉന പ്രഭാവ’മാണ്. ഉന സംഭവത്തോടെ ദലിത് സമൂഹത്തിലെ നല്ലൊരു വിഭാഗം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടയെക്കുറിച്ച് ബോധവാന്മാരാകുകയും വന്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്നു. ആര്‍.എസ്.എസ് സംഘത്തിന്റെ സമകാലിക വിരട്ടലും കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ഈ വിഷയം മുസ്‌ലിംകളെ ലക്ഷ്യമിട്ടായിരുന്നു ഉപയോഗപ്പെടുത്തിയതെങ്കില്‍ മറുവശത്ത് ദലിതുകള്‍ ആക്രമിക്കപ്പെട്ടു. ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ മുഖം ഉന സംഭവത്തിലൂടെ ദലിതരെ ഉദ്ബുദ്ധരാക്കി. വര്‍ഗീയ ഹൈന്ദവ രാഷ്ട്രീയത്തെ നേരിടുന്നതില്‍ സാമൂഹിക സഖ്യങ്ങള്‍ ശക്തമായി. ഗ്രഹത്തില്‍ ജീവിക്കുന്ന എല്ലാ മൃഗങ്ങളെയും ആദരിക്കേണ്ടതാണ്. പരിസ്ഥിതി സംബന്ധിച്ചും നാം ഉണരേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇത്തരം ചിഹ്നങ്ങള്‍ രാഷ്ട്രീയ അജണ്ടയായി ഉപയോഗപ്പെടുത്തുന്നത് നിന്ദ്യമാണ്.
- രാംപുനിയാനി/ സോഷ്യല്‍ ഓഡിറ്റ്