X
    Categories: More

വിപണിയില്ല, നികുതി വരുമാനമില്ല, ഇന്ത്യ നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി; ആര്‍.ബി.ഐ കൂടുതല്‍ നോട്ടച്ചടിക്കുമോ? – ആഘാതങ്ങള്‍ ഇങ്ങനെ

മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥ പോലെ തന്നെയാണ് രാജ്യത്തിന്റെ ധനസ്ഥിതിയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടു വെച്ച ധനക്കമ്മി ലക്ഷ്യം (ജി.ഡി.പിയുടെ 3.5 ശതമാനം) നിലവിലെ സാഹചര്യത്തില്‍ കൈവരിക്കാന്‍ സര്‍ക്കാറിന് ആകില്ല. നികുതി വരുമാനത്തിലെ കുറവ്, വിറ്റഴിക്കല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്, വിപണിയിലെ അനിശ്ചിതത്വം എന്നിവ മൂലം സര്‍ക്കാര്‍ ഖജനാവ് വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

ഉത്തേജന പാക്കേജ് കൊണ്ട് ഒന്നുമാകില്ല

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ജി.ഡി.പി വളര്‍ച്ചയാണ് ആര്‍.ബി.ഐ പ്രവചിക്കുന്നത്. വിപണിയില്‍ നിന്നുള്ള കടമെടുക്കല്‍ പരിധി 7.8 ലക്ഷം കോടിയില്‍ നിന്ന് 12 ലക്ഷം കോടിയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും (54%) അതൊന്നും ഖജനാവിന്റെ സ്ഥിതിയെ മെച്ചപ്പെടുത്തില്ല. ഈ സാഹചര്യത്തില്‍ ധനക്കമ്മി രണ്ടക്കത്തിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രാപ്തമല്ല. കാരണം അതിലെ നിരവധി കാര്യങ്ങള്‍ പണലഭ്യതയ്ക്ക് വേണ്ടി ആര്‍.ബി.ഐ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ധനസ്ഥിതി മോശമായി നില്‍ക്കുന്നത് കൂടുതല്‍ പണം അനുവദിക്കാന്‍ സര്‍ക്കാറിന് മുമ്പില്‍ തടസ്സമായി നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കമ്മി നികത്താന്‍ പണമാക്കലിനെ കുറിച്ചുള്ള (monetisation) ആലോചനകള്‍ നടക്കുന്നത്.

കൂടുതല്‍ പണം അച്ചടിക്കുമോ?

സാധാരണക്കാരന്റെ ഭാഷയില്‍, കമ്മി പണമാക്കുക എന്നതിന്റെ അര്‍ത്ഥം കൂടുതല്‍ പണം അച്ചടിക്കുക എന്നതാണ്. സര്‍ക്കാര്‍ ചെലവുകള്‍ക്കായി ഫണ്ട് ചെയ്യാന്‍ പ്രാഥമിക വിപണികളില്‍ നിന്ന് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ആര്‍.ബി.ഐ നേരിട്ടു വാങ്ങുകയാണ് ഇതിനായി ചെയ്യുക.

1997 വരെ കമ്മി നികത്താന്‍ പണം അച്ചടിക്കുന്ന പതിവ് രാജ്യത്തുണ്ടായിരുന്നു. ആഡ്‌ഹോക് ട്രഷറി ബില്ലുകള്‍ വഴി കമ്മിയെ കേന്ദ്രബാങ്ക് പണമാക്കുകയാണ് ചെയ്യുക. 1994ലും 1997ലും കേന്ദ്രസര്‍ക്കാര്‍ ഇതിനായി രണ്ടു ധാരണാപത്രങ്ങള്‍ ആര്‍.ബി.ഐയുമായി ഒപ്പുവച്ചിട്ടുണ്ട്. 2003ല്‍ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് നിയമം പ്രാബല്യത്തില്‍ വന്നതോടെ ഈ പതിവ് ഇതില്ലാതായി.

കമ്മി പണമാക്കുന്നത് ചെലവുള്ള ഏര്‍പ്പാടാണ്. നാണയപ്പെരുപ്പം കൂടുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യാഘാതം. ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്ന നിലവിലെ ഘട്ടത്തില്‍ അത് എളുപ്പത്തില്‍ പ്രകടമാവില്ല. എന്നാല്‍ സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമ്പോള്‍ നാണയപ്പെരുപ്പം വെല്ലുവിളി ഉയര്‍ത്തും.

ഉപഭോക്തൃ വില സൂചിക (സി.പി.ഐ) പ്രകാരമുള്ള വിലപ്പെരുപ്പം മാര്‍ച്ച് മാസത്തില്‍ 5.84 ശതമാനമാണ്. കോര്‍ ഇന്‍ഫ്‌ളേഷന്‍ (ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴികെ) 4.1 ശതമാനവും. കോര്‍ ഇന്‍ഫ്‌ളേഷന്‍ വര്‍ദ്ധിക്കുന്ന വേളയില്‍ മൊത്തം വിലപ്പെരുപ്പത്തിലും വര്‍ദ്ധനയുണ്ടാകും. ഇത് ആര്‍.ബി.ഐക്ക് വെല്ലുവിളി ഉയര്‍ത്തും.

ഡോളറല്ല, രൂപ!

ഇന്ത്യന്‍ രൂപയ്ക്ക് ആഗോള വിപണിയില്‍ ഡിമാന്‍ഡില്ലാത്തത് പണമാക്കലിന് തടസ്സമാകും. നിക്ഷേപകരുടെ സുരക്ഷിത കറന്‍സിയല്ല രൂപ. യു.എസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഡോളര്‍ അച്ചടിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകില്ല. കാരണം യു.എസ് ഡോളറിന് ആഗോള ഡിമാന്‍ഡുണ്ട്.

കൂടുതല്‍ കറന്‍സിയുണ്ടാകുന്നത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണാകും. ഇത് വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനും ഇടയാക്കും. നിലവിലെ സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിയുന്നത് കയറ്റുമതി മേഖലയ്ക്ക് മാത്രമേ ഗുണകരമാകൂ. ആഗോള സമ്പദ് വ്യവസ്ഥയും ഡിമാന്‍ഡില്‍ ഇടിവ് നേരിടുന്നുണ്ട്. 2020ല്‍ നെഗറ്റീവ് വളര്‍ച്ചയാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ ഐ.എം.എഫ് പ്രവചിക്കുന്നത്. അതുകൊണ്ടു തന്നെ രൂപയിടിഞ്ഞാല്‍ അത് സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ഡോളറുകള്‍ വിറ്റ് ആര്‍.ബി.ഐക്ക് ഫോറക്‌സ് വിപണിയില്‍ ഇടപെടേണ്ടി വരും. നിലവില്‍ 487 ബില്യണ്‍ ഡോളറിന്റെ മികച്ച ഫോറിന്‍ എക്‌സ്‌ചേഞ്ച് കരുതല്‍ ഇന്ത്യയ്ക്കുണ്ട്. ഇതിനര്‍ത്ഥം അനിശ്ചിതമായി ഫോറക്‌സ് വിപണിയില്‍ ആര്‍.ബി.ഐ ഇടപെടും എന്നല്ല.

Test User: