X

വിമുക്ത ഭടന്മാരെ വഞ്ചിക്കരുത്

വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രിയോട് പരാതി ബോധിപ്പിക്കാനെത്തിയ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവം അത്ര നിസ്സാരമായി കണ്ടുകൂടാ. പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഗുരുതര വീഴ്ച മാത്രമല്ല, രാജ്യത്തിന്റെ കാവല്‍ക്കാരോടുള്ള മോദി സര്‍ക്കാറിന്റെ അവഗണനയാണ് ഇതിലൂടെ പ്രകടമാകുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷനുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ അത്മഹത്യ ചെയ്യുകയാണെന്നുമുള്ള ഹരിയാനക്കാരനായ സുബേദാര്‍ റാം കിഷന്‍ ഗ്രെവാലിന്റെ അന്ത്യവാക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ കര്‍ണപുടങ്ങളില്‍ തുളച്ചുകയറുന്നത്ര മൂര്‍ച്ചയേറിയതാണ്. എന്നാല്‍ വിമുക്ത ഭടനെ ആസ്പത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലൂടെ മോദി സര്‍ക്കാര്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള വൃഥാശ്രമമാണ് നടത്തുന്നത്.

ഒരേ കാലയളവില്‍ ഒരേ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്കും വിരമിക്കല്‍ തീയതി പരിഗണിക്കാതെ ഒരേ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍. രാജ്യത്തെ ലക്ഷക്കണക്കിന് സൈനികര്‍ക്ക് ആശ്വാസം പകരുന്ന സ്വപ്‌ന പദ്ധതി ആവിഷ്‌കരിച്ചത് യു.പി.എ സര്‍ക്കാറാണ്. ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം യു.പി.എ സര്‍ക്കാര്‍ കുറ്റമറ്റ രീതിയില്‍ രൂപപ്പടുത്തിയ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി കഴിഞ്ഞ വര്‍ഷമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. എന്‍.ഡി.എയുടെ ‘പ്രസ്റ്റീജ് പ്രൊജക്ട്’ എന്ന രീതിയിലാണ് പ്രധാനമന്ത്രി ഇതിന്റെ പ്രഖ്യാപനം നടത്തിയത്. 2014 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു അവകാശവാദം. പക്ഷേ, 22 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്കും ആറു ലക്ഷത്തോളം സൈനിക വിധവകള്‍ക്കുംപ്രയോജനം ലഭിക്കുന്ന പദ്ധതി തീരെ കരുതലില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രതിവര്‍ഷം പതിനായിരം കോടി അധിക ചെലവു വരുന്ന പദ്ധതിയുടെ നിര്‍വഹണത്തില്‍ പ്രതിരോധ മന്ത്രാലയവും ധനമന്ത്രാലയവും ഗൃഹപാഠം നടത്തിയില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമാക്കുന്നതാണ് പുതിയ പ്രതിസന്ധി.

2015 സെപ്തംബര്‍ അഞ്ചിനാണ് ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ പദ്ധതിയുടെ ഗുരുതരമായ പാളിച്ച പുറംലോകം അറിഞ്ഞത് ലജ്ജാവഹമാണ്. രാജ്യത്തെ സൈനികര്‍ പതിറ്റാണ്ടുകളായി പോരാടി നേടിയെടുത്ത അവകാശത്തെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത് പൊറുക്കപ്പെടാനാവില്ല. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ ഇച്ഛാശക്തിയുടെ പിന്‍ബലത്തിലാണ് പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്. പിന്നീട് കേന്ദ്രത്തില്‍ ഭരണമാറ്റം സംഭവിച്ചെങ്കിലും പദ്ധതിയില്‍ വരുത്തിയ ഭേദഗതികളാണ് വിനയായത്. 2013ല്‍ സൈനികര്‍ക്കു നല്‍കിയിരുന്ന പെന്‍ഷനിലെ ഏറ്റവും കൂടിയ തുകയുടെയും കുറഞ്ഞ തുകയുടെയും ശരാശരിയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതായിരുന്നു പദ്ധതി. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ തുക പുതുക്കി നിശ്ചയിക്കുമെന്നും പദ്ധതിയില്‍ ഉറപ്പു നല്‍കുന്നുണ്ട്. കുടിശ്ശിക നാലു തവണകളായി ആറു മാസത്തെ ഇടവേളകളില്‍ നല്‍കുകയും അന്തരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ഇത് ഒറ്റത്തവണയായി നല്‍കുകയും ചെയ്യും. കാലാവധി പൂര്‍ത്തിയാകും മുമ്പ് വിരമിക്കുന്ന സൈനികരും ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
പ്രധാനമന്ത്രി സൈനികര്‍ക്കു നല്‍കിയ വാക്കുപാലിച്ചുവെന്നാണ് പദ്ധതിയുടെ പ്രഖ്യാപന വേളയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. തന്റെ വാദങ്ങള്‍ക്ക് അടിവരയിടാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുയര്‍ത്തി യു.പി.എ സര്‍ക്കാറിനെ കരിവാരിത്തേക്കുന്നതായിരുന്നു മനോഹര്‍ പരീക്കറുടെ വാക്കുകള്‍. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി യു.പി.എ സര്‍ക്കാര്‍ നീക്കിവച്ച 500 കോടി രൂപയെ പരിഹസിച്ച പരീക്കര്‍ക്ക് പദ്ധതി പ്രഖ്യാപനത്തിന് കൃത്യം ഒരുവയസ്സ് പൂര്‍ത്തിയാകും മുമ്പുതന്നെ തിരിച്ചടി കിട്ടിയത് യാദൃച്ഛികമായി കാണാനാവില്ല. മോദി സര്‍ക്കാര്‍ നീക്കിവച്ചു എന്നു അവകാശപ്പെട്ട പദ്ധതി വിഹിതം വിമുക്ത ഭടന്മാരുടെ കൈകളിലെത്തിയില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ ആത്മഹത്യ.

ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിക്ക് കാരണമായെന്നാണ് ഇന്നലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പരിതപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ അംഗങ്ങളായി എന്നു അഭിമാനത്തോടെ പറയുന്ന പ്രതിരോധ മന്ത്രി പദ്ധതിയുടെ പാളിച്ചകളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ രണ്ടു മാസത്തിനകം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന മന്ത്രിയുടെ വാക്കുകളില്‍ നിന്നു തന്നെ നിസ്സഹായത വ്യക്തമാണ്. പ്രശ്‌നത്തിന്റെ കാതലായ വശം തിരിച്ചറിഞ്ഞ് പദ്ധതി പ്രായോഗികമാക്കാനുള്ള ജാഗ്രവത്തായ സമീപനമാണ് സര്‍ക്കാറില്‍ നിന്നു വിമുക്ത ഭടന്മാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിള്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്വര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളും ഇതാണ്. എന്നാല്‍ രാഷ്ട്രീയാന്ധത മൂടിക്കെട്ടിയ മോദി സര്‍ക്കാറിന്റെ കണ്ണുകള്‍ക്ക് ഇത് കാണാനുള്ള കെല്‍പ്പില്ലെന്നു മാത്രം. ഇതിനെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെയും സര്‍ക്കാറിന്റെ കാപട്യം തുറന്നുകാണിക്കുന്ന നേതാക്കളെയും അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ല.

രാജ്യത്തിന്റെ കാവല്‍ഭടന്മാരായ സൈനികരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒരു നടപടിയെയും അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കുംവരെയുള്ള അസ്വസ്ഥതകളെ അവഗണിക്കാമെന്നത് വ്യാമോഹമാണ്. പക്വതയോടെ പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കുക മാത്രമാണ് ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ മുമ്പിലുള്ള കരണീയ മാര്‍ഗം.

chandrika: