X

വിനയവും സൂക്ഷ്മതയും മുഖമുദ്രയാക്കിയ ഗുരു

  • സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

വന്ദ്യഗുരു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏകദേശം നാലര പതിറ്റാണ്ട് മുമ്പുള്ള ജാമിഅ നൂരിയ്യ ക്യാമ്പസാണ് മനസ്സില്‍ തെളിയുന്നത്. 1972ല്‍ ഉപരിപഠനാര്‍ഥം ജാമിഅഃയിലെത്തിയ എന്റെ ഗുരുനാഥനായിരുന്നു മുഹമ്മദ് മുസ്്‌ലിയാര്‍. പണ്ഡിത ലോകത്തെ കുലപതികളായ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരുടെയും കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെയും കൂടെ അധ്യാപകവൃത്തി അനുഷ്ഠിക്കാന്‍ സാധിച്ചു എന്നതു തന്നെ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ മഹത്വം വ്യക്തമാക്കുന്നു. അക്കാലത്ത് മുപ്പത്തിയഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സമസ്തയുടെ നേതൃരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ സാധിച്ചു.

വിഷയങ്ങളെല്ലാം ഗഹനമായി പ്രതിപാദിക്കുന്ന, എന്നാല്‍ അല്‍പം വേഗതയുള്ള ശൈലിയിലാണ് അധ്യാപന രംഗത്ത് എ.പി മുഹമ്മദ് ഉസ്താദ് പിന്തുടര്‍ന്നിരുന്നത്. പാഠഭാഗങ്ങള്‍ പരീക്ഷക്കു മുമ്പേ എടുത്തുതീര്‍ക്കാനും അനുബന്ധമായി പഠിപ്പിക്കേണ്ട പ്രത്യേക വിഷയങ്ങള്‍കൂടി ക്ലാസെടുക്കാനും ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ചകളില്‍ ജാമിഅയിലെത്തിയിരുന്ന ഉസ്താദ് വ്യാഴാഴ്ചകളിലാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇക്കാര്യത്തില്‍ കണിശമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മതാധ്യപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് ഈ രീതി.

ക്ലാസ് മുടക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. ഒരു നല്ല കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹം, ആദ്യകാലങ്ങളില്‍ നടീല്‍, കൊയ്ത്ത് അവസരങ്ങളില്‍ ഏതാനും ദിവസങ്ങള്‍ അവധിയെടുക്കാറുണ്ടായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍, ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ ക്രമീകരിക്കുമായിരുന്നു.

അധ്യാപന രംഗത്തും സംഘാടന രംഗത്തും സ്‌നേഹപൂര്‍വമായ ഇടപെടലുകള്‍ക്ക് ശ്രദ്ധിച്ചിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ നിലപാടുകളില്‍ കണിശത പുലര്‍ത്തിയിരുന്നു. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഉസ്താദിന്റെ നടപടികള്‍ മാതൃകാപരമായിരുന്നു. സ്വന്തം മഹല്ലിലും താന്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സ്ഥാപനങ്ങളിലും വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയുമാണ് നേതൃത്വം വഹിച്ചിരുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങള്‍ എന്ന നിലയിലും സഹഭാരവാഹികള്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതായിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് കടുത്ത രോഗം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും തളരാതെ തന്റെ കര്‍മ മണ്ഡലത്തെ കൂടുതല്‍ ചടുലമാക്കുകയാണ് അദ്ദേഹം ചെയ്തത്. ജാമിഅയിലെ അധ്യാപന രംഗത്ത് മാത്രമല്ല സമസ്തയുടെ ഫത്‌വാ കമ്മറ്റിയിലും സംഘടനയുടെ മറ്റു വേദിയിലും വളരെ സജീവമായി ഇടപെട്ടു.

ഡിസംബര്‍ 5ന് തുടങ്ങിയ ജാമിഅ അര്‍ധവാര്‍ഷിക പരീക്ഷയുടെ നടപടി ക്രമങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാണ്, ഡിസംബര്‍ 4ന് വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. റബീഉല്‍ അവ്വല്‍ ലീവ് കഴിഞ്ഞ് ജാമിഅയിലേക്ക് തന്നെ മടങ്ങി വന്ന് കര്‍മ മണ്ഡലം സജീവമാക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് അദ്ദേഹം ജാമിഅ നൂരിയ്യയുടെ പടിയിറങ്ങിയത്. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കാനിരിക്കുന്ന പുതിയ പാഠപുസ്തകങ്ങളുടെ പരിശോധനാ ജോലികളില്‍ സജീവമായിരുന്നു ആസ്പത്രിയിലെത്തുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ. നവംബര്‍ നാലിന് മലപ്പുറത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയാണ് ഉസ്താദിനൊപ്പം അവസാനമായി പങ്കെടുത്ത പരിപാടി. ശാരീരികമായി വളരെ ക്ഷീണിതനായിട്ടു പോലും ആവേശത്തോടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. ഡിസംബര്‍ മൂന്നിന് പാലക്കാട് നടന്ന ശരീഅത്ത് സംരക്ഷണ റാലിയിലും പങ്കെടുത്തു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി.

പണ്ഡിതന്മാര്‍ മറഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന സമൂഹം അറിവിലും ആത്മീയതയിലും പിറകിലായിപ്പോകും എന്നത് ലോകത്തിന്റെ എക്കാലത്തെയും ആശങ്കയാണ്. സമൂഹ പുരോഗതിയെക്കുറിച്ച് പലതരം ന്യായവാദങ്ങള്‍ നിരത്തുമ്പോഴും സംസ്‌കാരത്തിന്റെ പുരോഗതി എണ്ണപ്പെടാറില്ല. സാംസ്‌കാരികമായി സമൂഹം പുരോഗതി പ്രാപിക്കുമ്പോള്‍ മാത്രമാണ് നാഗരികത വികാസം കൊള്ളുന്നത്. അതിനാല്‍ തന്നെ, പണ്ഡിതന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ ലോകത്തിന്റെ മരണമാണ്.

പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ എന്നല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ്പിനെപ്പറ്റി ആശങ്കയുണര്‍ത്തുന്നുവെന്ന് മഹദ് വചനങ്ങളും പ്രമാണങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അല്ലാഹു അറിവിനെ പിന്‍വലിക്കുക ആളുകളുടെ മനസ്സില്‍ നിന്ന് അത് ഊരിയെടുത്തു കൊണ്ടല്ല, മറിച്ച് പണ്ഡിതരുടെ മരണത്തിലൂടെയാണ്. അങ്ങനെ, ഒരു പണ്ഡിതനും അവശേഷിക്കാത്ത അവസ്ഥയുണ്ടാകും’ എന്ന് നബി (സ) അരുളിച്ചെയ്തു (മുസ്‌ലിം). പണ്ഡിതന്മാര്‍ ഇല്ലാതാവുക വഴി അറിവ് മാഞ്ഞുപോകുമെന്നും അത് ലോകനാശത്തിലേക്ക് നയിക്കുമെന്നുമാണ് പ്രവാചകര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത്. ‘ഭൂമിയെ അതിന്റെ വശങ്ങളില്‍ നിന്ന് നാം ചുരുക്കി കൊണ്ടുവരുന്നതായി അവര്‍ കാണുന്നില്ലേ’ എന്ന ഖുര്‍ആനിക വചനത്തിന്റെ നിര്‍വചനത്തില്‍, ഇത് പണ്ഡിതന്മാരുടെ വിയോഗത്തെപ്പറ്റിയാണെന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലതാദികളുമടങ്ങുന്ന ഈ ഭൂലോകത്തിന്റെ ഭൗതികമായ നിലനില്‍പ്പിനു തന്നെ പണ്ഡിതന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നു. അപ്പോള്‍, ആത്മീയ മണ്ഡലത്തില്‍ പണ്ഡിതരുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. സമീപ കാലത്ത് അറിവിന്റെ നിറകുടങ്ങളും നിഷ്‌കാമകര്‍മികളുമായ പണ്ഡിത മഹത്തുക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി കാലയവനികക്കുള്ളില്‍ മറയുന്നത് തീര്‍ത്തും ആശങ്കാജനകമാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ സംബന്ധിച്ചിടത്തോളം ഈ കടന്നുപോകുന്ന വര്‍ഷം തീരാനഷ്ടങ്ങളുടേതാണ്. സമസ്തയുടെയും സമുദായത്തിന്റെയും നായകത്വം വഹിച്ച, പകരം വെക്കാനില്ലാത്ത മൂന്ന് പണ്ഡിത നക്ഷത്രങ്ങളെയാണ് ഒന്നിനു പിറകെ മറ്റൊന്നായി നഷ്ടമാകുന്നത്. കര്‍മശാസ്ത്ര രംഗത്തെ അതുല്യ സാന്നിധ്യമായിരുന്ന സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്്‌ലിയാര്‍ എന്നിവരുടെ വിയോഗത്തിന്റെ ദുഃഖം വിട്ടകലും മുമ്പാണ് പാരത്രിക ഗുണങ്ങളുള്ള മറ്റൊരു പണ്ഡിതന്‍ കൂടി വിടവാങ്ങിയിരിക്കുന്നത്. അറിവു കൊണ്ട് കുനിഞ്ഞ ശിരസ്സും അതീവ ലളിതമായ ജീവിതവുമായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ മേല്‍വിലാസം.
ഭൗതികലോക താല്‍പര്യങ്ങളില്ലാത്ത, പരലോക വിജയം മാത്രം കാംക്ഷിക്കുന്ന യഥാര്‍ഥ പണ്ഡിതസൂരികളുടെ സവിശേഷതകളെല്ലാം ആ മഹദ് ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അദ്ദേഹം വിനയത്തോടെയാണ് പെരുമാറിയിരുന്നത്. സഹജീവികളോടുള്ള ഉപാധികളില്ലാത്ത സ്‌നേഹവും നിത്യജീവിതത്തിന്റെ ഓരോ ചുവടിലും കാണിക്കുന്ന അങ്ങേയറ്റത്തെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളായിരുന്നു.

പണ്ഡിതന്‍, അധ്യാപകന്‍, സമുദായ നേതാവ്, കുടുംബനാഥന്‍, കര്‍ഷകന്‍ തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃക തീര്‍ത്താണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഈ ലോകത്തുനിന്ന് യാത്രയായിരിക്കുന്നത്.
ഉചിതമായ പകരക്കാരനെ പ്രദാനം ചെയ്ത് അല്ലാഹു സമസ്തയെയും സമുദായത്തെയും അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.

chandrika: