X

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് എളുപ്പമാകും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമായേക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം ജൂലൈ 25ന് അവസാനിക്കാനിരിക്കെയാണ് ബി.ജെ.പിക്ക് ആശ്വാസം പകരുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

പാര്‍ലമെന്റ് അംഗങ്ങളും 29 സംസ്ഥാന നിയമസഭകളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹിയിലേയും പുതുച്ചേരിയിലേയും നിയമസഭാംഗങ്ങളും അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. 543 അംഗ ലോക്‌സഭയില്‍ ബി.ജെ.പിക്ക് 281 അംഗങ്ങളുണ്ട്. കൂടാതെ മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ട്. ബി.ജെ.പി- പി.ഡി.പി സഖ്യ സര്‍ക്കാറുള്ള ജമ്മുകശ്മീരും ടി.ഡി.പിയുമായി സഖ്യത്തിലുള്ള ആന്ധ്രാപ്രദേശിലും ബി.ജെ.പിക്ക് കാര്യങ്ങള്‍ അനുകൂലമാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ സുരക്ഷിതമായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓരോ അംഗങ്ങള്‍ക്കും ഓരോ വോട്ട് എന്നതിനു പകരം വോട്ടിന്റെ മൂല്യം കണക്കാക്കിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഓരോ സംസ്ഥാനത്തെയും മൊത്തം ജനസംഖ്യയെ നിയമസഭാംഗങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച ശേഷം അതിനെ ആയിരം കൊണ്ട് വീണ്ടും ഹരിച്ചു കിട്ടുന്ന സംഖ്യയാണ് ഒരു ജനപ്രതിനിധിയുടെ വോട്ടിന്റെ മൂല്യം. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ടു തന്നെ ഇവിടെ ജനപ്രതിനിധികളുടെ വോട്ടുമൂല്യം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ടുതന്നെ 403 അംഗ നിയമസഭയില്‍ 325 സീറ്റുമായി നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ യു.പിയില്‍ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇരട്ടി നേട്ടമാവുകയും ചെയ്യും. രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ഭൈറോണ്‍സിങ് ശെഖാവത്തിനെ 2002ല്‍ വോട്ടെടുപ്പിലൂടെ ഉപരാഷ്ട്രപതി പദത്തില്‍ എത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. എ.പി.ജെ അബ്ദുല്‍ കലാം ബി.ജെ.പി നോമിനിയായി രാഷ്ട്രപതി പദത്തില്‍ എത്തിയെങ്കിലും കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെയായിരുന്നു അന്ന് തെരഞ്ഞെടുപ്പ്. സി.പി.എം നോമിനിയായി മത്സരിച്ച ലക്ഷ്മി സൈഗാളിന് 2002ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍തന്നെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കും. ഇതിലും യു.പി, ഉത്തരാഖണ്ഡ് ഫലങ്ങള്‍ ബി.ജെ.പിക്ക് തുണയാകും.

chandrika: