X
    Categories: MoreViews

വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ 45 വര്‍ഷം വേണ്ടി വരുമോ: മോദിയോട് രാഹുല്‍

 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സര്‍ക്കാര്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലം വരെ പാലിക്കപ്പെട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് 50 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വെറും 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബാക്കിയുള്ളത് നിര്‍മ്മിക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടി വരുമോ എന്ന് രാഹുല്‍ പരിഹാസ രൂപേണ ചോദിച്ചു. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി അമ്പത് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ഇത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.
22 വര്‍ഷമായി ബി.ജെ. പി ഭരിക്കുന്ന ഗുജറാത്തില്‍ ജനങ്ങള്‍ ഇപ്പോള്‍ തേടുന്നത് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണെന്നും അദ്ദേഹം പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി അമിതാഭ് ബച്ചനെക്കാളും മികച്ചയാളാണെന്ന് സാവര്‍ കുന്ദ്‌ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ രാഹുല്‍ ആരോപിച്ചു. കരയാന്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് കോണ്ടാക്ട് ലെന്‍സൊന്നും വേണ്ട. വരും ദിനങ്ങളില്‍ ഇനിയും അദ്ദേഹം വൈകാരികമായി പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തി 15 ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. പക്ഷേ പകരം വന്‍ വ്യവസായികളുടെ വായ്പകള്‍ എഴുതിത്തള്ളിയിരിക്കുന്നു.

chandrika: