X
    Categories: MoreViews

ലൈഫ് ഭവന പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാന്‍ ഗൂഢപദ്ധതി

 

ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം

ലൈഫ് ഭവന പദ്ധതിയില്‍ പാര്‍ട്ടി ലിസ്റ്റ് പ്രകാരം ഉള്‍പ്പെടുത്താന്‍ ഗൂഢനീക്കം. ലൈഫ് മിഷന്‍ ഉപസമിതിയുടെ ഈയ്യിടെ ചേര്‍ന്ന യോഗത്തിലെ മൂന്നാമത് അജണ്ടയിലാണ് ഇതിനു വഴിതുറക്കുന്ന തീരുമാനമെടുത്തത്. മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, എന്നിവര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കാനാണ് ലൈഫ് മിഷന്‍ തീരുമാനം. ലൈഫ് ഭവന ലിസ്റ്റില്‍ നിന്നും നിരവധി അര്‍ഹര്‍ പുറത്തു നില്‍ക്കുമ്പോഴാണ് അന്തിമപട്ടികക്ക് ശേഷവും മുഖ്യമന്ത്രിക്കും മറ്റും ലഭിക്കുന്ന അപേക്ഷകളില്‍ ലൈഫ് മിഷന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കുന്നത്. ഭവനപദ്ധതിയില്‍ ഇഷ്ടക്കാര്‍ക്ക് അവസരം കൊടുക്കാനാണിതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നിരവധി മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചതിനാല്‍ ലിസ്റ്റില്‍ നിന്നും പുറത്തായവരെ സര്‍ക്കാറിനു മുന്നില്‍ കൈനീട്ടിക്കാനും അതുവഴി പാര്‍ട്ടി വളര്‍ത്താനാകുമോ എന്നുമാണ് ഈ തീരുമാനത്തില്‍ പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കെ ഇതിനെ അട്ടിമറിച്ചാണ് തുടക്കം മുതലേ ലൈഫ് ഭവനപദ്ധതിയില്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിലും അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും ലിസ്റ്റില്‍ നിന്നും പുറത്താണ്. ഒരു റേഷന്‍ കാര്‍ഡില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാവൂവെന്ന തീരുമാനം മൂലം പതിനായിരക്കണക്കിനാളുകളാണ് പുറത്തായത്.
ലിസ്റ്റില്‍ നിന്നും കൂടുതല്‍ പേരെ പുറത്തു നിര്‍ത്തിയത് സി.പി.എമ്മിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. പുറത്തായവരെ സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കിച്ച് പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള നീക്കമാണ് ലൈഫ് മിഷന്‍ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. രണ്ട് വര്‍ഷമായി തദ്ദേശസ്ഥാപനങ്ങളില്‍ ഭവനപദ്ധതി നടക്കുന്നില്ല. വീടിന്റെ അറ്റകുറ്റ പണിക്കുള്ള സഹായം പോലും ലൈഫ് മൂലം നിശ്ചലമായി. ലൈഫ് ലിസ്റ്റ് തയാറാക്കുന്ന നടപടികളാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അറിയിപ്പ് നല്‍കിയെന്നല്ലാതെ ലിസ്റ്റില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയപ്പോഴും അര്‍ഹര്‍ പുറത്തു തന്നെ നിന്നു. മുനിസിപ്പല്‍-പഞ്ചായത്ത് തലത്തില്‍ അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചുവെങ്കിലും അത് കടലാസില്‍ മാത്രമാക്കി. ഇതിനിടക്കാണ് മുഖ്യമന്ത്രിക്കും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കും ലഭിക്കുന്ന അപേക്ഷകളും പരിശോധിച്ച് പരിഗണിക്കാന്‍ ലൈഫ് മിഷന്‍ സംസ്ഥാന ഉപസമിതി തീരുമാനമെടുത്തത്. ലൈഫില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാത് തദ്ദേശസ്ഥാപനത്തില്‍ തന്നെ അപേക്ഷ നല്‍കാനും അര്‍ഹരാണെന്ന് ബോധ്യപ്പെടുത്താനും തുടര്‍ന്നും അവസരം നല്‍കാമെന്നിരിക്കെ ഇത് അട്ടിമറിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും അപേക്ഷകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതില്‍ പിന്നില്‍ ദുരൂഹതകളേറെയാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണ്. സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗവാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് ലൈഫ് മിഷന്‍ പറയുന്നത്. നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായ വീടുപണി പൂര്‍ത്തിയാകാത്തവര്‍ പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താത്കാലിക വീടുള്ളവര്‍ ഭൂമിയേ ഇല്ലാത്തവര്‍ എന്നിങ്ങനെയാണ് ഗുണഭോക്താക്കള്‍. ആകെയുള്ള ഭവനരഹിതരില്‍ 10.4 ശതമാനത്തോളം വരുന്നതാണ് ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍.
വിവിധ വകുപ്പുകളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവനപദ്ധതികളെയാണ് സംയോജിപ്പിച്ച് ലൈഫ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നത്. ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് പറയുമ്പോഴും ഇത്തരക്കാരിലേറെ പട്ടികക്ക് പുറത്താണിപ്പോഴും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുകയെന്ന ലൈഫ് മിഷന്‍ തീരുമാനമാണ് പദ്ധതിയെ ആകെ അട്ടിമറിച്ചത്. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളും പോളിടെക്‌നിക്കുകളും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ തേര്‍ഡ് പാര്‍ട്ടി ടെക്‌നിക്കല്‍ ഏജന്‍സികളായിരിക്കും. ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്‍കുന്നതിനുമായി എന്‍.ഐ.റ്റി കോഴിക്കോടിനെയും സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യ തേര്‍ഡ് പാര്‍ട്ടി ടെക്‌നിക്കല്‍ ഏജന്‍സികളായി നിയമിച്ചിട്ടുണ്ട്.

chandrika: