ബീജിങ്: സംഘര്‍ഷം ആളിക്കത്തിക്കുന്ന വാചകക്കസര്‍ത്തുകള്‍ ഒഴിവാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണകൂടത്തെയും ഉപദേശിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. ട്രംപിനെ ഫോണില്‍ വിളിച്ചാണ് ജിന്‍പിങ് പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. കൊറിയന്‍ മേഖലയെ ആണവായുധ മുക്തമാക്കുകയെന്നത് അമേരിക്കയുടെയും ചൈനയുടെയും പൊതുലക്ഷ്യമാണെന്ന് ജിന്‍പിങ് ഓര്‍മിപ്പിച്ചു.
സംയമനം പാലിക്കണമെന്ന ചൈനീസ് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയെക്കുറിച്ച് വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ നേരിട്ട് പരാമര്‍ശമൊന്നുമില്ല. ഉത്തരകൊറിയന്‍ പ്രശ്‌നത്തിന് സാധാനപരമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹൗസ് പറഞ്ഞു. നേരത്തെ ഉത്തരകൊറിയന്‍ ഭരണകൂടത്തെ പിടിച്ചുകെട്ടാത്തതിന് ട്രംപ് ചൈനയെ കുറ്റപ്പെടുത്തിയിരുന്നു. ഓരോ ദിവസവും യുദ്ധഭീതി നിറഞ്ഞ പ്രസ്താവനകളാണ് അമേരിക്കയും ഉത്തരകൊറിയയും നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്തരകൊറിയക്കുമേല്‍ അഗ്നിയും രോഷവും വര്‍ഷിക്കുമെന്ന് ട്രംപും ഗുവാമിലെ യു.എസ് താവളം ആക്രമിക്കുമെന്ന് പ്യോങ്യാങും ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ദുരന്തപൂര്‍ണമായ അന്ത്യം കാണാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നല്ലരീതിയില്‍ സംസാരിക്കുകയും ശരിയായി പ്രവര്‍ത്തിക്കുകയുമാണ് ട്രംപ് ഭരണകൂടത്തിന് ഗുണം ചെയ്യുകയെന്ന് ഉത്തരകൊറിയ ഇന്നലെയും ഓര്‍മിപ്പിച്ചു.
ജൂലൈയില്‍ ഉത്തരകൊറിയ രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതോടെ കൊറിയന്‍ മേഖലയിലെ സംഘര്‍ഷം അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കിക്കൊണ്ടുള്ള യു.എന്‍ പ്രഖ്യാപനം ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഗുവാമിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന ഉത്തരകൊറിയയുടെ പ്രസ്താവനയാണ് ചൈനയെ അടിയന്തര ഇടപെടലിന് നിര്‍ബന്ധിച്ചത്. ഗുവാം സുരക്ഷിതമാണെന്നും യു.എസ് ദ്വീപിനോടൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ടെന്നും ഗുവാം ഗവര്‍ണറെ ഫോണില്‍ വിളിച്ച് ട്രംപ് അറിയിച്ചിരുന്നു. അമേരിക്കയും ഉത്തരകൊറിയയും നടത്തിക്കൊണ്ടിരിക്കുന്ന വാചകക്കസര്‍ത്തില്‍ റഷ്യയും ജര്‍മനിയും ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഗുവാമിനെ ആക്രമിക്കുമെന്ന ഉത്തരകൊറിയന്‍ ഭീഷണി കണക്കിലെടുത്ത് ജപ്പാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ജപ്പാനു മുകളിലൂടെ നാലു മിസൈലുകള്‍ അയക്കുമെന്നാണ് പ്യോങ്യാങിന്റെ ഭീഷണി.
- 7 years ago
chandrika
Categories:
Video Stories