X

ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സലാഹിനെ തേടിയെത്തിയത് റെക്കോര്‍ഡുകള്‍


മാഡ്രിഡ്: ടോട്ടന്‍ഹാം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഒരു ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് അപൂര്‍വ റെക്കോര്‍ഡുകളാണ് കൈവന്നിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ താരമാണ് മുഹമ്മദ് സലാഹ്. ഒരു ഈജിപ്ഷ്യന്‍ താരം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേടുന്ന ആദ്യ ഗോളായും സലാഹിന്റെ ഗോള്‍ മാറി. ഒറിഗിയാണ് ലിവര്‍പൂളിനു വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത്.

മത്സരം തുടങ്ങി ആദ്യ നിമിഷത്തില്‍ തന്നെ ടോട്ടന്‍ഹാം പിഴവ് വരുത്തി. ചെമ്പട നടത്തിയ മുന്നേറ്റത്തിനൊടുവില്‍ സിസോക്കോയുടെ കയ്യില്‍ പന്തു കൊണ്ടു. ലിവര്‍പൂളിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മുഹമ്മദ് സലാഹിനു പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. അതേ സമയം പന്തു കൂടുതല്‍ കൈവശം വച്ചത് ടോട്ടന്‍ഹാം ആയിരുന്നെങ്കിലും ജയം അകന്നു നിന്നു. 87ാം മിനിറ്റില്‍ ഒറിഗിയുടെ ഗോള്‍ കൂടി പിറന്നതോടെ 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ കൂടി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു.

web desk 1: