X

വനിതാ പൊലീസുകാര്‍ക്ക് അവഗണന

തിരുവനന്തപുരം: വനിതാ പൊലീസ് 1991 ബാച്ചിലെ നൂറോളം പേര്‍ക്ക് പ്രമോഷന്‍ നല്‍കാതെ സര്‍ക്കാരിന്റെ അവഗണന. 1995 വരെയുള്ള വനിതാ പൊലീസുകാരെ ‘ക്ലോസ്ഡ് വിംഗ്’ ആക്കി പ്രമോഷന്‍ തടഞ്ഞിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് 56 വനിതാ എസ്.ഐമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴും മൂന്ന് വര്‍ഷം മാത്രം സര്‍വീസ് ബാക്കിയുള്ള 30ഓളം വനിതാ പൊലീസുകാര്‍ക്ക് 27 വര്‍ഷത്തെ സര്‍വീസിനിടെ ഒരു പ്രമോഷന്‍ പോലും നല്‍കിയിട്ടില്ല. കേരള പൊലീസ് അക്കാദമിയില്‍ ഗ്രേഡ് എ.എസ്.ഐമാരായ 15 പേരുടെയും പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പൊലീസ് അക്കാദമിയില്‍ തന്നെ എസ്.ഐ തസ്തികയുണ്ടായിട്ടും ഇത് നികത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
അതേസമയം സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രമോഷന്‍ നല്‍കിയിരുന്നു. 1991 ബാച്ചിലെ വനിതാ പൊലീസ് ലിസ്റ്റില്‍ ഉള്ളത് 247 പേരാണ്. ഇതില്‍ 23 പേരെ നേരത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി ഉദ്യോഗക്കയറ്റം നല്‍കി ജില്ലകളിലെ വനിതാ സെല്ലുകളില്‍ നിയമിക്കുകയായിരുന്നു. ഇവരില്‍ ഒരാളെ ഡിവൈ.എസ്.പിയാക്കി തിരുവനന്തപുരത്തും നിയമനം നല്‍കി. അതേസമയം ഇതേ ലിസ്റ്റില്‍ പെട്ട ബാക്കിയുള്ളവര്‍ ഗ്രേഡ് എ.എസ്.ഐമാരായി തുടരുന്നു. 1991 മുതല്‍ 2011 വരെ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഇവരെ 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത്. മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കണമെന്ന ആവശ്യവുമായി വനിതാ പൊലീസുകാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്തുടനീളം വനിതാ പൊലീസ് സെല്ലുകളും പൊലീസ് സ്റ്റേഷനുകളും സ്ഥാപിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്.ഐമാരാകാന്‍ യോഗ്യരായ നൂറോളം പേര്‍ ഇപ്പോഴും എച്ച്.സിമാരായി തുടരുന്നത്. ഇവരിലേറെയും കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ 1991, 92 ബാച്ചുകളില്‍ നിന്നുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. വനിതാ പൊലീസുകാരോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനം ന്യായീകരിക്കാനാകാത്തതാണെന്ന് ഇവര്‍ പറയുന്നു. പൊലീസ് അസോസിയേഷനും സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം താലൂക്ക് അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന പുതിയ വനിതാ പൊലീസ് സ്റ്റേഷനുകള്‍ വരുമ്പോള്‍ ഇവരെ പ്രമോഷനോടു കൂടി അവിടങ്ങളില്‍ നിയമിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന മറുപടി.

chandrika: