യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍ ഗോള്‍ മഴയോടെ ആരംഭിച്ചു. മുന്‍ നിര ടീമുകളെല്ലാം വിജയം കണ്ട ദിനത്തില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളാണ് പിറന്നത്. ഗ്രൂപ്പ് എയില്‍ സി.എസ്.കെ മോസ്‌കോ 2-1ന് ബെനഫികയെ തോല്‍പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബാസലിനെ തുരത്തി. ഗ്രൂപ്പ് ബിയില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബെല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലെക്റ്റിനെ തോല്‍പിച്ചപ്പോള്‍ പാരീസ് സെന്റ് ജര്‍മയ്ന്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കെല്‍റ്റിക്കിനെ മുക്കി. ഗ്രൂപ്പ് സിയില്‍ ചെല്‍സി അസര്‍ബൈജാന്‍ ക്ലബ്ബ് ക്വാറാബാഗിനെ അരഡസന്‍ ഗോളുകള്‍ക്കാണ് പഞ്ഞിക്കിട്ടത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റോമയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ബാഴ്‌സ യുവന്റസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചപ്പോള്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് സി.പി ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ 3-2ന് മറികടന്നു.
ബാഴ്‌സയുടെ മധുര പ്രതികാരം
ബാഴ്‌സലോണ: കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തങ്ങള്‍ക്ക് പുറത്തേക്കു വഴികാണിച്ച യുവന്റസിനോട് ബാഴ്‌സ പകരം വീട്ടി. നൗകാമ്പില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ യുവന്റസിനെ പഞ്ഞിക്കിട്ടത്.
രണ്ടു ഗോളടിച്ച് അര്‍ജിന്റീനിയന്‍ സൂപ്പര്‍ താരം മെസി ബാഴ്‌സയ്ക്കു വീണ്ടും വിജയശില്‍പ്പിയായി. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാകിറ്റിച്ചിന്റെ വകയായിരുന്നു ഒരു ഗോള്‍. ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ബുഫണെ കീഴടക്കാനായില്ലെന്ന ചീത്തപ്പേരും മത്സരത്തിലൂടെ മെസ്സി മാറ്റി എഴുതി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ബാഴ്‌സയുടെ ആക്രമണ ഫുട്‌ബോളിന് വെല്ലുവിളി തീര്‍ക്കാന്‍ യുവന്റസിന് ആയില്ല. ബാഴ്‌സയുടെ പുതിയ ആക്രമണ ത്രയമായ മെസ്സി, സുവാരസ്, ഡെംബലെ സഖ്യത്തെ പിടിച്ചു കെട്ടുന്നതില്‍ യുവന്റസിന്റെ പ്രതിരോധം അമ്പേ പരാജയപ്പെട്ടു.
46-ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സ ലീഡ് നേടി. സുവാരസിന്റെ പാസില്‍ നിന്നുമായിരുന്നു ഗോള്‍. പത്ത് മിനിറ്റിന് ശേഷം റാക്കിറ്റിച്ചിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റില്‍ മെസ്സി പോസ്റ്റിന്റെ 20 വാര അകലെ നിന്നും തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ബുഫണെ മറികടന്ന് വലയില്‍ കയറിയതോടെ ബാഴ്‌സ 3-0 എന്ന നിലയില്‍ മുന്നിലെത്തി. കഴിഞ്ഞ സീസണില്‍ ബാഴ്‌സക്കെതിരെ കത്തിക്കയറിയ ഡിബാലക്ക് ഇത്തവണ നേട്ടമുണ്ടാക്കാനായില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഒളിംപിയാക്കോസിനെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയിലായിരുന്നു സ്‌പോര്‍ട്ടിങിന്റെ മൂന്നു ഗോളുകളും 2, 13, 43 മിനിറ്റുകളിലായി ഡൂംബിയ, ഗെല്‍സണ്‍ മാര്‍ട്ടിനസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ സ്‌പോര്‍ട്ടിങിനും വേണ്ടി സ്‌കോര്‍ ചെയ്തു. 89, 92 മിനിറ്റുകളില്‍ പാര്‍ഡോയാണ് ഒളിംപിയാക്കോസിനു വേണ്ടി ഗോള്‍ നേടിയത്.