X

വിവാദ പ്രസംഗം: കോടിയേരിക്കെതിരെ ബി.ജെ.പി പരാതി നല്‍കി

കണ്ണൂര്‍: പയ്യന്നൂരില്‍ വിവാദ പ്രസംഗം നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ എസ് പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കലാപത്തിനുള്ള ആഹ്വാനമാണ് കോടിയേരി നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരെ കേസ് എടുക്കണമോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി പ്രസംഗത്തിലെ ഉള്ളടക്കം പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആക്രമിക്കാനെത്തുന്നവരെ പാടത്ത് പണി, വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നായിരുന്നു കോടിയേരിയുടെ പ്രസംഗം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ പ്രതിരോധിക്കണമെന്നും അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രസംഗത്തില്‍ കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

chandrika: