കൊച്ചി: സംവിധായകനും നടനുമായ ലാലിനും മകന്‍ ജീന്‍പോളിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍. കരാര്‍ ലംഘത്തിനെതിരെ പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമല്ലാതെ മറ്റൊന്നല്ലെന്ന് കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. ഹണി ബീ ടു സിനിമയില്‍ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതിനെതിരെ സംവിധായകനും ലാലിന്റെ മകനുമായ ജീന്‍ പോളിനെതിരെ നടി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടിക്കെതിരെ ലാല്‍ രംഗത്തെത്തുകയും ചെയ്തു.
മലയാള സിനിമയിലെ തൊഴില്‍ സംസ്‌കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്തീകള്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ചില പരാതികളെന്ന് പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ ശരീരം അനാവൃതമാക്കേണ്ട സന്ദര്‍ഭത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അവര്‍ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നല്‍കുന്ന കരാറില്‍ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴില്‍ മര്യാദയാണ്. നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മലയാള സിനിമാ മേഖലയില്‍ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്.
ഇതിന്റെ മറ്റൊരു വശമാണ് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ ഒരു നടി ഫയല്‍ ചെയ്ത പരാതി. ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്. മേല്‍ സൂചിപ്പിച്ച രണ്ടു പരാതികളും ഈ മേഖലയിലെ തൊഴില്‍ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്മയുടെയും അഭാവത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു മാത്രമെ ഒരു തൊഴില്‍ സമൂഹമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാനാവൂ. ചെറുത്തുനില്‍പിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകള്‍ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.