ഹനോയ്: അഴിമതിക്കേസില്‍ പ്രതിയായ വിയറ്റ്‌നാമിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവ്. മുന്‍ പൊളിറ്റ്ബ്യൂറോ അംഗം ദിന്‍ ല താങിനാണ് കോടതി ശിക്ഷ വിധിച്ചത്. സാമ്പത്തിക ദുര്‍വിനിയോഗം നടത്തിയ താങ് എണ്ണ കമ്പനിയായ പെട്രോവിയറ്റ്‌നാമിന് വന്‍ നഷ്ടം വരുത്തിവെച്ചതായി കോടതി കണ്ടെത്തി. പെട്രോവിയറ്റ്‌നാമിന്റെ എക്‌സിക്യൂട്ടീവായിരുന്ന ട്രിന്‍ ക്‌സുവാന് ജീവപര്യന്തം തടവും വിധിച്ചു. ഇവര്‍ക്കു പുറമെ മറ്റ് ഇരുപതോളം പേരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഊര്‍ജ, ബാങ്കിങ് മേഖലകളിലെ ഉന്നതരായ നിരവധി പേര്‍ അഴിമതിക്കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിയറ്റ്‌നാം രാഷ്ട്രീയത്തിലെ ഉദയതാരമായി വളര്‍ന്നുകൊണ്ടിരുന്ന താങിന്റെ അറസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബെര്‍ലിനില്‍ അഭയം തേടിയ അദ്ദേഹത്തെ വിയറ്റ്‌നാം നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയതാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് എതിരാളികളെ അടിച്ചമര്‍ത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് താങിന്റെ അറസ്റ്റില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയുടെ നിയന്ത്രണം പിടിച്ചെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യാഥാസ്ഥിതിക വിഭാഗം ഭരണത്തിലിരിക്കെ സമ്പന്നരായവരെ മുഴുവന്‍ പിന്തുടരുകയാണ്. 1986ലാണ് വിയറ്റ്‌നാം സാമ്പത്തിക പരിഷ്‌കരണം തുടങ്ങിയത്. അതിനുശേഷം താങിനെക്കൂടാതെ മറ്റ് രണ്ടു പേരെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.
- 7 years ago
chandrika
Categories:
Video Stories
വിയറ്റ്‌നാമില്‍ കമ്യൂണിസ്റ്റ് പ്രമുഖന് 13 വര്‍ഷം തടവ്
Tags: Vietnam