X

വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകരുത്: മുസ്‌ലിംലീഗ്

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതമായ നീളുന്നത് കടുത്ത ആശങ്കയുളവാക്കുന്നതായി മുസ്‌ലിംലീഗ്. വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞടുപ്പിന് കേവലം ഇരുപത്തിയഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് വയനാട്ടിലെ യു.ഡി.എഫ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകരിലും അണികളിലും അസ്വസ്ഥതയും നിരാശയുമുണ്ടാക്കാന്‍ കാരണമാകുമെന്ന് വയനാട് ജില്ലാ ഭാരവാഹികളുടെ യോഗം ചൂണ്ടിക്കാട്ടി.

വയനാടിന്റെ സമഗ്ര വികസനത്തിന് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാവുമെന്ന് മുസ്‌ലിംലീഗ് യോഗം വിലയിരുത്തി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരുടെ ഉജ്ജ്വല വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ യോഗം മുസ്‌ലിംലീഗ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, ടി മുഹമ്മദ്, പടയന്‍ മുഹമ്മദ്, പി ഇബ്രാഹിം മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി, യഹ്‌യാഖാന്‍ തലക്കല്‍ സംസാരിച്ചു.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം വൈകുന്നതില്‍ ലിഗിന്റെ ആശങ്ക സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അധികം വൈകാതെ തീരുമാനമുണ്ടാകും. അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കുമെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

chandrika: