X
    Categories: Culture

രോഷം അണപൊട്ടുന്നു; പലയിടത്തും സംഘര്‍ഷം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള പഴയ നോട്ടുകള്‍ തിടുക്കപ്പെട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ അനിശ്ചിതത്വം രോഷത്തിലേക്ക് വഴിമാറുന്നു.

വിതരണം ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബിഹാറില്‍ പലയിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോപാല്‍ഗഞ്ച്, ഔറംഗാബാദ്, പട്‌ന, ഗയ, മുസഫര്‍പൂര്‍, സിതാമര്‍ഹി, മധുബനി, ഭാഗല്‍പൂര്‍, ഖഗാരിയ ജില്ലകളിലെല്ലാം പ്രശ്‌നങ്ങളുണ്ടായി. ഗോപാല്‍ ഗഞ്ച് ജില്ലയിലെ മീര്‍ഗഞ്ചില്‍ ഗ്രാമവാസികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി. കൈയില്‍ പണമില്ലാതായ ആളുകള്‍ ഞായറാഴ്ച രാവിലെ തന്നെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ വിതരണം ചെയ്യാന്‍ പണമില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ രോഷാകുലരായ ജനക്കൂട്ടം ബാങ്കിന്റെ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു. പൂട്ട് തകര്‍ത്ത് ഉള്ളിലെത്തിയ ജനം ബാങ്കിനും സര്‍ക്കാറിനുമെതിരെ പ്രതിഷേധം നടത്തി. ബാങ്ക് ഉപരോധിക്കുകയും ചെയ്തു. രോഷാകുലരായ ജനത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. ചമ്പാരന്‍ ജില്ലയിലെ നര്‍കടിഗഞ്ച് മേഖലയിലും അനിഷ്ട സംഭവങ്ങളുണ്ടായി. ക്യൂവില്‍ നിന്ന് ആളുകള്‍ അഴുക്കു ചാലിലേക്ക് വീണതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ ബാങ്കിലെത്തിയവര്‍ക്കു പോലും പണം ലഭിച്ചതുമില്ല. മിക്കയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എടിഎമ്മില്‍നിന്നു പണമെടുക്കുന്നതിനെ ചൊല്ലിയും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്ത് അഞ്ചു ശതമാനത്തില്‍ താഴെ എ.ടി.എമ്മുകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.

ഉത്തര്‍പ്രദേശിലെ മുറാദാബാദിലും സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തു. വൈകിട്ട് നാലു മണിക്ക് ശേഷം ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിയതാണ് വരി നിന്ന ആള്‍ക്കൂട്ടത്തെ ചൊടിപ്പിച്ചത്. കാട്ഘഡിലാണ് സംഭവം. ബാങ്ക് പൂട്ടുകയാണെന്ന് അറിയിച്ചതോടെ ജനം ബാങ്കിന്റെ പൂട്ടുതകര്‍ത്തു. എട്ടു മണിവരെ തുറക്കണമെന്നായിരുന്നു ജനത്തിന്റെ ആവശ്യം.

അതിനിടെ, സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ബാങ്കുകളില്‍ നിന്നും പോസ്റ്റ്ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ഉടന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ കാശിനായി വരി നിന്ന് മടുത്ത സ്ത്രീ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മൂന്നിലെ എ.ടി.എമ്മിനു മുമ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയാണ് ഷര്‍ട്ടൂരി ജനക്കൂട്ടത്തെ സ്്തബ്ധമാക്കിയത്. ഇവരെ പൊലീസ് പിന്നീട് ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

chandrika: