ലഖ്‌നോ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അതേ സമയം ആര്‍ക്ക് വേണമെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പ് എസ്.പിയില്‍ ലയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ നേരിടാന്‍ വേണ്ടി ബിഹാര്‍ മാതൃകയില്‍ മഹാസഖ്യം ഉത്തര്‍പ്രദേശിലും തുടരുമെന്നുള്ള അഭ്യൂഹങ്ങളെ തള്ളുന്നതായിരുന്നു മുലായത്തിന്റെ പ്രസ്താവന.
രണ്ട് ദിവസം മുന്‍പ് കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ മുലായം സിങുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മഹാസഖ്യം ഉത്തര്‍പ്രദേശിലും ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രശാന്ത് കിഷോര്‍ മുലായത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും കണ്ടിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനൊരു സാധ്യതയുമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും പ്രശാന്ത് കിഷോറിന് ആരുമായും ചര്‍ച്ച നടത്താമെന്നായിരുന്നു മുലായവുമായി പ്രശാന്ത് നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബാറിന്റെ പ്രതികരണം.
മഹാ സഖ്യം രൂപപ്പെടുത്താ ന്‍ സാധ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിന്റെ ഭാഗമായിരുന്നു മുലായവുമായുള്ള സന്ദര്‍ശനം എന്നാണ് പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഉത്തര്‍പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡുമായും അജിത് സിങിന്റെ ലോക്ദളുമായും സഖ്യമുണ്ടാക്കാന്‍ മുലായം ശ്രമിക്കുന്നുണ്ട്.