തിരുവനന്തപുരം: യു.എ.പി.എ ചുമത്തലും അറസ്റ്റും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതോടെ ഇവ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉറപ്പുവരുത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചത്.
യു.എ.പി.എ, രാജ്യദ്രോഹകുറ്റം, എന്‍.ഐ.എ ആക്ട് പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ എഫ്.ഐ.ആര്‍ തയാറാക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നും ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം വകുപ്പുകള്‍ ചുമത്താവൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.
യു.എ.പി.എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിക്കുന്നതില്‍ ഡിവൈഎസ്.പി/എസ.്പി തല ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിന് റേയ്ഞ്ച് ഐ.ജിമാര്‍ നടപടി എടുക്കണം. ഇതിനായി സംസ്ഥാനതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത ചില കേസുകള്‍ പരിശോധിച്ചപ്പോള്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണു മാര്‍ഗനിര്‍ദേശങ്ങളെന്ന് ഡി.ജി.പി വ്യക്തമാക്കി.
ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ നടപടി ക്രമങ്ങളും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചിരിക്കണം. ഉയര്‍ന്ന ഉദ്യേഗസ്ഥരുടെ ശരിയായ മേല്‍നോട്ടവും ഉണ്ടാകണം. സി.ഐ, ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ഉദ്യോഗസ്ഥര്‍ക്കും അന്വേഷണ ചുമതലയുള്ള കേസുകളില്‍ അവരുമായി ആലോചിച്ച ശേഷം മാത്ര മേ എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കാവൂ. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്യണമെന്നും സര്‍ക്കുലര്‍ പറയുന്നു.