X

വിതച്ചത് കൊയ്യുന്ന സി.പി.എം

കേരളത്തിലെ മാധ്യമങ്ങളില്‍ ഗുണ്ടാസംഘങ്ങളുടെയും ലൈംഗികാതിക്രമക്കാരുടെയും വര്‍ത്തമാനമാണ് നിറഞ്ഞുനില്‍ക്കുന്നത്. കൊച്ചിയില്‍ രണ്ടു സംഭവങ്ങളിലായി വ്യവസായ സംരംഭകയെയും വ്യവസായിയെയും ഭീഷണിപ്പെടുത്തി പണം കവര്‍ന്നത് ഒരേയാളാണ്. കളമശേരിയില്‍ വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ചതാണ് മറ്റൊരു സംഭവം. തൃശൂര്‍ വടക്കാഞ്ചേരിയില്‍ യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗപ്പെടുത്തിയതും ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതും കേരളം കേട്ടു. ഇതിലെല്ലാം സാമാന്യ ജനത്തെ ഞെട്ടിക്കുന്ന വസ്തുത, പ്രതികളെല്ലാം ആഭ്യന്തര വകുപ്പ് കൈയാളുന്ന സി.പി.എമ്മിന്റെ ഭാരവാഹികളോ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരോ ആണെന്നതാണ്. ഒരാള്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും മറ്റൊരാള്‍ ഡി.വൈ.എഫ്.ഐ മുന്‍ യൂണിറ്റ് ഭാരവാഹിയും ഇനിയുമൊരാള്‍ പാര്‍ട്ടിയുടെ നഗരസഭാ പ്രതിനിധിയുമാണ്. അനുബന്ധ പരാതികളില്‍ പ്രതിസ്ഥാനത്തുള്ളത് ജില്ലാസെക്രട്ടറി മുതല്‍ വനിതാ മന്ത്രിവരെയും.

ആദ്യ സംഭവത്തില്‍ കളമശേരിയിലെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സക്കീര്‍ ഹുസൈന്‍ പരാതിയെതുടര്‍ന്ന് ഒളിവിലാണ്. ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും സക്കീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി കറുകപ്പള്ളി സിദ്ദീഖിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. സക്കീറിന് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കുകയാണ് ബന്ധപ്പെട്ടവര്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതിന്റെ കാരണം പകല്‍പോലെ വ്യക്തം. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് വനിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ് വെളിച്ചത്തുവരികയും നിയമസഭയില്‍ പ്രശ്‌നം രൂക്ഷമായ വാദപ്രതിവാദത്തിന് കാരണമാകുകയും ചെയ്തപ്പോള്‍ ഗുണ്ടകളെ ആരെയും താനുമായി അടുപ്പമുണ്ടായാല്‍ പോലും സഹായിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പക്ഷേ വാക്കൊന്നും പോക്ക് മറ്റൊന്നുമാണ് സര്‍ക്കാരിന്റെ നയമെന്നു തോന്നുന്നു.

വീട്ടമ്മയും രണ്ടുകുട്ടികളുടെ മാതാവുമായ യുവതിയെ കൂട്ടമാനഭപ്പെടുത്തിയ പ്രതിക്കെതിരെയുള്ളത് പൊലീസിനെ ഉപയോഗിച്ച് കോടതിക്കു മുന്നില്‍ മൊഴി മാറ്റിച്ച അത്യന്തം ഹീനമായ കുറ്റം കൂടിയാണ്. ഭര്‍ത്താവിന് പണം കടം കൊടുത്തതിന് ഭാര്യയെ പല തവണ മൊബൈലില്‍ വിളിച്ചതെന്തിനെന്ന് ജയന്തന്‍ വിശ്വസനീയമായ മറുപടി പറയുന്നില്ല. സക്കീറിനെയും ജയന്തനെയും ആരോപണം വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സി.പി.എം പുറത്താക്കിയതെങ്കിലും ജയന്തന്‍ സംഭവത്തില്‍ ഇരയുടെ പേര് പരസ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അന്വേഷണം നേരിടുകയാണ്. രാധാകൃഷ്ണനെതിരെ എഫ്.ഐ.ആര്‍ പോലും ഇട്ടിട്ടില്ല. മുന്‍മന്ത്രിയും നിയമസഭാ സ്പീക്കറുമായ രാധാകൃഷ്ണന്‍ സി.പി.എമ്മില്‍ പൊതുവെ സൗമ്യമുഖവുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട വ്യക്തിയെ പെണ്ണു കേസില്‍ സഹായിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുകയായിരുന്നു മുമ്പ് ടി.പി വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് വിവാദത്തിനിരയായ ഈ ചേലക്കരക്കാരന്‍. ഡല്‍ഹി സംഭവത്തിനുശേഷം 2013ല്‍ വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് പാസാക്കിയ ഭേദഗതിയില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതും രണ്ടു സുപ്രധാന വിധികളിലായി കോടതികള്‍ വ്യാഖ്യാനിച്ചിട്ടുള്ളതുമാണ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന യാതൊന്നും സൂചിപ്പിക്കരുതെന്നത്. ഐ.പി.സി 228 എ പ്രകാരം രണ്ടു വര്‍ഷം വരെ കഠിന തടവനുഭവിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ രാധാകൃഷ്ണന്റെയും പെണ്ണായി പിറന്ന സി.പി.എം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും വാദം നിയമത്തെ പരസ്യമായി വെല്ലുവിളിക്കുമെന്നാണ്. വേട്ടക്കാരന്റെ പക്ഷത്തു നില്‍ക്കുകയാണ് ഇരുവരും. ശൈലജ സാങ്കേതികമായി മാത്രമല്ല ധാര്‍മികതയും അടിസ്ഥാനമര്യാദയും കൂടിക്കൊണ്ട് തല്‍പദവി ഒഴിയുകയാണ് വേണ്ടത്.

തൊഴിലാളികളുടെയും ചൂഷിതരുടെയും ഭാഗത്തുനിന്നുകൊണ്ട് രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ ഉയിര്‍കൊണ്ട കമ്യൂണിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഒരു പരിധി വരെ തെലുങ്കാന മേഖലയിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നത് ഈ കീഴാള പ്രതിബദ്ധത കൊണ്ടാണ്. എട്ടുപതിറ്റാണ്ടിന് ശേഷം പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ ചൂഷിതനുവേണ്ടി ഒളിവില്‍ പോയ സഖാക്കളുടെ സ്ഥാനത്ത് ഗുണ്ടാ പിരിവും വിഷയ സുഖവും കൊണ്ട് ‘ഭരണവര്‍ഗ’ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകുന്ന സക്കീര്‍മാരും ജയന്തന്മാരുമാണ്. പാര്‍ട്ടി കല്‍പിച്ചു നല്‍കിയ പ്രത്യയ ശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞാണ് നന്ദിഗ്രാമിലും സിംഗൂരിലും പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊന്ന് പുതിയ സി.പി.എമ്മുകാര്‍ കുത്തക വ്യവസായിക്ക് ഭൂമി വിറ്റത്. ഇന്നാ ചുവപ്പന്‍ ബംഗാള്‍ ഭൂപടത്തില്‍ ത്രിവര്‍ണമയമാണ്. കണ്ണൂരിലെ രക്തസാക്ഷികളെക്കുറിച്ച് വീമ്പുപറഞ്ഞ് എതിരാളികളെ പച്ചക്ക് കൊന്നു തള്ളുന്ന പാര്‍ട്ടിക്ക് എതിരാളി ആരാണെന്നുപോലും തിട്ടമില്ലെന്നതിന്റെ തെളിവായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ അമ്പത്തൊന്ന് വെട്ടില്‍ നിന്നൊഴുകിയ കട്ടച്ചോര. കാലം പ്രത്യയ ശാസ്ത്രത്തെ തുരുമ്പെടുപ്പിക്കുമെന്ന് കാണിച്ചു തന്നത് കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനായിരുന്നു. ചൂഷിത തൊഴിലാളി വര്‍ഗം പുതിയ ചൂഷകക്കൂട്ടമായി മാറുകയും കിഴക്കന്‍ യൂറോപ്പിനെയാകെ ജനാധിപത്യത്തിന് വിട്ടുകൊടുക്കേണ്ടിയും വന്നു സഖാക്കള്‍ക്ക്. കേരളത്തില്‍ ഇതിനിടെ നിരവധി പാര്‍ട്ടി നേതാക്കള്‍ കൊലപാതക-സാമ്പത്തിക കേസുകളില്‍ പ്രതികളായി.

വര്‍ഗീയ ഫാസിസത്തില്‍ നിന്ന് തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും പാഞ്ഞു നടക്കുമ്പോള്‍ സക്കീര്‍മാരും ജയന്തന്മാരും കൊടി സുനിമാരും സിദ്ദീഖുമാരും വാഴുന്ന ഗുണ്ടാ സംഘമായി എ.കെ.ജിയുടെ സംഘടന താഴ്ന്നു പോകുകയാണോ എന്നത് അവരുടെ വ്രണിത ചിത്തത്തിന്റെ വേദനയാണ്. വരമ്പത്തുതന്നെ കൂലി കിട്ടുമെന്നും വണ്‍, ടൂ, ത്രീ കൊലകള്‍ നടത്തിയെന്നും വെല്ലുവിളിക്കുന്ന നേതാക്കളും കുടുംബക്കാരെ സര്‍ക്കാരിലേക്ക് വലിച്ചുകയറ്റിയ മന്ത്രിയും എം.പിയും ഓലക്കൂരയിലെ കട്ടന്‍ചായയില്‍ നിന്ന് ശീതീകൃത മാളികകളിലേക്ക് പൊന്തിയ പാര്‍ട്ടി ഓഫീസുകളുമുള്ളപ്പോള്‍ പുതിയ സഖാക്കള്‍ ഇങ്ങനെയൊക്കെയാവുന്നതില്‍ എന്തിന് വിസ്മയിക്കണം.

chandrika: