ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കു ഇന്ത്യ കട്ടുമുടിക്കാന്‍ നരേന്ദ്ര മോദി സഹായിക്കുകയാണെന്നും അഴിമതിക്കെതിരെ പോരാടുന്നവരെ പോലും ഈ സമയത്ത് കാണാനില്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ തുറന്നടിച്ചു.
വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് നേരത്തെ സോണിയാ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷത്തിന്റെ കടുത്ത അതൃപ്തിയും പ്രതിഷേധവും വകവെക്കാതെയാണ് വിവരാവകാശ ഭേദഗതി ബില്‍ പാസാക്കിയത്. കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ സേവന വേതന വ്യവസ്ഥയും കാലാവധിയും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. ലോക്‌സഭ പാസാക്കിയ ബില്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയും ചെയ്തു.