കൊളംബോ: തോല്‍വിയിലേക്ക് എന്നുറപ്പിച്ച ടെസ്റ്റില്‍ സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് നാടകീയ ജയം. അവസാന ദിവസമായിരുന്ന ഇന്നലെ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 218 റണ്‍സ് ആവശ്യമായിരുന്ന ആതിഥേയര്‍ നാലു വിക്കറ്റിനാണ് ജയിച്ചത്. ക്ഷമാപൂര്‍വമുള്ള ഇന്നിങ്‌സിലൂടെ ടീമിന്റെ വിജയമുറപ്പിച്ച അസേല ഗുണരത്‌നെ (80 നോട്ടൗട്ട്) ആണ് കളിയിലെ കേമന്‍. നിരോഷന്‍ ഡിക്ക്‌വെല്ല (81), കുസാല്‍ മെന്‍ഡിസ് (66), ദിമുത് കരുണരത്‌നെ (49) എന്നിവരുടെ മികച്ച പ്രകടനവും ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി. ദിനേശ് ചണ്ഡിമല്‍ ക്യാപ്ടനായി ചുമതലയേറ്റതിനു ശേഷമുള്ള ശ്രീലങ്കയുടെ ആദ്യ മത്സരമായിരുന്നു ഇത്. സ്വന്തം മണ്ണില്‍ സിംബാബ്‌വെയുടെ ഏറ്റവും വലിയ ടെസ്റ്റ് ചേസും ഇതാണ്.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – സിംബാബ്‌വെ 356. (ക്രെയ്ഗ് ഇര്‍വിന്‍ 160, സിക്കന്ദര്‍ റാസ 36, മാല്‍കം വാളര്‍ 36. രങ്കണ ഹെറാത്ത് 4/116). ശ്രീലങ്ക 346 (ഉപുല്‍ തരംഗ 71, ദിനേശ് ചണ്ഡിമല്‍ 55, എയ്ഞ്ചലോ മാത്യൂസ് 41, അസേല ഗുണരത്‌നെ 45. ഗ്രേയം ക്രിമര്‍ 5/125). രണ്ടാം ഇന്നിങ്‌സ് – സിംബാബ്‌വെ 377 (സിക്കന്ദര്‍ റാസ 127, മാല്‍ക്കം വാളര്‍ 68, ഗ്രേയം ക്രിമര്‍ 48, പീറ്റര്‍ മൂര്‍ 40. ഹെറാത്ത് 6/133). ശ്രീലങ്ക 391 (ഗുണരത്‌നെ 80 നോട്ടൗട്ട്, ഡിക്ക്‌വെല്ല 81, കുസാല്‍ മെന്‍ഡിസ് 66, കരുണരത്‌നെ 49. ക്രിമര്‍ 4/150).ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ സിംബാബ്‌വെ മൂന്നാം ദിവസം കളി തുടങ്ങുമ്പോള്‍ വ്യക്തമായ പ്രതീക്ഷയിലായിരുന്നു. ആദ്യ മണിക്കൂറില്‍ തന്നെ കുസാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ് എന്നിവരെ വീഴ്ത്തി സിംബാബ്‌വെ നായകന്‍ ക്രിമര്‍ ലങ്കയെ അഞ്ചു വിക്കറ്റിന് 203 എന്ന നിലയിലേക്ക് തള്ളിവിട്ടെങ്കിലും ഡിക്ക്‌വെല്ലയും ഗുണരത്‌നെയും ചേര്‍ന്നുള്ള ആറാം വിക്കറ്റ് സഖ്യം കളി സന്ദര്‍ശകരുടെ കയ്യില്‍ നിന്നു റാഞ്ചി. 118 പന്ത് നേരിട്ട ഡിക്ക്‌വെല്ലയെ ഷോണ്‍ വില്യംസ് മടക്കിയപ്പോള്‍ സിബാംബ്‌വെക്ക് നേരിയ പ്രതീക്ഷ കൈവന്നെഹ്കിലും ദുല്‍റുവാന്‍ പെരേര (29 നോട്ടൗട്ട്) വിജയം വരെ ഗുണരത്‌നെയുടെ കൂടെ നിന്നു.
ശ്രീലങ്കക്കെതിരെ ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടില്ലാത്ത സിംബാബ്‌വെക്ക് ചരിത്രം കുറിക്കാനുള്ള അവസരം തലനാരിഴക്കാണ് നഷ്ടമായത്.
- 7 years ago
chandrika
Categories:
Video Stories
ലങ്ക മാനം കാത്തു
Tags: sports