കോഴിക്കോട്: കെ.പി രാഹുല്‍ എന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ മലയാളി താരത്തെ തേടി വമ്പന്‍ ക്ലബുകള്‍. ഫിഫ അണ്ടര്‍ 17 ഫുട്‌ബോളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം തൃശൂര്‍ക്കാരനായ മധ്യനിരക്കാരന് വേണ്ടി വല വീശിയിരിക്കുന്നത് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളുമാണ്. എന്നാല്‍ തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് രാഹുല്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി മൂന്ന് വര്‍ഷത്തെ കരാര്‍ നിലവിലുണ്ട്. ആ കരാര്‍ കാലാവധി വരെ ഫെഡറേഷനില്‍ തുടരാനാണ് താല്‍പ്പര്യം. ലോകകപ്പിന്റെ ആവേശം ഇപ്പോഴും രാഹുല്‍ മറന്നിട്ടില്ല. ഇന്ത്യ ആദ്യമായി കളിക്കുന്ന ലോകകപ്പിലെ മൂന്ന് മല്‍സരങ്ങളിലും കളിച്ചു എന്നതാണ് വലിയ സന്തോഷം. മൂന്ന് കളികളിലും ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടി. പൂര്‍ണ സമയത്തും കളിച്ചു. കൊളംബിയക്കെതിരായ മല്‍സരത്തിലായിരുന്നു രാഹുലിന്റെ മികച്ച പ്രകടനം. ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ച രാഹുലിന്റെ ആ ഷോട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. പക്ഷേ ആ ഷോട്ടിനെക്കുറിച്ചോര്‍ത്ത് നിരാശപ്പെടാന്‍ രാഹുല്‍ തയ്യാറല്ല. അത് കളിയാണ്. കളിയില്‍ അങ്ങനെ സംഭവിക്കും. ആ മുഹൂര്‍ത്തം നമുക്ക് ഇനി തിരികെ ലഭിക്കില്ല. ഒരവസരം പാഴായാല്‍ അടുത്ത അവസരത്തിനായി ശ്രമിക്കുക എന്നതാണ് തന്റെ ജോലിയെന്ന് അദ്ദേഹം ചന്ദ്രികയുമായി സംസാരിക്കവെ പറഞ്ഞു. ആദ്യ ലോകകപ്പ് വലിയ അനുഭവമായിരുന്നു. കൂറെ കാലമായി ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും. കോച്ച് എല്ലാവരെയും പ്രത്യേകം ശ്രദ്ധിച്ചു. ആദ്യ മല്‍സരത്തില്‍ അമേരിക്കയുമായി കളിക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. ഡല്‍ഹിയിലെ മൈതാനവും നിറഞ്ഞ കാണികളും ആദ്യ ലോകകപ്പും. പക്ഷേ മല്‍സരം തുടങ്ങി അല്‍പ്പസമയത്തിനകം എല്ലാവരും കളിക്കളത്തില്‍ സജീവമായി. കൊളംബിയക്കെതിരായ മല്‍സരത്തിനിറങ്ങുമ്പോള്‍ എല്ലാവരും നല്ല ആവേശത്തിലായിരുന്നു. ഘാനക്കെതിരെ നടന്ന മല്‍സരത്തില്‍ അവരുടെ ശാരീരിക കരുത്തിന് മുന്നിലാണ് നമ്മള്‍ പിറകോട്ട് പോയത്-രാഹുല്‍ പറഞ്ഞു.
ഐ.എസ്.എല്‍ ഉള്‍പ്പെടെ വലിയ വേദികള്‍ തുറന്ന് കിടപ്പുണ്ട്. പക്ഷേ യൂറോപ്പാണ് രാഹുലിന്റെ നോട്ടം. യൂറോപ്യന്‍ ഫുട്‌ബോളില്‍ കളിക്കാന്‍ കഴിയണം. അതാണ് ഏറ്റവും വലിയ വേദി. അത്തരം വേദികളില്‍ കളിക്കാന്‍ കഴിയുമ്പോള്‍ കളിക്കാരന്‍ എന്ന നിലയില്‍ അത് വലിയ അനുഭവമാവും. ഐ.എം വിജയനെ പോലുള്ള കളിക്കാരെ കണ്ടാണ് രാഹുല്‍ വളര്‍ന്നത്. വിജയേട്ടനെ പോലുള്ളവര്‍ നല്‍കുന്ന പിന്തുണ വലുതാണെന്നും എല്ലാവരുടെയും സ്‌നേഹവും കരുത്തുമാണ് തന്റെ തണമെല്ലന്നും യുവതാരം പറഞ്ഞു.