X

രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടിയെന്ന് ബി.സി.സി.ഐ അംഗങ്ങളോട് ജയ് ഷാ

മുംബൈ: അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ലോക് ക്രിക്കറ്റിലെ തന്നെ സമ്പന്ന ബോര്‍ഡായ ബി.സി.സി.ഐ രംഗത്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷായുടെ മകന്‍ കൂടിയായ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ മുന്നറിയി്പ്പു നല്‍കി.

ബി.സി.സി.ഐയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സാഹചര്യത്തിലാണ് ജയ് ഷാ നിലപാട് കര്‍ശനമാക്കിയത്. ബി.സി.സി.ഐയുടെ മുംബൈയിലെ ആസ്ഥാനത്തും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും ജോലി ചെയ്യുന്ന നൂറോളം ജീവനക്കാര്‍ക്കയച്ച കത്തിലാണ് കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് ജയ് ഷായുടെ ഓഫീസില്‍ നിന്ന് ബി.സി.സി.ഐയുടെ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

ഇനിമുതല്‍ മാധ്യമങ്ങളുമായി സംസാരിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന നടപടിപോലുമുണ്ടാവുമെന്നും സന്ദേശത്തില്‍ പറയുന്നു.

”ബിസിസിഐയിലെ ചില ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പോയി അഭിമുഖം നടത്തുന്നുണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ജീവനക്കാരുടെ കരാറിന് എതിരാണ്, മാത്രമല്ല ഓര്‍ഗനൈസേഷന്റെ നിര്‍ണായക വിവരങ്ങള്‍ ചോരാനുള്ള സാധ്യതയുമുണ്ട്, ”ഷായുടെ ഓഫീസ് ഇമെയില്‍ പറയുന്നു.

ഇനി മുതല്‍ എല്ലാ ജീവനക്കാരും മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് ഭാരവാഹികളുടെ അനുമതി വാങ്ങേണ്ടതുണ്ടെന്ന് മെയില്‍ വ്യക്തമാക്കി.

”മനപൂര്‍വ്വമോ അല്ലാതെയോ ഏതെങ്കിലും നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുകയോ ഓഫീസ് ഭാരവാഹികളുടെ അനുമതിയില്ലാതെ അഭിമുഖം നടത്തുകയോ ചെയ്യുന്ന സാഹചര്യം ഉടനടി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയില്‍ ബിസിസിഐയിലെ നിലവിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥര്‍, മുന്‍കൂര്‍ അനുമതിയില്ലാതെ, ഏതെങ്കിലും മാധ്യമങ്ങളുമായി പ്രതികരിച്ചാല്‍ അവര്‍ക്ക് അച്ചടക്കനടപടി നേരിടേണ്ടിവരും, ശമ്പള കട്ടിങും സസ്‌പെന്‍ഷനും ഉള്‍പ്പെടെ, ”കത്തില്‍ പറയുന്നു.

Test User: