തിരുവനന്തപുരം: എഴുത്തുകാരന്‍ കമല്‍ സി. ചവറക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ നദീറിനെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കുകയും ചെയ്ത നടപടി പ്രതിഷേധങ്ങളെതുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. വിമര്‍ശനം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ട് നിലപാട് തിരുത്തുകയായിരുന്നു.
വി.എസ് അച്യുതാനന്ദന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പൊലീസിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തി. പിണറായി ഭക്തര്‍പോലും സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം ശക്തമാക്കിയതും സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും വന്നതോടെ മുഖ്യമന്ത്രി സമ്മര്‍ദത്തിലായി. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും രംഗത്തെത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ച് നടപടി മയപ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പി.ബി കേരളത്തിലെ പൊലീസ് നടപടികളും ഇതേതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ചര്‍ച്ച ചെയ്തു. നടപടി തെറ്റായിപ്പോയെന്നും ഉടന്‍ തിരുത്തണമെന്നുമുള്ള തീരുമാനമാണ് യോഗം കൈക്കൊണ്ടത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചു. ഇതിന് പിന്നാലെയാണ് കമല്‍ സി. ചവറക്കെതിരായ രാജ്യദ്രോഹക്കേസുകള്‍ ഒഴിവാക്കാനും നദീറിനെതിരായ നടപടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയത്.
സമ്മര്‍ദ്ദത്തിന് വഴങ്ങി നയം തിരുത്തിയെങ്കിലും ഇക്കാര്യം തുറന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പി.ബി യോഗ ശേഷം രാവിലെ 9.30ഓടെ കേന്ദ്രകമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായി അറിയിപ്പ് വന്നു. ഈ ഘട്ടത്തിലൊന്നും മുഖ്യമന്ത്രി പിണറായി വിജയനോ പൊലീസ് മേധാവികളോ ഇക്കാര്യം വെളിപ്പെടുത്തിയില്ല. പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതേക്കുറിച്ച് അറിയിപ്പൊന്നും ഉണ്ടായില്ല. കേന്ദ്ര കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ തിരുത്ത് പ്രഖ്യാപിച്ചതിന് പിന്നാലെ കോടിയേരിയാണ് കോഴിക്കോട്ട് മാധ്യമങ്ങളെ കണ്ട് നടപടി പിന്‍വലിച്ചതായി അറിയിച്ചത്. തൊട്ടു പിന്നാലെ കൊല്ലം ജില്ലാ പൊലീസ് മേധാവിയും കോഴിക്കോട് പൊലീസും നയം തിരുത്തുന്നതായി വ്യക്തമാക്കി. ഉച്ചക്ക് 12 മണിയോടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.