കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് മേല്‍ക്കൈ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 71.3 ഓവറില്‍ 238 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സെന്ന നിലയിലാണ്. രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഡല്‍ഹിക്ക് ഇനിയും 201 റണ്‍സ് കൂടി വേണം. രാജസ്ഥാന് വേണ്ടി അമിത് കുമാര്‍ ഗൗതവും ഡല്‍ഹിക്കായി ശിഖര്‍ ധവാനും മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ ചുരുക്കത്തില്‍. രാജസ്ഥാന്‍ 238/10. (എ.ഗൗതം 106, നവ്ദീപ് സൈനി 28/3, വികാസ് ടോകസ് 48/3. ഡല്‍ഹി: 37/0 . ധവാന്‍ 29*, ഗൗതം ഗംഭീര്‍ 6*
നേരത്തേ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് പന്തെറിഞ്ഞ ഡല്‍ഹി പേസര്‍മാര്‍ ക്യാപറ്റന്റെ തീരുമാനം ശരിവെക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹിയുടെ വരുതിയിലായിരുന്നു മത്സരത്തിലെ ആദ്യദിനം മുഴുവന്‍. ആദ്യ സെഷന് ശേഷം പിച്ച് ബാറ്റിംഗിന് അനുകൂലമായിട്ടും ഏഴ് രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ലഞ്ചിന് ശേഷവും വിക്കറ്റ് വീഴ്ച തുടര്‍ന്നതോടെ ടീം സ്‌കോള്‍ 200 കടക്കില്ലെന്ന നിലയില്‍ പതറുകയായിരുന്ന ടീമിനെ ഓപ്പണറായിറങ്ങി മികച്ച ബാറ്റിംഗ് പുറത്തെടുത്ത അമിത് കുമാര്‍ ഗൗതം സെഞ്ച്വറി പ്രകടനവുമായി ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. 15 ബൗണ്ടറിയും 2 സിക്‌സുമുള്‍പ്പെടെ 182 പന്തുകളില്‍ നിന്നാണ് ഗൗതം ഡല്‍ഹിക്കെതിരെ ആദ്യ സെഞ്ച്വറി ആഘോഷിച്ചത്. ഗൗതം പുറത്തായതോടെ ചടങ്ങ് തീര്‍ക്കല്‍ മാത്രമായി രാജസ്ഥാന്റെ ആദ്യ ഇന്നിംഗ്‌സ്. ഡല്‍ഹിക്ക് വേണ്ടി നവ്ദീപ് സൈനിയും വികാസ് ടോകസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സുമിത് സര്‍വാളിനും മനന്‍ ശര്‍മ്മയ്ക്കുമാണ് അവശേഷിച്ച വിക്കറ്റുകള്‍ ലഭിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക്് വേണ്ടി ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്ത് കഴിയുന്ന ഗൗതം ഗംഭീറും ശിഖര്‍ ധവാനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പതുക്കെ തുടങ്ങിയ ഇരുവരും പതിയെ ടോപ് ഗിയറിലേക്ക് മാറുകയായികുന്നു. ധവാനായിരുന്നു കൂടുതല്‍ അക്രമണകാരി. കളിയവസാനിക്കുമ്പോള്‍ 39 പന്തില്‍ ആറ് ബൗണ്ടറികളോടെ 29 റണ്‍സുമായി ധവാനും 28 പന്തില്‍ 6 റണ്‍സുമായി ഗംഭീറുമാണ് ക്രീസില്‍. ഒരേ സമയം ദേശീയ ടീമിലിടവും രാജസ്ഥാന് മേല്‍ സമ്മര്‍ദവും എന്ന ഇരട്ട ലക്ഷ്യത്തിലേക്കായിരിക്കും ഇന്ന് ഡല്‍ഹിയുടെ ഓപ്പണിംഗ് ജോഡി ബാറ്റേന്തുക.