കോഴിക്കോട്: സന്തോഷ് ട്രോഫി നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണമേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് എയിലെയും സര്‍വ്വീസസ്, തമിഴ്‌നാട്, തെലിങ്കാന, ലക്ഷദ്വീപ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെയും ടീമുകള്‍ സൗത്ത്‌സോണ്‍ യോഗ്യതാറൗണ്ടില്‍ പരസ്പരം മാറ്റുരയ്ക്കും. ഒരു ദിവസം രണ്ട് മത്സരം വീതം പന്ത്രണ്ട് മത്സരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക. ഉച്ചയ്ക്ക് രണ്ടരക്കും വൈകീട്ട് നാലരക്കുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സൗത്ത് സോണ്‍ മത്സരത്തില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് അവസാന റൗണ്ട് പോരാട്ടത്തിലേക്ക് യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ട് ടീമുകള്‍ വീതമാണ് ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുക. ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ കേരളം പോണ്ടിച്ചേരിയെ നേരിടും. വൈകീട്ട് നാലരക്ക് നടക്കുന്ന മത്സരത്തില്‍ കര്‍ണാടക ആന്ധ്രപ്രദേശുമായി മാറ്റുരക്കും. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന് പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഗ്രൗണ്ടുകളിലും, ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളജ് ഗ്രൗണ്ടിലുമായാണ് ടീമുകള്‍ക്ക് പരിശീലനമത്സരത്തിന് വേദികളൊരുക്കിയിരിക്കുന്നത്.
30ന് തിരുവനന്തപുരത്ത് സന്തോഷ്‌ട്രോഫിയില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിക്കുമെന്ന് കേരള ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 31ന് കേരള ടീം കോഴിക്കോട്ടെത്തും. തുടര്‍ന്ന് പരിശീലനമത്സരങ്ങള്‍ കളിക്കും. കേരള ടീമിനെ എസ്.ബി.ടിയും യോഗ്യതാമത്സരങ്ങളെ എം. എ പ്ലൈ ഗ്രൂപ്പുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 1960-61 ലാണ് കോഴിക്കോട് ആദ്യമായി സന്തോഷ് ട്രോഫി നടന്നത്. 1975 ല്‍ രണ്ടാം തവണ ദേശീയ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറി. ഇത്തവണ ക്ലസ്റ്റര്‍ മല്‍സരങ്ങളാണ്. പക്ഷേ കേരളീ ടീം ഫൈനല്‍ റൗണ്ടിലെത്തിയാല്‍ അവസാനഘട്ടം മല്‍സരങ്ങള്‍ കോഴിക്കോട്ട് തന്നെയാവും. വാര്‍ത്താസമ്മേളനത്തില്‍ കെ.ഡി.എഫ്.എ സെക്രട്ടറി പി.ഹരിദാസ്, വൈസ് പ്രസിഡന്റ് സി. ഉമ്മര്‍, ട്രഷറര്‍ പി. പ്രിയേഷ്‌കുമാര്‍, ടി. രാജീവ്‌മേനോന്‍, എം എ അബ്ദുല്‍ അസീസ് സംബന്ധിച്ചു.