X

ലോക നേതാക്കള്‍ സമ്മേളിക്കുന്നു വാക്‌പേരിന് വേദി ഒരുങ്ങി

സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ

ഏഷ്യയിലും മധ്യപൗരസ്ത്യ ദേശത്തും സംഘര്‍ഷം സങ്കീര്‍ണമാകുമ്പോഴും പരിഹാരനീക്കം അകലെ തന്നെ. ‘ശീതയുദ്ധ’ കാലഘട്ടത്തേക്കാള്‍ അപകടകരവും ഭയാനകവുമായി സംഘര്‍ഷം വളരുന്നു. പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വന്‍ശക്തികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം കൊഴുപ്പിക്കുകയാണ്. ആയുധ കച്ചവടം വ്യാപകം. പ്രശ്‌ന പരിഹാരത്തിന് മുന്നില്‍ നില്‍ക്കേണ്ട ലോകവേദി യു.എന്‍, കേവലം മൂകസാക്ഷി മാത്രം. ലോക നേതാക്കള്‍ അണിനിരക്കുന്ന യു.എന്‍ പൊതുസഭയുടെ 73-ാമത് സമ്മേളനം ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ തുടങ്ങി കഴിഞ്ഞു. സുപ്രധാന ഡിബേറ്റ് സെപ്തംബര്‍ 25 മുതല്‍ ഒമ്പത് ദിവസം. വാക്‌യുദ്ധവും കൊമ്പ്‌കോര്‍ക്കലും സംവാദത്തിനിടെ പ്രകടമാവുമെങ്കിലും ‘റിസള്‍ട്ട്’ ആരും പ്രതീക്ഷിക്കുന്നില്ല. അതാണല്ലോ മുന്‍കാല പതിവ്.

സിറിയ, റോഹിന്‍ഗ്യ, കൊറിയ, യെമന്‍ എന്നീ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയില്‍ ഊന്നുമെങ്കിലും അമേരിക്ക-ഇറാന്‍ ഏറ്റുമുട്ടലിനാകും എല്ലാവരും കാതോര്‍ക്കുക. ഇറാന്‍ ആണവ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയുടെ വീമ്പ് പറച്ചിലിന് മുന്‍കാല സ്വീകാര്യത ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇന്ത്യക്കെതിരായ പാക്കിസ്താന്റെ കടന്നാക്രമണം, ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ഭരണകൂട അതിക്രമം തുടങ്ങിയവയും വിഷയീഭവിക്കും. പൊതുസഭയുടെ മുന്നോടിയായി നടക്കാറുള്ള രക്ഷാസമിതിയില്‍ തന്നെ ഇറാന് എതിരെ അമേരിക്ക ‘കടന്നാക്രമണം’ നടത്തിയിരുന്നു. സമിതിയുടെ സെപ്തംബര്‍ മാസത്തെ അധ്യക്ഷ പദവി അമേരിക്കക്ക് ആയതിനാല്‍ അവരുടെ ‘പ്രകടനം’ മികച്ചതാക്കാന്‍ ശ്രമം. അന്താരാഷ്ട്ര നിയമങ്ങള്‍ ഇറാന്‍ ലംഘിക്കുന്നു എന്നാണ് പ്രധാന ആരോപണം. സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഇറാന്‍ ഇടപെടുന്നുവെന്നാണ് പ്രധാന ആരോപണം. തീവ്രവാദ ശക്തികള്‍ക്ക് കരുത്ത് പകരുന്നതും ഇറാന്‍ എന്നാണ് പരാതി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആണ് പൊതുസഭയില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക. കഴിഞ്ഞാഴ്ച ഇറാനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നതിനാല്‍, വേദിയിലെത്തുന്ന ഇറാനിയന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി തിരിച്ചടി ‘സ്‌ഫോടനം’ ആയുധമാക്കുമെന്നാണ് ഇറാനിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആണവ കരാറില്‍നിന്നുള്ള പിന്മാറ്റം അമേരിക്കക്ക് സഖ്യരാഷ്ട്രങ്ങളില്‍ നിന്നുള്ള പിന്തുണക്ക് ഇടിവ് സംഭവിക്കും. സിറിയ, യെമന്‍ സംഘര്‍ഷങ്ങളില്‍ ഇറാന്‍ ഇടപെടുന്നുവെന്ന ആരോപണം ഫലപ്രദമായി ഉന്നയിക്കാന്‍ ഇത്മൂലം അമേരിക്കക്ക് കഴിയാതെ പോകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കക്ക് ശക്തമായ പിന്‍ബലം നല്‍കിവരുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളും യു. എന്‍ രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളില്‍ അമേരിക്ക ഒഴികെ നാല് രാഷ്ട്രങ്ങളും ആണവ കരാറിന്റെ കാര്യത്തില്‍ ഇറാനൊപ്പം ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ വാദങ്ങള്‍ക്ക് മൂര്‍ച്ഛ കുറയും. ഇറാന്റെ സേച്ഛാധിപത്യ നിലപാടും തീവ്രവാദ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും പൊതുസഭയില്‍ ഉന്നയിക്കാന്‍ ഏതാനും അറബ് രാഷ്ട്രങ്ങളും ഇസ്രാഈലും മാത്രമായി അവശേഷിക്കാനാണ് സാധ്യത. ലോക ക്രമത്തില്‍ സമീപകാലം സംഭവിച്ച മാറ്റങ്ങള്‍ പൊതുസഭ ചര്‍ച്ചയില്‍ പ്രതിഫലിക്കും. സിറിയയിലും യമനിലും അറബ് പക്ഷത്ത് നിലകൊള്ളുന്ന അമേരിക്കക്ക് പിന്തുണ നല്‍കാന്‍ അറബ് രാഷ്ട്രങ്ങള്‍ രംഗത്ത്‌വരുമെങ്കിലും ഒപ്പംനില്‍ക്കേണ്ട തുര്‍ക്കി നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങും. ഫലസ്തീന്‍ ഇസ്രാഈല്‍ സൃഷ്ടിക്കുന്ന ഭീകരതയുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് ഒപ്പം അമേരിക്ക മാത്രമാവും. ഫലസ്തീന്‍ രാഷ്ട്രത്തിനും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക നല്‍കിവന്ന ഫണ്ട് നിര്‍ത്തലാക്കുകയും ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തതോടെ അമേരിക്ക ഒറ്റപ്പെടുന്ന സ്ഥിതിയുമുണ്ട്.

പൊതുസഭ മുമ്പാകെ എത്തുന്ന മറ്റൊരു പ്രധാന പ്രശ്‌നം മ്യാന്‍മറില്‍ റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പീഡനമാണ്. കനേഡിയന്‍ പാര്‍ലമെന്റ് മ്യാന്‍മറിന് എതിരെ ഉപരോധം പ്രഖ്യാപിച്ചു. സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറസ് നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നടുക്കുന്നതാണ്. ഏഴ് വര്‍ഷം റോഹിന്‍ഗ്യകള്‍ അഭയാര്‍ത്ഥികളായി അയല്‍പക്ക രാഷ്ട്രമായ ബംഗ്ലാദേശിലാണ്. കഴിഞ്ഞ വര്‍ഷം പൊതുസഭയില്‍ ഒ.ഐ.സി രാഷ്ട്രങ്ങള്‍ അവതരിപ്പിച്ച പ്രമേയം (122-10) വന്‍ പിന്തുണയില്‍ പാസായതാണ്. ചൈനയും റഷ്യയും ഉള്‍പ്പെടെ പത്ത് രാഷ്ട്രങ്ങളാണ് പ്രമേയത്തെ എതിര്‍ത്തിരുന്നത്. ഇത്തവണയും അത് തന്നെ ആവര്‍ത്തിക്കും. മ്യാന്‍മര്‍ സൈനിക മേധാവിയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുമ്പാകെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂകിയും ‘ജനാധിപത്യ’ ഭരണകൂടവും അനുകൂലമല്ല. സൂകിയുടെ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. എങ്കിലും ഭരണം പൂര്‍ണമായും നിയന്ത്രിക്കുന്നത് സൈന്യം തന്നെ. സമാധാന നോബേല്‍ ജേതാവ് നോക്കുകുത്തി മാത്രം. മ്യാന്‍മര്‍ സൈനിക നേതൃത്വത്തിന് ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. മ്യാന്‍മറിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ ഉപരോധം ഉണ്ടെങ്കിലും ആയുധം നല്‍കുന്നത് ചൈനയാണ്. ഇന്ത്യയുടെ അയല്‍പക്ക രാഷ്ട്രങ്ങളെ ഒപ്പംനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ചൈനീസ് സമീപനം. മാത്രമല്ല, ചൈനീസ് പ്രവിശ്യയായ സിന്‍ജിയാംഗില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് എതിരായ ചൈനീസ് അതിക്രമത്തിന് സമാനമാണ് റോഹിന്‍ഗ്യന്‍ പ്രശ്‌നവും. അതുകൊണ്ട് തന്നെ മ്യാന്‍മര്‍ ഭരണകൂടത്തെ പിന്തുണ നല്‍കുക സ്വാഭാവികം. (മ്യാന്‍മറിനെ പോലെ ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച നമ്മുടെ മറ്റൊരു അയല്‍രാജ്യമാണ് മാലിദ്വീപ്. ചൈന പക്ഷക്കാരനായ പ്രസിഡണ്ട് അബ്ദുല്ല യാമന്റെ ഭരണകൂടം തെരഞ്ഞെടുപ്പില്‍ പുറത്തായത് ആശ്വാസകരം.)

പൊതുസഭയില്‍ സംബന്ധിക്കാന്‍ 193 അംഗ രാഷ്ട്രങ്ങളില്‍നിന്നും നായകര്‍ എത്തും. പൊതുസഭാ തീരുമാനത്തിന് യാതൊരു വിലയുമില്ല. എല്ലാം രക്ഷാസമിതിയില്‍ കേന്ദ്രീകരിക്കുന്നു. 15 അംഗ രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികള്‍ക്ക് സൂപ്പര്‍ പവര്‍. അവരില്‍ ഒരംഗം വീറ്റോ പ്രയോഗിച്ചാല്‍ ഏത് തീരുമാനത്തിനും വിലയില്ല. യു.എന്‍ രൂപീകരണ ഘട്ടത്തില്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യ പോലുള്ള ശക്തികള്‍ ഇപ്പോഴും രക്ഷാസമിതിക്ക് പുറത്താണ്. യു.എന്നിനെ ജനാധിപത്യവത്കരിക്കണമെന്ന ആവശ്യം ഉയരുന്നത് അവഗണിക്കപ്പെടുന്നു. പഞ്ചമഹാ ശക്തികള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അധികകാലം ഈ ആവശ്യത്തെ തടഞ്ഞുനിര്‍ത്താനാവില്ല.

chandrika: