ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ് തന്നതെന്ന് രാഹുല്‍ പ്രതികരിച്ചു.
തിങ്കളാഴ്ച രാത്രി അക്രമി സംഘത്തിന്റെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനമറിയിച്ച് കൊണ്ട് ഇട്ട പോസ്റ്റിലായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
“അനന്തരവളെ ഉപദ്രവിച്ചവര്‍ക്കെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി കൊല ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍, ഇപ്പോള്‍ ഗുണ്ടാ രാജ്യമാണ് പകരം തരുന്നത്,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകനെതിരായ അക്രമണവും മരണവും ആദിത്യനാഥ് സര്‍ക്കാറിനെതിരെ യുപിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിക്രം ജോഷി നടുറോഡില്‍ ആക്രമിക്കപ്പെടുന്നതു കൊല്ലപ്പെടുന്നതും. മാധ്യമപ്രവര്‍ത്തകന്‍ പൊലീസില്‍ പരാതിനല്‍കിയതിന് പിന്നാലെ ഒരു സംഘം ആളുകള്‍ ജോഷിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയുയന്നുണ്ട്. ജോഷിയുടെ പരാതിമേല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നില്ല. പരാതി നല്‍കി നാലു ദിവസത്തിനു ശേഷമാണ് ജോഷിക്കെതിരെ ആക്രമണമുണ്ടായത്.