X

രാജ്യം വിടാന്‍ സഹായിച്ചത് റഹീല്‍ ശരീഫെന്ന് മുഷറഫ്

കറാച്ചി: പാകിസ്താനില്‍നിന്ന് പുറത്തുപോകാന്‍ തന്നെ സഹായിച്ചത് അടുത്തിടെ സ്ഥാനമൊഴിഞ്ഞ സൈനിക മേധാവി റഹീല്‍ ശരീഫാണെന്ന് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. രാജ്യദ്രോഹമടക്കം നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന മുഷറഫ് മാര്‍ച്ചിലാണ് പാകിസ്താന്‍ വിട്ടത്.

‘റഹീഅല്‍ ശരീഫ് എന്നെ സഹായിച്ചു. ഒരുകാലത്ത് ഞാന്‍ അദ്ദേഹത്തിന്റെ മേലധികാരിയായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഞാന്‍ സൈനിക മേധാവിയായിട്ടുണ്ട്. കേസുകള്‍ രാഷ്ട്രീയ പ്രേരിതമായിരുന്നതുകൊണ്ട് അദ്ദേഹം എന്നെ സഹായിച്ചു. വിദേശ യാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ സര്‍ക്കാര്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നു’-ദുനിയ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു. മുഷറഫ് രാജ്യം വിട്ടുപോകാതിരിക്കുന്നതിന് കോടതികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍നിന്ന് പാകിസ്താന്‍ ഭരണകൂടത്തെ തടഞ്ഞത് ജനറല്‍ ശരീഫായിരുന്നു.

പാകിസ്താന്റെ ഭരണകാര്യങ്ങളില്‍ സൈന്യത്തിനുള്ള സ്വാധീനമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. തിരശ്ശീലക്കു പിന്നില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചാണ് പാകിസ്താനിലെ കോടതികള്‍ തീരുമാനമെടുക്കുന്നതെന്നും മുഷറഫ് കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പാക് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ വിദേശ യാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്.

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, ബലൂച് നേതാവ് നവാബ് അക്ബര്‍ ബുഗ്തി, ഖാസി അബ്ദുല്‍ റഷീദ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലും മുഷറഫ് പാകിസ്താനില്‍ വിചാരണ നേരിടുന്നുണ്ട്. നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ട് രാജ്യത്തിനു പുറത്തുപോകാന്‍ ശ്രമിച്ചപ്പോഴൊക്കെ ഭരണകൂടം തടസവാദങ്ങളുമായി കോടതികളെ സമീപിച്ചിരുന്നു.

chandrika: