ലഖ്്‌നോ: 63 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗോരഖ്പൂര്‍ ദുരന്തത്തിന് ആഴ്ചകള്‍ക്കുള്ളില്‍ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ 49 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു.
ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് ഇത്രയും മരണങ്ങളുണ്ടായത്. 30 മരണങ്ങള്‍ നവജാതശിശുക്കളുടെ ഐ.സി.യുവിലും 19 എണ്ണം പ്രസവത്തിനിടെയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും ചീഫ് മെഡിക്കല്‍ സൂപ്രണ്ടിനുമെതിരെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു.
കഴിഞ്ഞമാസം ഗോരഖ്പുര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 300ല്‍ അധികം കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. രാജ്യശ്രദ്ധയാകര്‍ഷിച്ച സംഭവത്തിനു പിന്നാലെ ആസ്പത്രികളില്‍ മുന്‍കരുതല്‍ സ്വീകരിച്ചുവെന്ന യു.പി സര്‍ക്കാര്‍ അവകാശ വാദത്തിനിടെയാണ് വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നവജാതശിശുക്കളുടെ തൂക്കക്കുറവും, ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നേരത്തെ ദുരന്തമുണ്ടായ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 28 വരെ ആശുപത്രിയില്‍ മരിച്ചത് 290 കുട്ടികളാണ്. ഇതില്‍ 77 മരണങ്ങളും മസ്തിഷ്‌ക ജ്വരം ബാധിച്ചാണ്. ജനുവരി മുതല്‍ മാത്രം 1250 കുട്ടികള്‍ ഇവിടെ മരിച്ചിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു.