പല്ലെകലെ: മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും തകര്‍ത്ത് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ആതിഥേയരുടെ രണ്ടാം ഇന്നിങ്‌സ് 181-ല്‍ ഒതുക്കിയാണ് വിരാട് കോഹ്ലിയും സംഘവും വൈറ്റ്‌വാഷ് വിജയം നേടിയത്. 1967-78 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു വിദേശ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്നത്. അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി കുറിച്ച ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവച്ച ശിഖര്‍ ധവാന്‍ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഇന്ത്യ: 487 (ശിഖര്‍ ധവാന്‍ 119, ഹര്‍ദിക് പാണ്ഡ്യ 108, ലോകേഷ് രാഹുല്‍ 85. സന്ദകന്‍ 5/132). ശ്രീലങ്ക: 135 (ദിനേഷ് ചണ്ഡിമല്‍ 48. കുല്‍ദീപ് യാദവ് 4/40). രണ്ടാം ഇന്നിങ്‌സ് – ശ്രീലങ്ക: 181 (നിരോഷന്‍ ഡിക്ക്‌വെല്ല 41, ചണ്ഡിമല്‍ 36, എയ്ഞ്ചലോ മാത്യൂസ് 35. അശ്വിന്‍ 4/68, മുഹമ്മദ് ഷമി 3/32).
ഫോളോ ഓണ്‍ ചെയ്യുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ഇന്നിങ്‌സ് എത്രത്തോളം മുന്നോട്ടുപോകും എന്നതു മാത്രമായിരുന്നു മത്സരത്തിലെ ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അശ്വിനും ഷമിയും ചേര്‍ന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ലങ്ക നാലാം ദിനം കാണില്ലെന്നുറപ്പായി. ഉച്ചക്ക് 2.46-ന് അശ്വിന്റെ കാരം ബോളില്‍ ലഹിരു കുമാരയുടെ സ്റ്റംപ് തെറിച്ചതോടെ ഇന്ത്യയുടെ ലങ്കാദഹനം പൂര്‍ത്തിയാവുകയും ചെയ്തു.
കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിനു ശേഷം ഷമിയും അശ്വിനും ചേര്‍ന്നാണ് ആദ്യ മണിക്കൂറില്‍ പന്തെറിഞ്ഞത്. തന്റെ ആദ്യ ഓവറില്‍ ദിമുത് കരുണരത്‌നെയെ (16) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ വിക്കറ്റ് വേട്ടയുടെ വാതില്‍ തുറന്നപ്പോള്‍ നൈറ്റ് വാച്ച്മാന്‍ മലിന്ദ പുഷ്പകുമാരയെ (1) ഷമിയും പുറത്താക്കി.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കു വേണ്ടി സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസ് (12) ആയിരുന്നു ഷമിയുടെ അടുത്ത ഇര. പരിചയ സമ്പന്നരായ ചണ്ഡിമലും (36) മാത്യൂസും (35) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്നിങ്‌സ് നീട്ടി. അതിനിടെ ലങ്ക മൂന്നക്കവും കടന്നു.
സ്‌കോര്‍ 104-ല്‍ നില്‍ക്കെ ചണ്ഡിമലിനെ പുറത്താക്കി കുല്‍ദീപ് യാദവ് വഴിത്തിരിവുണ്ടാക്കി. അധികം വൈകാതെ മാത്യൂസ് അശ്വിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആവുകയും ചെയ്തു. ആറിന് 118 എന്ന നിലയില്‍ ആശകള്‍ അസ്തമിച്ച ആതിഥേയരുടെ ഇന്നിങ്‌സ് 21 ഓവര്‍ കൂടി വലിച്ചുനീട്ടിയതിനു പിന്നില്‍ ഡിക്ക്‌വെല്ലയുടെ (41) അധ്വാനമായിരുന്നു. എന്നാല്‍ മറുവശത്ത് പെരേരയെ (8) പുറത്താക്കി അശ്വിനും സന്ദകനെ (8) മടക്കി ഷമിയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഡിക്ക്‌വെല്ലയെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് മത്സരത്തില്‍ തന്റെ ഏക വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ തന്റെ ട്രേഡ്മാര്‍ക്ക് പന്തിലൂടെ അശ്വിന്‍ ലങ്കന്‍ ഇന്നിങ്‌സിന് ചരമഗീതമെഴുതി.