അതീവ സുരക്ഷയുള്ള എം.എല്‍.എ ഹോസ്റ്റലിലും നിയമസഭയിലും അധികൃതരെ ഞെട്ടിച്ച് വന്‍മോഷണം. വന്‍വില വരുന്ന അഗ്നിശമന ഉപകരണങ്ങളുടെ ലോഹഭാഗങ്ങളാണ് ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടെ നിന്ന് മോഷണം പോയത്. തീപിടിത്തമുണ്ടായാല്‍ അണയ്ക്കാനായി എം.എല്‍.എ ഹോസ്റ്റലിലെ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിച്ചിരുന്ന ഫയര്‍ബോക്‌സിലെ വിലപിടിപ്പുള്ള പിച്ചള ലോഹങ്ങളാണ് മോഷ്ടിച്ചിരിക്കുന്നത്. സംഭവം പുറത്തായതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സുരക്ഷാ ചുമതലയുള്ള ചീഫ് മാര്‍ഷലിനോട് നിര്‍ദേശിച്ചു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ പൊലീസില്‍ പരാതി നല്‍കും.
എം.എല്‍.എമാരുടെ മുറിക്ക് മുന്നില്‍ സ്ഥാപിച്ച ബോക്സിലെ ചില്ലുകള്‍ തകര്‍ത്തും പൂട്ട് തുറന്നുമാണ് പിച്ചളയിലുള്ള കംപ്ലിങ്ങും നോസിലും മോഷ്ടിച്ചത്. ലോഹകഷണങ്ങള്‍ മുറിച്ചെടുത്താണ് കൊണ്ടുപോയത്. തീപടര്‍ന്നാല്‍ വെള്ളം ഒഴിക്കാനുള്ള ഉപകരണങ്ങള്‍ മോഷണം പോയതോടെ സുരക്ഷ പ്രശ്നങ്ങളുമുണ്ടായിരിക്കുകയാണ്. രണ്ടിടത്തുമായി 34 സ്ഥലങ്ങളിലാണ് മോഷണം നടന്നത്. എം.എല്‍.എ ഹോസ്റ്റലിലെ ചന്ദ്രഗിരി, നെയ്യാര്‍ ബ്ലോക്കിലാണ് വ്യാപകമായി മോഷണം നടന്നിരിക്കുന്നത്. രണ്ടെണ്ണം നിയമസഭ മന്ദിരത്തില്‍ നിന്നും കടത്തി.
സര്‍ക്കാര്‍ വന്നതിനുശേഷം നടന്ന സുരക്ഷാ പരിശോധനയില്‍ 22 ഫയര്‍ബോക്സുകളില്‍ മോഷണം കണ്ടെത്തി. കള്ളനുവേണ്ടി വാച്ച് ആന്‍ഡ് വാഡന്‍മാര്‍ രഹസ്യ അന്വേഷണം നടത്തുന്നതിനിടെ പല സ്ഥലങ്ങളില്‍ നിന്നായി 10 എണ്ണം കൂടി മോഷ്ടിക്കപ്പെട്ടു. ഇതോടെ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. ഇവിടെ സി.സി.ടി.വി ഇല്ലാത്തതിനാല്‍ കള്ളമാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഹോസ്റ്റലിലെ ചില അന്തേവാസികളെയാണ് സംശയിക്കുന്നത്. ഇവരുടെ വാഹനങ്ങള്‍ പോലും പരിശോധിക്കാന്‍ പൊലീസിനെ അനുവദിക്കാറില്ല.
അതുകൊണ്ട് മോഷണ സാധനങ്ങളുടെ കടത്തലും കണ്ടെത്താനായിട്ടില്ല. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് നിരന്തമായി മോഷണം നടന്നത് നണക്കേടുണ്ടാക്കുമെന്നതിനാല്‍ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. തീയണക്കാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ കാണാതായത് അഗ്നിശമനസേനയും നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
മോഷണവിവരം പുറത്ത് വന്നതിന് പിന്നാലെ നിയമസഭയുടെ സുരക്ഷ വര്‍ധിപ്പിക്കാനും പ്രധാനഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനും നിയമസഭാ സെക്രട്ടറിയേറ്റ് ശ്രമം ആരംഭിച്ചു. ഇതിനായി അടിയന്തരമായി പണം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നോഡല്‍ എജന്‍സികളെയാവും ക്യാമറ സ്ഥാപിക്കാനുള്ള ചുമതല ഏല്‍പ്പിക്കുക.