X

യു.ഡി.എഫ് ശക്തിപ്പെടേണ്ടത് ദേശീയ ആവശ്യം

കെ.എന്‍.എ ഖാദര്‍

യു.ഡി.എഫ് രൂപീകൃതമായതിന് ശേഷം 53 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ടി.വി തോമസ്, കെ. കരുണാകരന്‍, സി.എച്ച് മുഹമ്മദ് കോയ, ബേബി ജോണ്‍ തുടങ്ങിയ മഹാന്‍മാരായ നേതാക്കളാണ് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപകര്‍. 1967 ലെ ഇടതുപക്ഷ മുന്നണിയുടെ മന്ത്രിസഭയില്‍ മുസ്‌ലിംലീഗും, ആര്‍.എസ്.പിയുമൊക്കെ ഉണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന ഭരണം രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ ജനങ്ങള്‍ക്കും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഘടക കക്ഷികള്‍ക്കും മടുത്തു. പാര്‍ലമെന്റില്‍ അംഗമായിരുന്ന സി. അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്നും തിരിച്ചുവിളിച്ചു കൊണ്ട്‌വന്ന് കേരളത്തില്‍ മുഖ്യമന്ത്രിയാക്കി. 1969 നവംബറിലാണ് സി.പി.എം ഇല്ലാത്ത ഭരണം കേരളത്തില്‍ ആരംഭിച്ചത്. ആ മന്ത്രിസഭയെ അട്ടിമറിക്കാന്‍ അധ്യാപക സമരം, എന്‍.ജി.ഒ സമരം, മിച്ചഭൂമി സമരം തുടങ്ങിയ സുദീര്‍ഘമായ സമരങ്ങളും കുപ്രചാരണങ്ങളും നടത്തിയ സി.പി.എമ്മിനെ മുട്ടുകുത്തിച്ചുകൊണ്ടാണ് ആ ഭരണം മുന്നോട്ട് പോയത്. പൊതുമുതല്‍ നശിപ്പിച്ചും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു തീവെച്ചും യാത്രക്കാരുണ്ടായിരിക്കെ കെ.എസ്.ആര്‍.ടി.സി ബസ്സിന് തീവെച്ചും തങ്ങളുടെ ആവനാഴിയിലെ എല്ലാ അടവുകളും പയറ്റി പൊളിഞ്ഞുപോയ സി.പി.എമ്മിനെ മൂലക്കിരുത്തിയ ഭരണമായിരുന്നു മുന്നണി ഭരണം. ഒരു ലക്ഷം ഭവന നിര്‍മാണ പദ്ധതിയും ഭൂപരിക്ഷ്‌കരണ നിയമവും ഗ്രാറ്റിവിറ്റിയും വിദ്യാഭ്യാസ പരിഷ്‌കരണവും ഉള്‍പ്പെടെ നടപ്പിലാക്കി അന്നാണ് കേരളം ഇന്ത്യക്കു വഴി കാട്ടിയത്. മുപ്പത്തഞ്ചു ലക്ഷം കുടികിടപ്പുകാര്‍ക്ക് സ്വന്തം ഭൂമിയില്‍ പട്ടയം കൊടുത്തും ജന്മിത്വം അവസാനിപ്പിച്ചും ആ സര്‍ക്കാര്‍ മാതൃക കാണിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതെ എങ്ങിനെ ഭരിക്കാമെന്ന് അങ്ങിനെ യു.ഡി.എഫ് തെളിയിച്ചു. പലതവണ അധികാരത്തിലേറാന്‍ അതിനു കഴിഞ്ഞു. എണ്ണമറ്റ പരിഷ്‌കരണങ്ങള്‍ പിന്നീടു വന്ന സര്‍ക്കാറുകളും നടപ്പിലാക്കി. 1969 ല്‍ വന്ന ഐക്യമുന്നണി സര്‍ക്കാര്‍ പിന്നീടു നടന്ന തിരഞ്ഞെടുപ്പിലും ജയിച്ചു. സുദീര്‍ഘ കാലം കേരളം ഭരിച്ചു. കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ച മന്ത്രിസഭകള്‍ കേരളത്തിന്റെ മുഖഛായ മാറ്റി. ഒന്നാം തരം റോഡുകളും എണ്ണമറ്റ പാലങ്ങളും മെഡിക്കല്‍ കോളജുകളും സര്‍വകലാശാലകളും ഐ.ടി വ്യവസായങ്ങളും കേരളത്തെ വളര്‍ത്തി.

1978 ല്‍ സി.പി.ഐ മുഖ്യമന്ത്രിയായിരുന്ന പി.കെ.വി രാജിവെച്ചു. സി.പി.എമ്മിനെ വീണ്ടും അധികാരത്തിലെത്തിച്ചു. അടിയന്തിരാവസ്ഥയെ പിന്തുണച്ചിരുന്ന സി.പി.ഐ ആ കുറ്റബോധം തീര്‍ന്നതും അപ്രകാരമായിരുന്നു. അതിനുശേഷം ഒരിഞ്ചു മുന്നേറാനേ ശക്തിപ്പെടുവാനോ അവര്‍ക്കു സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്സ് മുന്നണിയില്‍ ഘടകകക്ഷികള്‍ക്കു ലഭിക്കുന്ന അന്തസ്സ് ഒരിക്കലും സി.പി.എം മുന്നണിയില്‍ ലഭ്യമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഇന്നും വേണ്ടത്ര പീഢനങ്ങളും അവഗണനയും അവര്‍ സഹിക്കുന്നുണ്ടാവണം. ഐക്യജനാധിപത്യ മുന്നണി ഒരു കേരള മാത്ര വിഷയമല്ല. ദേശീയ തലത്തിലുള്ള മതേതര ജനാധിപത്യ മുന്നേറ്റത്തിന്റെ പതാക വാഹകര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. ഫാഷിസവും ഏകാധിപത്യവും കൊടുകുത്തിവാഴുന്ന ഇന്ത്യയില്‍ ജനാധിപത്യം പുന:സ്ഥാപിക്കാനും ബഹുസ്വരത നിലനിര്‍ത്താനും മുന്നില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസ്സ് തന്നെയാണ്. ഫാസിസ്റ്റുകള്‍ക്ക് ഒരുപക്ഷേ ഏറ്റവും ശത്രുത നെഹ്‌റുവിനോടായിരുന്നു. മതേതര ഇന്ത്യയുടെ നിലനില്‍ക്കുന്ന അവശിഷ്ടങ്ങള്‍ക്കുപോലും രാജ്യം കടപ്പെട്ടിരിക്കുന്നത് നെഹ്‌റുവിനോടും ഗാന്ധിയോടുമാണ്.

പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടിവന്നെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ആരെങ്കിലുമുള്ള ഏക ദേശീയ കക്ഷി കോണ്‍ഗ്രസ്സ് തന്നെയാണ്. മോദി സര്‍ക്കാറിനെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുന്നതില്‍ സി.പി.എം, തൃണമൂല്‍, ടി.ആര്‍.എസ്, എസ്.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ക്കും പങ്കുവഹിക്കാനുണ്ടെങ്കിലും മുഖ്യധാരയില്‍ അതിന്റെ മുന്നണിപ്പോരാളികള്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. മുസ്‌ലിംലീഗ് പാര്‍ട്ടി അതുകൊണ്ടാണ് ചില സുപ്രധാന നയങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നത്. സംസ്ഥാന ഭരണത്തേക്കാള്‍ എത്രയോ പ്രധാനമാണ് രാഷ്ട്രം. വംശീയ ഉന്‍മൂലനത്തിലേക്കു നടന്നുനീങ്ങുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും വിസ്മരിച്ചു പ്രവര്‍ത്തിക്കാന്‍ മുസ്‌ലിംലീഗിനു സാധ്യമല്ല. ദേശീയ സഖ്യത്തില്‍ സി.പി.എമ്മിനും പങ്കാളിയാകാമെങ്കിലും അതിന്റെ മുഖ്യധാരാ നേതൃത്വം വഹിക്കാന്‍ ആ പാര്‍ട്ടിക്കാവുകയില്ല. ഇന്നത്തെ ഇന്ത്യയില്‍ അതിനുതക്ക വളര്‍ച്ചയോ പ്രാപ്തിയോ ജനപിന്തുണയോ അടുത്ത കാലത്തൊന്നും ആര്‍ജ്ജിക്കാന്‍ അവര്‍ക്കു കഴിയില്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിങും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതൃത്വം മുസ്‌ലിം ലീഗിനോട് എന്നും സൗഹാര്‍ദ്ദത്തിലും ഐക്യത്തിലുമായിരുന്നു. ഇപ്പോള്‍ സോണിയാജിയും രാഹുല്‍ ഗാന്ധിയും മുസ്‌ലിം ലീഗടക്കമുള്ള കക്ഷികളെ സഹകരിപ്പിച്ചുകൊണ്ടാണ് മുന്നോട്ട്‌പോവുന്നത്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം അതിന്റെ യു.ഡി.എഫ് ബന്ധം ഉയര്‍ത്തിപ്പിടിക്കുന്നതും. ഫാസിസ്റ്റ് വിരുദ്ധ നയങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അസ്തിത്വം ഉറപ്പുവരുത്തലും പോലുള്ള പരമപ്രധാനമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ മുസ്‌ലിംലീഗ് പരിശ്രമിക്കുന്നത്.

ഇടതുമുന്നണി സര്‍ക്കാര്‍ ഗതികെട്ട നിലയിലാണ് ഇന്നുള്ളത്. ഒരിക്കല്‍ കൂടി അധികാരത്തിലെത്താനുള്ള ശേഷിയും തങ്ങള്‍ക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. യു.ഡി.എഫില്‍ ഭിന്നത സൃഷ്ടിക്കാനും തെറ്റായ പ്രചാരണങ്ങള്‍ നടത്തി യു.ഡി.എഫ് അണികളെ വഴിതെറ്റിക്കാനും അവര്‍ ശ്രമിച്ചുതുടങ്ങിയതിന്റെ കാരണം വേറൊന്നുമല്ല. ഗവര്‍ണ്ണറുമായുള്ള തര്‍ക്കങ്ങളില്‍ പൊതുവിഷയമാകയാലാണ് യു.ഡി.എഫ് ക്രിയാത്മകമായ നിലപാടു സ്വീകരിച്ചിട്ടുള്ളത്. ഗവര്‍ണ്ണറുടെ ചില നടപടികളെ എതിര്‍ക്കുകയെന്നാല്‍ സി.പി.എമ്മിനെ അനുകൂലിക്കുകയാണെന്ന ധാരണ ആര്‍ക്കും വേണ്ട. ഈ യുദ്ധം എങ്ങിനെ അവസാനിക്കുമെന്ന് കണ്ടറിയണം. അര നൂറ്റാണ്ടിലേറെയായി വിജയകരമായി തുടരുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യം കാത്തു രക്ഷിക്കാന്‍ മുമ്പ് എന്നെത്തേതുമെന്നപോലെ മുസ്‌ലിംലീഗും പ്രതിജ്ഞാബദ്ധമാണ്.

Test User: