X

വിമാനവാഹിനി ഉപയോഗിച്ച് ചൈനീസ് യുദ്ധാഭ്യാസം

ബീജിങ്: ദക്ഷിണ ചൈനാകടല്‍, തായ്‌വാന്‍ വിഷയങ്ങളില്‍ അമേരിക്കക്കും ചൈനക്കുമിടയില്‍ സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കെ ചൈനയുടെ ആദ്യ വിമാനവാഹനി കപ്പല്‍ യുദ്ധാഭ്യാസങ്ങള്‍ നടത്തി. ലിയോനിങ് വിമാവാഹിനി ഉപയോഗിച്ച് ബൊഹായി കടലില്‍ നടത്തിയ യുദ്ധാഭ്യാസങ്ങളില്‍ ചൈനയുടെ നിരവധി പടക്കപ്പലുകളും പങ്കെടുത്തു. അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി നിരവധി മിസൈലുകള്‍ ലിയോനിങില്‍നിന്ന് വിക്ഷേപിച്ചു.

വിമാനവാഹിനിയുടെ ആക്രമണശേഷി പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുദ്ധാഭ്യാസങ്ങള്‍ നടത്തിയതെന്ന് ചൈനീസ് നാവിക സേന അറിയിച്ചു. വ്യോമ പ്രതിരോധം, സമുദ്ര കേന്ദ്രീകൃത ആക്രമണങ്ങള്‍, നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങള്‍, മിസൈല്‍ വേധ മിസൈല്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം അടങ്ങിയ വന്‍ യുദ്ധാഭ്യാസ പ്രകടനമാണ് ചൈന നടത്തിയത്. ലിയോനിങിനെ പൂര്‍ണമായും യുദ്ധസജ്ജമാക്കി ദക്ഷിണ ചൈനാകടലില്‍ വിന്യസിക്കാനാണ് ചൈനയുടെ തീരുമാനം. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ തുടങ്ങിയ അയല്‍രാജ്യങ്ങളും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

chandrika: