X

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പറയുന്ന കണ്ണീര്‍ക്കഥ

പട്ടാള അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടോടി വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. അവരുടെ ദുരിത കഥ കേട്ടറിയുകയായിരുന്നു ലക്ഷ്യം. മ്യാന്‍മറിലെ കിയേരിപാര ഗ്രാമത്തില്‍ നിന്നും വരുന്നവരാണ് തങ്ങളെന്നാണ് അവരില്‍ പലരും തങ്ങളോട് പറഞ്ഞത്. ആ ഗ്രാമം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു.

എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കഥകള്‍ തന്നെ; സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നത് കണ്‍ മുന്നില്‍ കാണേണ്ടി വന്നവരായിരുന്നു അവരിലധികവും. അന്നപാനീയങ്ങള്‍ കഴിക്കാതെ ദിവസങ്ങളോളം ഒളിവില്‍ കഴിച്ചുകൂട്ടിയവര്‍, വീടുകള്‍ കത്തിച്ചാമ്പലാക്കപ്പെട്ടവര്‍. ബംഗ്ലാദേശിലേക്ക് സുരക്ഷിതമായി കടക്കുന്നതിന് വേണ്ടി കൈയ്യിലുള്ളതെല്ലാം വില്‍ക്കേണ്ടി വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വരുക്കൂട്ടിവെച്ച ആഭരണങ്ങള്‍ മുതല്‍ തുച്ഛമായ അവരുടെ സമ്പാദ്യങ്ങള്‍ വരെ അവര്‍ യാത്രക്കായി ചെലവഴിച്ചു. ബംഗ്ലാദേശിലേക്കു രക്ഷപ്പെടാനുള്ള മാര്‍ഗം പലപ്പോഴും ബുദ്ധിമുട്ടേറിയതും ഏറെ അപകടം പിടിച്ചതുമാണ്. മരണം വരെ സംഭവിക്കാവുന്നതാണ് ഈ യാത്ര. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വഴി വളരെ ഭയാനകമായി തീര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പകുതിയോടെ തെക്കന്‍ തായ്‌ലാന്റിന്റെ തീരത്തോട് ചേര്‍ന്ന് കടലില്‍ ആയിരക്കണക്കിന് റോഹിങ്ക്യകളെ പട്ടിണി കിടന്ന് അവശരായി ബോട്ടില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയതിന് ശേഷമാണ് റോഹിങ്ക്യന്‍ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലെത്തുന്നതും എല്ലാം നഷ്ടപ്പെട്ട ആശയറ്റ ആ അഭയാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മനുഷ്യകടത്ത് ശൃംഖലക്കെതിരെ നടപടിയെടുക്കാന്‍ മേഖലയിലെ ഭരണകൂടങ്ങള്‍ തയ്യാറാവുന്നതും.

പക്ഷെ പ്രസ്തുത മനുഷ്യകടത്തുകാര്‍ മാത്രമാണ് ബുദ്ധമത ഭൂരിപക്ഷ മ്യാന്‍മറില്‍ നിന്നും പുറത്ത് കടക്കാന്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കുള്ള ഏക ആശ്രയം എന്നത് വിരോധാഭാസമായി അവശേഷിക്കുന്നു. ഈ മനുഷ്യകടത്തുകാരാണ് ബംഗ്ലാദേശും തായ്‌ലാന്റും താണ്ടി മലേഷ്യയിലെ താരതമ്യേന സുരക്ഷിതമായ ഒരിടത്ത് റോഹിങ്ക്യകളെ എത്തിക്കുന്നത്. ഇപ്പോള്‍, ബംഗ്ലാദേശ് അതിര്‍ത്തി കടന്നു കിട്ടുക എന്നത് റോഹിങ്ക്യകളെ സംബന്ധിച്ചിടത്തോളം കഠിനപ്രയത്‌നം തന്നെയാണ്.

നെല്‍പ്പാടങ്ങളില്‍ ദിവസങ്ങളോളം ഒളിച്ച് കഴിഞ്ഞ അനുഭവങ്ങള്‍ അഭയാര്‍ത്ഥികള്‍ ഞങ്ങളുമായി പങ്കുവെച്ചു. ചിലര്‍ ഒന്നും കഴിച്ചിരുന്നില്ല. മറ്റു ചിലരാകട്ടെ അതിര്‍ത്തിയെ വലംവെച്ച് നില്‍ക്കുന്ന കാടുകളിലെ മരങ്ങളില്‍ നിന്നും ഇലകള്‍ പറിച്ചു തിന്ന് ജീവന്‍ നിലനിര്‍ത്തി. ഒരു തവണ കുറച്ച് ദൂരം മാത്രമേ അവര്‍ മുന്നോട്ട് പോകുമായിരുന്നുള്ളു. ഓരോ നൂറ് മീറ്റര്‍ പിന്നിടുമ്പോഴും നടത്തം നിര്‍ത്തി മ്യാന്‍മര്‍ സൈന്യമോ, അതിര്‍ത്തി രക്ഷാസേനയോ തങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ദീര്‍ഘ ദൂര യാത്ര കാല്‍നടയായി പോകുന്നതും ക്ഷീണവും വിശപ്പുമെല്ലാം അവരുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം പിന്നെയും കൂട്ടി.

ബംഗ്ലാദേശില്‍ എത്തി എന്നതിനര്‍ത്ഥം ഈ ദുരിതങ്ങള്‍ അവസാനിച്ചു എന്നല്ല. ബംഗ്ലാദേശ് അധികൃതരുടെ കൈകളിലകപ്പെട്ടാലും രക്ഷപ്പെടണമെന്നില്ല. ചിലരെ അതിര്‍ത്തി രക്ഷാ സൈനികര്‍ ബംഗ്ലാദേശില്‍ പ്രവേശിക്കാന്‍ അനുവദിക്കും, ബാക്കിയുള്ളവരെ മ്യാന്‍മറിലേക്ക് തന്നെ മടക്കി അയക്കും.

സായുധ സൈനികര്‍ പട്രോള്‍ നടത്തുന്ന ചെക്‌പോസ്റ്റുകള്‍ ഓരോ നൂറ് മീറ്ററിലും ഉണ്ടാകും. അതിനിടക്കെല്ലാം ബംഗ്ലാദേശ് അധികൃതരാല്‍ പിടിക്കപ്പെട്ട ഒന്നോ രണ്ടോ റോഹിങ്ക്യന്‍ കുടുംബങ്ങളുമുണ്ടാകും. പട്ടാളക്കാര്‍ അവരോട് ദയാവായ്പും കാരുണയും കാണിക്കുമോ? അതോ അവര്‍ രക്ഷപ്പെട്ടോടി വരുന്ന ദുരിതങ്ങളിലേക്ക് തന്നെ അവരെ മടക്കി അയക്കുമോ? തങ്ങളുടെ വിധിയെന്താകുമെന്ന് അറിയാതെ ആ പാതയോരത്ത് അവരങ്ങിനെ ഇരിക്കും.

പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബംഗ്ലാദേശിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും വിനോദ സഞ്ചാര പട്ടണമായ കോക്‌സ് ബസാറിനടുത്തുള്ള അനൗദ്യോഗിക റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നത്. എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ മാത്രമാണ് പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി ആ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളത്. പക്ഷെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി അവര്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.

തങ്ങള്‍ക്ക് ലഭിക്കുന്നത് എന്തുതരം സഹായത്തിലും പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികള്‍ കൃതജ്ഞരാണെങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളോട് കാണിക്കുന്ന അവഗണനയില്‍ അവരുടെ ഉള്ളം നീറി പുകയുന്നുണ്ട്. റോഹിങ്ക്യകളെ അവഗണിച്ച് പുറംകടലില്‍ തള്ളാന്‍ തന്നെയാണ് ലോകം തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഓരോ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയും ഇപ്പോള്‍ കരുതുന്നത്. മ്യാന്‍മറില്‍ വംശഹത്യാ കാമ്പയിന്‍ നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര രാഷ്ട്രസഭയുടെ വെളിപ്പെടുത്തലിനെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഒരുപാട് ലഭിക്കും. എല്ലാ വസ്തുതകളും പുറത്ത് വരുന്നതു വരെ ആരുടെ മേലും പഴിചാരാന്‍ കഴിയില്ലെന്നായിരുന്നു ഓങ് സാങ് സൂകിയുടെ പ്രതികരണം.

പക്ഷെ, വന്‍ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തരെയും സ്വതന്ത്രാന്വേഷകരെയും മ്യാന്‍മര്‍ സര്‍ക്കാര്‍ കടത്തി വിടുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മ്യാന്‍മര്‍ സര്‍ക്കാറിന് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് മാധ്യമപ്രവര്‍ത്തകരെ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഓങ് സാങ് സൂകിയും കൂട്ടരും തടയുന്നത്?
(കടപ്പാട്: അല്‍ജസീറ)

chandrika: