ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ കോളിളക്കം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആരോപണം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.
മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാറിനെ വെട്ടിലാക്കിയ സുപ്രീംകോടതി മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധനക്ക് എടുക്കാമെന്ന് അറിയിച്ചു.
അന്വേഷണം പ്രഖ്യാപിക്കുന്നതിന് രാജ്യ സുരക്ഷ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ഔദ്യോഗിക രഹസ്യനിയമം മറയാക്കി സര്‍ക്കാറിന് ഒളിക്കാനാവില്ലെന്ന് പറഞ്ഞ കോടതി അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമം കണക്കിലെടുക്കില്ലെന്നും പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ രാജ്യത്തിന് വന്‍ തിരിച്ചടിയാവുമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.