തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്. വോട്ടിംഗിലൂടെ മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള സാമൂഹ്യാവസ്ഥ ചര്‍ച്ച ചെയ്യുന്ന ക്ലാഷ് തന്നെയാണ് .
ടര്‍ക്കിഷ് സംവിധായകന്‍ യെസിം ഒസ്താഗ്ലുവിന്റെ ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ മികച്ച ചിത്രത്തിനുള്ള രജതചകോരം നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മുസ്തഫ കാര സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലണ്ടറിനാണ്.
ക്ലാഷും, ക്ലെയര്‍ ഒബ്‌സ്‌ക്യൂറും കൈവരിച്ച നേട്ടത്തിനിടയില്‍ മലയാളസിനിമയും അഭിമാന നേട്ടം കരസ്ഥമാക്കി. ഇരട്ടനേട്ടങ്ങളോടെ വിധുവിന്‍സന്റിന്റെ മാന്‍ഹോള്‍ മലയാളത്തിന്റെ അഭിമാനമായി. മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരത്തിന് മാന്‍ഹോള്‍ അര്‍ഹമായി. സംവിധാനത്തിലെ നവാഗതപ്രതിഭയ്ക്കുള്ള രജതചകോരവും മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റിനാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിനായ മാന്‍ഹോള്‍ തൊഴിലാളികള്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതായി സംവിധായിക പറഞ്ഞു. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടവും സ്വന്തമാക്കി.
ജാക്ക് സാഗ കബാബിയുടെ വെയര്‍ഹൗസ്ഡിനാണ് മികച്ച ലോകസിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം. ഫിലിപ്പൈന്‍ ചിത്രം ഡൈ ബ്യൂട്ടിഫുളിലെയും ടര്‍ക്കിഷ് ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യൂറിലെയും അഭിനേതാക്കള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
മികച്ച പ്രദര്‍ശന സൗകര്യമൊരുക്കിയതിന്റെ എസ്തറ്റിക് അവാര്‍ഡ് കൈരളി തിയറ്റര്‍ നേടി. മികച്ച സാങ്കേതിക സൗകര്യത്തിന് തിയറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ ടെക്‌നിക്കല്‍ അവാര്‍ഡ് ശ്രീപത്മനാഭ തിയറ്ററിനു ലഭിച്ചു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ മിഖായേല്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, മേളയുടെ കലാസംവിധായിക ബീനാപോള്‍, മഹേഷ് പഞ്ചു എന്നിവര്‍ സംസാരിച്ചു. മികച്ച റിപ്പോര്‍ട്ടിങിനുള്ള മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ദേശീയഗാനം ഉള്‍പ്പെടെ വിവാദവിഷയങ്ങളില്‍ പ്രതിഷേധത്തിനു വേദിയായെങ്കിലും മികച്ച സിനിമകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ വര്‍ഷത്തെ മേള. മലയാളം സിനിമ, ഇന്ത്യന്‍ സിനിമ, ലോകസിനിമ എന്നിങ്ങനെ വിഭാഗങ്ങള്‍ക്ക് പുറമേ ഇക്കുറി കുടിയേറ്റ, മൂന്നാം ലിംഗ, കലാകാരന്മാരുടെ ജീവിതം തുടങ്ങിയ പാക്കേജുകള്‍ മേളയുടെ വ്യത്യസ്ത മുഖമായി.