X

രാജ്യരക്ഷ പരിഹസിക്കപ്പെടരുത്

അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളുടെ തോക്കിന്‍ മുനകള്‍ക്ക് മുന്നില്‍ രാജ്യരക്ഷയെന്ന വലിയ ദൗത്യം ഒരിക്കല്‍കൂടി പരിഹസിക്കപ്പെട്ടിരിക്കുന്നു. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പെയാണ് ജമ്മുകശ്മീരിലെ ഉറിയില്‍ 12ാം കരസേനാ ബ്രിഗേഡിന്റെ ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. അതും പത്താന്‍കോട്ടിലേതിനു സമാനമായ സുരക്ഷാ പാളിച്ചകള്‍ മുതലെടുത്തുകൊണ്ട്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികരുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.

ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയില്‍നിന്ന് അധികം അകലമല്ലാതെയാണ് ഉറി ബ്രിഗേഡ് ആസ്ഥാനം. അതിര്‍ത്തി പ്രദേശത്തെ സൈനിക വിന്യാസം നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രം കൂടിയാണിത്. അതുതന്നെയാവണം ഇവിടം ലക്ഷ്യംവെക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചിരിക്കുക. 2016ന്റെ പുതുവര്‍ഷപ്പുലരിയിലായിരുന്നു പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ പൊലീസ് സൂപ്രണ്ടിന്റെ വാഹനം തട്ടിയെടുത്താണ് പത്താന്‍കോട്ടില്‍ എത്തിയത്. ജനുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിക്ക് പിന്‍വശത്തെ ചുറ്റുമതില്‍ ചാടിക്കടന്ന് ഭീകരര്‍ വ്യോമസേനാ താവളത്തിനകത്തു പ്രവേശിച്ചു. 17 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് അന്ന് ഭീകരരെ കീഴടക്കിയത്. ഏഴ് സൈനികരും ഒരു സിവിലിയനും ഉള്‍പ്പെടെ എട്ടുപേരുടെ ജീവന്‍ നഷ്ടമായി. ആറ് ഭീകരരെയും സൈന്യം വധിച്ചു. അതീവ സുരക്ഷാ മേഖലയായ സൈനിക താവളത്തിന് അകത്ത് ഭീകരര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് അന്നുതന്നെ വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചസംബന്ധിച്ചും മുന്‍കാലത്തുണ്ടായ ഭീകരാക്രമണങ്ങളില്‍നിന്ന് രാജ്യം ഒരു പാഠവും പഠിച്ചില്ലെന്ന വിമര്‍ശനവും പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്നു. എട്ടര മാസത്തെ ഇടവേളക്കിപ്പുറം സമാനമായ പാളിച്ചകളോടെ മറ്റൊരു ആക്രമണം കൂടി രാജ്യത്ത് അരങ്ങേറിയിരിക്കുന്നു. അതും മറ്റൊരു സൈനിക കേന്ദ്രത്തിനു നേരെ. അന്നുയര്‍ന്ന ചോദ്യങ്ങള്‍ ഇതോടെ കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്.

പുലര്‍ച്ചെ നാലു മണിക്കാണ് ഉറിയില്‍ ആക്രമണമുണ്ടായത്. പത്താന്‍കോട്ടിലേതില്‍നിന്ന് ഒരു മണിക്കൂറിന്റെ മാത്രം വ്യത്യാസം. ഉറിയിലും ഭീകരര്‍ എത്തിയത് സൈനിക വേഷത്തിലായിരുന്നു. പത്താന്‍കോട്ടിലേതിനെ അപേക്ഷിച്ച് ഉറിയില്‍ ആക്രമണത്തിന്റെ വ്യാപ്തി കുറവായിരുന്നു. നാലു മണിക്കൂര്‍ കൊണ്ട് അതിക്രമിച്ചുകയറിയ നാലു ഭീകരരെയും വധിക്കാന്‍ സൈന്യത്തിനു സാധിച്ചു. അതേസമയം ആക്രമണത്തിന്റെ തീവ്രത കൂടുതലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സൈനികരുടെ മരണസംഖ്യ.

2008ല്‍ മുംബൈയിലും ഈവര്‍ഷമാദ്യം പത്താന്‍കോട്ടിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പാക് ഭരണകൂടത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയുടെയും സഹായം ലഭിച്ചെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുംബൈ കേസില്‍ ഹാഫിസ് സഈദ്, സാകിഉര്‍ റഹ്്മാന്‍ ലഖ് വി തുടങ്ങിയവര്‍ക്കെതിരായ കേസില്‍ പാക് ഭരണകൂടം സ്വീകരിച്ച ദുര്‍ബല നിലപാടുകളും ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു. ഉറി ആക്രമണം കൂടിയാവുമ്പോള്‍ പാക് പങ്ക് സംബന്ധിച്ച സംശയങ്ങള്‍ വീണ്ടും ബലപ്പെടുകയാണ്.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം രണ്ടുമാസമായി കശ്മീര്‍ താഴ്‌വരയില്‍ തിളച്ചുമറിയുകയാണ്. ഇന്ത്യയുടെ തീര്‍ത്തും ആഭ്യന്തരമായ ഈ പ്രശ്‌നത്തില്‍ പാക് ഭരണകൂടവും പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളും സ്വീകരിച്ച നിലപാട് രാജ്യാന്തരതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതാണ്. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിലും ദേശീയതക്കും മേല്‍ പാക് ഭരണകൂടവും ഭീകര സംഘങ്ങളും കടന്നുകയറ്റത്തിന് കോപ്പുകൂട്ടുന്നതിന്റെ തെളിവുകളായിരുന്നു ആ വാക്കുകള്‍. പത്താന്‍കോട്ട് മാതൃകയില്‍ ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ് നിര്‍ദേശം നല്‍കിയത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഇതെല്ലാം രാജ്യം ഏതു സമയത്തും ഭീകരാക്രമണത്തിന്റെ ഇരയായേക്കാമെന്ന പ്രകടമായ വിവരങ്ങളായിരുന്നു. അവ നിലനില്‍ക്കെയാണ് ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

പത്താന്‍കോട്ട് ഭീകരാക്രമണം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്് സുരക്ഷാകാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതിരോധ കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കാര്യമായ എന്തോ പിശകുണ്ടെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എട്ടര മാസത്തിനു ശേഷവും ആ പിഴവുകള്‍ പരിശോധിക്കാനോ പരിഹരിക്കാനോ ഒരു നടപടിയും ഉണ്ടായില്ല എന്നതിന്റെ തെളിവു കൂടിയാണ് ഉറി സംഭവം.

സിവിലിയന്‍ കേന്ദ്രങ്ങള്‍ വിട്ട് സൈനിക സംവിധാനങ്ങള്‍ക്കു നേരെയാണ് സമീപ കാലത്തു നടന്ന രണ്ടു വലിയ ഭീകരാക്രമണങ്ങളും എന്നതും പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളും ആഭ്യന്തര സുരക്ഷയും ദുര്‍ബലമെന്ന് തെളിയിക്കാനുള്ള ഭീകരരുടെ ഗൂഢ നീക്കത്തിന്റെ ഭാഗമാണിത്. സുരക്ഷാ പാളിച്ചകളിലൂടെ അത്തരം ആക്രമണങ്ങള്‍ക്ക് അവസരം ഒരുങ്ങുമ്പോള്‍ ഭീകരര്‍ക്ക് അവരുടെ ലക്ഷ്യം നിറവേറ്റാന്‍ കഴിയുന്നുവെന്നാണ് അര്‍ത്ഥം. അത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ നിലപാട് ശക്തിപ്പെടുത്തുന്നതോടൊപ്പം രാജ്യസുരക്ഷാ രംഗത്ത് കൂടുതല്‍ ജാഗ്രതയും കരുതലും അനിവാര്യമായിരിക്കുന്നുവെന്ന് കൂടിയാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സൈനിക താവളങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരിശോധനകളും തിരുത്തലുകളും അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ ചെറിയൊരു സംഘത്തിന്റെ വക്രബുദ്ധിയില്‍ തെളിയുന്ന അവിവേകങ്ങള്‍ക്ക് രാജ്യം വലിയ വില നല്‍കേണ്ടി വരും. ഇനിയൊരു ഭീകരാക്രമണം ഉണ്ടാവാത്ത വിധത്തില്‍ രാജ്യരക്ഷ ഭദ്രമാക്കാനുള്ള അടിയന്തര നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.

Web Desk: