X

വിദ്യാര്‍ഥികളെ കാണാനില്ലെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘം വിലസന്നുവെന്ന ഭീതി നിലനില്‍ക്കെയാണ് സ്‌കൂള്‍ വിട്ടിട്ടും വീട്ടിലെത്താത്ത കുട്ടികളെ കുറിച്ച് വീടുകളിലും സ്‌കൂളിലും പരിഭ്രാന്തി പരന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ബസ് മാറിക്കയറിയ കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്കും കുടുംബത്തിനും അശ്വാസം ആയത്. നടക്കാവ് കോയ റോഡിലെ സ്‌കൂളിലാണ് സംഭവം. പ്രൈമറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെയാണ് കാണാതായത്. വിവരമറിഞ്ഞ് പ്രധാനധ്യാപിക ബോധം കെട്ടു. കുട്ടികളിലൊരാളുടെ അമ്മ ആത്മഹത്യക്കൊരുങ്ങി. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയപ്പോഴാണ് കുട്ടികളെയുമായി സ്‌കൂള്‍ ബസ് എത്തിയത്. കുട്ടികള്‍ ബസ് മാറിക്കയറിയതാണ് പ്രശ്‌നമായത്. ഇക്കാര്യം ബസ് ജീവനക്കാര്‍ തിരിച്ചറിയുകയും കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. ഇതിനിടെയുണ്ടായ അഭ്യൂഹപ്രചാരണമാണ് രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. കുട്ടികളെ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോവുന്ന സംഘം സജീവമാണെന്ന വാര്‍ത്ത നിലനില്‍ക്കുമ്പോഴുണ്ടായ സംഭവം നടക്കാവ് പൊലീസിനെയും കുഴക്കി.

chandrika: