X

വാംഖഡെയില്‍ ജെന്നിങ്‌സിന്റെ ദിനം

മുംബൈ: അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ കീറ്റന്‍ ജെന്നിങ്‌സിന്റെ (112) പിന്‍ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് അഞ്ചിന് 288 എന്ന ഭേദപ്പെട്ട നിലയില്‍. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും ജെന്നിങ്‌സുമായിരുന്നു ആദ്യ ദിനത്തിലെ ഹീറോകള്‍. അവസാന സെഷനിലാണ് ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ജെന്നിങ്‌സ് അലസ്റ്റര്‍ കുക്കിന്റെ 11-ാമത്തെ ഓപണിങ് പാര്‍ട്ട്ണര്‍ ആയത് എങ്ങിനെയു സംശയം പ്രകടിപ്പിച്ചവര്‍ക്ക് ജെന്നിങ്‌സ് ബാറ്റു കൊണ്ട് മറുപടി തീര്‍ക്കുകയായിരുന്നു.

പിതാവും മുന്‍ കോച്ചുമായ റേയുടെ പിന്‍ബലത്തില്‍ ടീമിലെത്തിയ ജെന്നിങ്‌സിന്റെ ബാറ്റിങ് ശേഷിയെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ തന്നെ ജെന്നിങ്‌സ് മറുപടി തീര്‍ത്തു. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷുകാരനും 69-ാമത്തെ ഓപണിങ് ബാറ്റ്‌സ്മാനുമാണ് ജെന്നിങ്‌സ്. പരമ്പര നഷ്ടം ഒഴിവാക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ഇംഗ്ലണ്ട് നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഉമേഷ് യാദവിന്റെ പന്തില്‍ കരുണ്‍ നായര്‍ ജെന്നിങ്‌സിനെ പിടികൂടിയിരുന്നുവെങ്കില്‍ സ്‌കോര്‍ ബോര്‍ഡിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. തുടക്കത്തിലെ പതര്‍ച്ചക്കു ശേഷം ക്യാപ്റ്റന്‍ കുക്കും- ഹസീബ് ഹമീദിനു പകരക്കാരനായി എത്തിയ ജെന്നിങ്‌സും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ആദ്യ വിക്കറ്റില്‍ ഇരുവരും 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത കുക്ക് കൂറ്റനടിക്ക് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ കുക്കിനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നാലെ എത്തിയ ജോ റൂട്ട് (21) ജെന്നിങ്‌സുമൊത്ത് സ്‌കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചെങ്കിലും 21 റണ്‍സെടുത്ത റൂട്ട് അശ്വിന്റെ പന്തില്‍ കോലിക്കു പിടികൊടുത്ത് മടങ്ങി. ഇതോടെ പതിവ് ഇംഗ്ലീഷ് തകര്‍ച്ച മുംബൈയിലും ആരംഭിച്ചെന്നു തോന്നിയെങ്കിലും മൂന്നാം വിക്കറ്റില്‍ മോയിന്‍ അലിയും (50) ജെന്നിങ്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 200 കടത്തി. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അശ്വിന്‍ തന്നെയാണ് ഈ കൂട്ടുകെട്ടും അവസാനിപ്പിച്ചത്. മോയിന്‍ അലി മടങ്ങിയതിനു തൊട്ടു പിന്നാലെ ജെന്നിങ്‌സും മടങ്ങി. 219 പന്തില്‍ 13 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ജെന്നിങ്‌സിന്റെ കന്നി ശതകം.

ബെയര്‍ സ്‌റ്റോ (14) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. അഞ്ചിന് 249 എന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ബെന്‍സ്റ്റോക്‌സും (25*), ജോസ് ബട്ട്‌ലറും (18*) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ ദിനം പൂര്‍ത്തിയാക്കി. ഇന്ത്യക്കു വേണ്ടി അശ്വിന്‍ നാലു വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. ആദ്യ ദിനം തന്നെ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭ്യമായതോടെ രണ്ടാം ദിനത്തില്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലീഷ് നിര ബെന്‍ സ്‌റ്റോകിലേക്കാണ് ഉറ്റു നോക്കുന്നത്. 83 വര്‍ഷത്തിനിടെ മുംബൈയില്‍ മുംബൈക്കാരനില്ലാതെ ആദ്യമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറും അജിന്‍ക്യ രഹാനെക്കു പകരം ഓപണര്‍ കെ.എല്‍ രാഹുലും തിരിച്ചെത്തി. ഇംഗ്ലീഷ് നിരയില്‍ പരിക്കേറ്റ ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിനു പകരം ജെയ്ക് ബാളും ഹസീബ് ഹമീദിനു പകരം ജെന്നിങ്‌സും എത്തി. സ്‌കോര്‍ ഇംഗ്ലണ്ട് 288/5.

chandrika: