X

വില്‍പ്പനക്കു വെക്കുന്ന പൊതുമേഖല

സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറച്ചും ഓഹരികള്‍ വിറ്റഴിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നതിനുള്ള ശക്തമായ ചരടുവലികളാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നടന്നുവരുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. നഷ്ടത്തിലുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നതില്‍ കവിഞ്ഞ് കച്ചവടക്കണ്ണോടെയുള്ള കരുനീക്കങ്ങളായി ഇവ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന രീതിയിലേക്കാണ് സര്‍ക്കാര്‍ കാര്യങ്ങളെ നയിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡി(ബെമല്‍)ന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 50,000 കോടിയിലധികം ആസ്തിമൂല്യമുള്ള സ്ഥാപനത്തിന് 518 കോടി മാത്രം വില നിശ്ചയിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനക്ക് കളമൊരുക്കുന്നത്.
ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗിന് രൂപം നല്‍കിയതിനു പിന്നിലെ പ്രധാന അജണ്ട തന്നെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനം മാറ്റിയെടുക്കുക എന്നതായിരുന്നു. അരവിന്ദ് പനഗരിയ അധ്യക്ഷനായ നീതി ആയോഗ് ചുമതലയേറ്റ് ആദ്യം ചെയ്ത നടപടി തന്നെ ഓഹരികള്‍ വിറ്റഴിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുക എന്നതായിരുന്നു. രണ്ട് രീതിയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒന്ന് അടിയന്തരമായി അടച്ചുപൂട്ടേണ്ട നഷ്ടത്തിലുള്ള കമ്പനികള്‍. മറ്റൊന്ന് സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറച്ചോ ഓഹരികള്‍ വിറ്റഴിച്ചോ സ്വകാര്യവല്‍ക്കരിക്കേണ്ട സ്ഥാപനങ്ങള്‍. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആദ്യം പറഞ്ഞ പട്ടികയിലാണ് വരുന്നത്. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ഉള്‍പ്പെടെ 22ഓളം കമ്പനികള്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ലക്ഷ്യം നിവര്‍ത്തിക്കുന്നതിനുള്ള ഏജന്‍സി എന്ന നിലയിലാണ് നീതി ആയോഗ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം കരുതാന്‍. ഇക്കഴിഞ്ഞ ജൂണില്‍ നീതി ആയോഗ് കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറക്കുക വഴി 36,000 കോടി രൂപയും സ്വകാര്യവല്‍ക്കരണം വഴി 20,500 കോടി രൂപയും(ആകെ 56,500 കോടി) ധനസമാഹരണത്തിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളോ അതിന്റെ ഓഹരികളോ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ടു വരുന്ന സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ താല്‍പര്യം സത്യത്തില്‍ പ്രസ്തുത കമ്പനികളുടെ രക്ഷയോ ജീവനക്കാരുടെ ക്ഷേമമോ അല്ല. മറിച്ച് പൊതുമേഖലാ കമ്പനികളുടെ കൈവശമുള്ള വിശാലമായ ഭൂമിക്കുമേലുള്ള റിയല്‍ എസ്റ്റേറ്റ് താല്‍പര്യം മാത്രമാണ്. ഐ.ടി.ഡി.സിയുടെ കൈവശമുള്ള 16 ഹോട്ടലുകളും സര്‍ക്കാര്‍ ഭൂമികളും ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഭാരത് പമ്പ് ആന്റ് കംപ്രസേഴ്‌സ്, ടയര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍, ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഓഹരി വില്‍പ്പനക്കായി തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളാണ്.
ഓഹരി വില്‍പ്പനക്ക് ഒരുങ്ങുന്ന ബെമലിന്റെ ആകെ ആസ്തി 518.44 കോടി രൂപയായി തിട്ടപ്പെടുത്തിയതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംരെ ആണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. വന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ സ്വന്തമായും പാട്ടത്തിനെടുത്തതുമായി 4191 ഏക്കര്‍ ഭൂമി കൈവശമുള്ള സ്ഥാപനമാണിത്. 54 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പോലും ലാഭ വിഹിതമായി കേന്ദ്ര സര്‍ക്കാറിന് 18 കോടി രൂപ കൈമാറുകയും ചെയ്ത സ്ഥാപനം. ബംഗളൂരുവിലെ തിപ്പസാന്ദ്രയില്‍ മാത്രം 17,835 കോടി രൂപ വിലമതിക്കുന്ന 205 ഏക്കര്‍ ഭൂമി കമ്പനിക്ക് സ്വന്തമായുണ്ട്. ബംഗളൂരുവില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആസ്ഥാനമന്ദിരം ഉള്‍പ്പെടുന്ന മൂന്നേക്കര്‍ വേറെയും. 392 കോടി രൂപ ഇതിനു മാത്രം മൂല്യം കണക്കാക്കുന്നുണ്ട്. കോലാര്‍ സ്വര്‍ണഖനി മേഖലയില്‍ 1863 ഏക്കര്‍, മൈസുരു ബാലവാടിയില്‍ 560 ഏക്കര്‍, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പുനെ, കൊച്ചി, റാഞ്ചി തുടങ്ങിയ നഗരങ്ങളില്‍ 10 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ ഭൂമി തുടങ്ങി ബെമലിന് സ്വന്തമായി മാത്രം 2696.63 ഏക്കര്‍ ഭൂമിയുണ്ട്. 30,000 കോടിയിലധികം വില വരുന്ന ഇതിന് സര്‍ക്കാര്‍ കണക്കാക്കിയ മൂല്യം കേവലം 12.86 കോടി രൂപ മാത്രമാണ്. പാലക്കാട് 375 ഏക്കര്‍ ഉള്‍പ്പെടെ ദീര്‍ഘകാലത്തേക്ക് സ്വന്തമാക്കിയ പാട്ടഭൂമികള്‍ വേറെയും. ബെമലിന്റെ 26 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓഹരി വില്‍പ്പന നീക്കത്തിനെതിരെ ജീവനക്കാര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രതിഷേധത്തിന്റെ പാതയിലാണെങ്കിലും ഇത് വകവെക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ബെമലിലെ സാമ്പത്തിക പങ്കാളിത്തം നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. പുതിയ ഓഹരി വില്‍പ്പന കൂടിയാകുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥതാവകാശം സ്വകാര്യ കുത്തകകളുടെ കൈകളിലേക്കെത്തും. ഇത്രയധികം ആസ്തിയുള്ള കമ്പനിയെ ചുളുവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചുരുക്കം. അരും കൊള്ളക്കാണ് ഇതുവഴി ചരടുവലികള്‍ നടക്കുന്നത്.
സ്വകാര്യവല്‍ക്കരണത്തിന് മുന്നോടിയായി എയര്‍ ഇന്ത്യയില്‍ വി.ആര്‍.എസ് പ്രഖ്യാപിക്കുമെന്നും ജീവനക്കാരുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കുമെന്നും മന്ത്രാലയം ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. വി.ആര്‍.എസ് പ്രഖ്യാപിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തിക ബാധ്യത മുഴുവന്‍ നിറവേറ്റേണ്ടി വരുന്നത് കേന്ദ്ര സര്‍ക്കാറായിരിക്കും. അതായത് ചെലവ് ചുരുക്കി ലാഭത്തിലാക്കിയ ശേഷമായിരിക്കും എയര്‍ ഇന്ത്യയുടെ വില്‍പ്പനയെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയാതെ പറയുകയാണ്. ആരുടെ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ നടപടികള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന എന്നത് ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള സര്‍ക്കാറിന്റെ ഒഴിഞ്ഞുമാറല്‍ എന്ന നിലയിലാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. അതിനപ്പുറത്തേക്ക് കച്ചവടക്കണ്ണോടെ നടക്കുന്ന ചരടുവലികള്‍ പരിശോധിക്കണം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധന നടപടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ കോട്ടം ചെറുതല്ല. സാമ്പത്തിക വളര്‍ച്ചയുടെ തോത് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധനം സൃഷ്ടിച്ച വരുമാനക്കമ്മിയെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ചു കിട്ടുന്ന പണംകൊണ്ട് നികത്തിയെടുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണോ തിരക്കിട്ട നടപടികള്‍ക്കു പിന്നിലെന്നും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

chandrika: