X
    Categories: Views

യു.എ.പി.എക്ക് മതമുണ്ടോ സഖാവേ… ഇരട്ടച്ചങ്കന് കൈവിറച്ചോ എന്ന് സോഷ്യല്‍മീഡിയ

വര്‍ഗീയ പ്രസംഗങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്ന പിണറായി പൊലീസിന് ഹിന്ദുത്വ വര്‍ഗീയ പ്രചാരകര്‍ക്കെതിരെ കൈവിറക്കുന്നുവെന്ന് ആക്ഷേപം.

വര്‍ഗീയതക്കെതിരെ വോട്ടു തേടി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഒരു വിഭാഗത്തിനെതിരെ മാത്രം കണ്ണടച്ച് നടപടിയെടുക്കുമ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ വിരലനക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നുത്.  സംഘ്പരിവാര്‍ നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, കെ.പി ശശികല, എന്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നിരന്തരം വര്‍ഗീയ പ്രസംഗങ്ങള്‍ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനക്കങ്ങളൊന്നുമില്ല.

മറ്റുവിഭാഗക്കാരോട് ചിരിക്കാന്‍ പോലും പാടില്ലെന്ന ശംസുദ്ധീന്‍ ഫരീദിന്റെ വിഡിയോ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടി വന്നത്. അഡ്വ. ഷുക്കൂര്‍ യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നല്‍കിയ പരാതിയിലാണ് കൊടും കുറ്റവാളികള്‍ക്കു ചുമത്തുന്ന യു.എ.പി.എ ചുമത്തിയത്.

എന്നാല്‍, ഒരാഴ്ച പിന്നിടും മുമ്പ് വിശ്വഹിന്ദു പരിശഷത് നേതാവ് കെ.പി ശശികലക്കെതിരെയും അഡ്വ. ഷുക്കൂര്‍ മൂന്നു വിഡിയോകള്‍ സഹിതം സമാന പരാതിയുന്നയിച്ചെങ്കിലും രണ്ടാഴ്ചയോളമായിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. മലപ്പുറത്തെ മുസ്ലിംകളെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഗോപാലകൃഷ്ണനെതിരെയും ശക്തമായ നടപടികളെടുക്കുന്നതില്‍ നിന്ന് സിപിഎം സര്‍ക്കാര്‍ പിന്നോട്ടുപോയി. വര്‍ഗീയ പ്രസംഗത്തിന് കേരളത്തില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പ്രവീണ്‍ തൊഗാഡിയ ഇപ്പോഴും കേരളത്തില്‍ വന്ന് നിരവധി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിപ്പോകുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഫ് ഫെസ്റ്റ് നടത്തിയും ഫാസിസത്തിന് വാതോരാതെ നേതാക്കള്‍ സംസാരിച്ചതും മുസ്ലിം വോട്ടുകള്‍ തട്ടുന്നതിന് മാത്രമായിരുന്നോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. സംഘ്പരിവാറിന്റെ ന്യൂനപക്ഷ പ്രീണനമെന്ന സ്ഥിരം ആക്ഷേപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയാണോ ഇതിനു പിന്നിലെന്നും സംശയിക്കണം. നടപടികളെടുക്കാതെ സംഘ്പരിവാര്‍ നേതാക്കളെ കയറൂരി വിട്ട് മുസ്ലിംകളെ എപ്പോഴും ഭയപ്പെടുത്തി വോട്ടു പിടിക്കാനുള്ള ശ്രമമാണോയെന്നും കെ.എം ഷാജിയടക്കം പ്രതിപക്ഷ എം.എല്‍.എമാര്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഏതായാലും പന്തിപ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായിയുടെ കൈകളില്‍ തന്നെയാണ്. ശംസുദ്ധീന്‍ പാലത്തിനെതിരെയും ശശികലക്കെതിരെയും സമാന വ്യക്തിയില്‍ നിന്ന് സമാന പരാതി ലഭിച്ചിട്ട് എന്ത് നടപടിയെടുക്കുന്നു എന്ന് അറിയാന്‍ മതേതര കേരളത്തിന് ആകാംക്ഷയുണ്ട്.

Web Desk: